Pravasimalayaly

റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തു നിന്ന് സിദാന്‍ രാജിവച്ചു

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ റയല്‍മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തു നിന്ന് സിനദിന്‍ സിദാന്‍ രാജിവച്ചു. തുടര്‍ച്ചയായ മൂന്നാം ച്യാംപ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതിനു പിന്നാലെയാണ് സിദാന്റെ രാജി. ലീഗില്‍ തോല്‍ക്കുകയാണെങ്കില്‍ രാജിവയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, വിജയത്തിനു പിന്നാലെ രാജിവച്ചത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ടീമിന് ഇനിയും വിജയം ആവശ്യമാണെന്നും താന്‍ തന്നെ തുടര്‍ന്നാണ് അതു സാധ്യമാവില്ലെന്നും അറിയിച്ചാണ് സിദാന്റെ രാജിപ്രഖ്യാപനം. എല്ലാം മാറികൊണ്ടിരിക്കുകയാണ്. അതാണ് താന്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം. റയല്‍ വിജയപരമ്പര തുടരുക തന്നെ വേണം. എന്നാല്‍ വ്യത്യസ്തമായ ഒരു ശൈലിയിലൂടെയാണ് ഇനി ടീം മുന്നേറേണ്ടത്. അതുകൊണ്ടാണ് രാജിയെന്നും സിദാന്‍ പറഞ്ഞു.

2016 ജനുവരിയില്‍ റയല്‍ പരിശീലകസ്ഥാനം ഏറ്റെടുത്ത സിദാന്‍ റയലിന് ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം സമ്മാനിക്കുകയും സ്പാനിഷ് ലാ ലിഗയില്‍ ഒരു തവണ വിജയികളാക്കുകയും ചെയ്തു. റാഫേല്‍ ബെനൈറ്റസിനെ റയല്‍ പുറത്താക്കിയതിന് പിന്നാലെയാണ് സിദാന്‍ റയല്‍ പരിശീലകനായത്.

സിദാന് കീഴില്‍ 149 മത്സരങ്ങളില്‍ 104 വിജയവും 29 സമനിലകളുമാണ് റയല്‍ നേടിയത്. 69.8 വിജയ ശതമാനമുള്ള സിദാന്‍ ഒമ്പത് ട്രോഫികളാണ് റയലിലെത്തിച്ചത്.

Exit mobile version