Pravasimalayaly

റിലേയിൽ കസറി ഇന്ത്യ: മലയാളി കരുത്തിൽ പുരുഷ ടീമിന് സ്വർ‌ണം, വനിതകൾക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് റിലേയിൽ ഇന്ത്യൻ കുതിപ്പ്. പുരുഷ റിലേയിൽ സ്വർണവും വനിതാ റിലേയിൽ വെള്ളിയും ഇന്ത്യന്‌‍ ടീം നേടി.  പുരുഷൻമാരുടെ 4–400 മീറ്റർ റിലേയിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, തമിഴ്നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം നേടിയത്. 3:01.58 സമയത്തിൽ ഓടിയെത്തി ദേശീയ റെക്കോർ‍ഡോടെയാണ് സ്വർണ നേട്ടം. 

വനിതകളുടെ 4–400 മീറ്റർ റിലേയിൽ വിദ്യ, ഐശ്വര്യ, പ്രാചി, ശുഭ എന്നിവര്‍ വെള്ളി നേടി. പുരുഷൻമാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം അവിനാഷ് സാബ്‍ലെയ്ക്കു വെള്ളി മെ‍ഡലുണ്ട്. ബഹ്‍റെയ്ൻ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വർണവും വെങ്കലവും. നേരത്തേ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സ്വർണം നേടിയിരുന്നു.

ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യ നേടി. നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ മറ്റൊരു താരമായ കിഷോര്‍ കുമാര്‍ ജെന വെള്ളി നേടി. നീരജോ കിഷോറോ എന്ന രീതിയിൽ മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ നീരജ് ചോപ്ര സുവർണ ജേതാവായി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 81ല്‍ എത്തി. 

Exit mobile version