തൊടുപുഴ: പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍
സര്‍വീസ് നടത്തുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസ് ഇന്നും തടഞ്ഞു. യാത്രയ്ക്കിടെ, തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത് വച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് ബസ് തടഞ്ഞ് പരിശോധന നടത്തിയത്. റോബിന്‍ ബസിന് പിന്തുണയുമായി എത്തിയ നാട്ടുകാര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു.
കഴിഞ്ഞദിവസം ആദ്യമായി സര്‍വീസ് ആരംഭിച്ച റോബിന്‍ ബസിന് മോട്ടോര്‍ വാഹന നിയമ ലംഘനത്തിന്റെ പേരില്‍ കേരളത്തിലും തമിഴ്‌നാട്ടിലും പിഴയിട്ടിരുന്നു. ഏകദേശം ഒരു ലക്ഷത്തിലധികം രൂപയാണ് പിഴയിട്ടത്.വിവിധ ഭാഗങ്ങളില്‍ തടഞ്ഞാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. ഇന്ന് യാത്രക്കാരുടെ ലിസ്റ്റിന്റെ മൂന്ന് കോപ്പി വേണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറഞ്ഞതായി ബസ് ജീവനക്കാര്‍ പറയുന്നു. മോട്ടോര്‍ വാഹന നിയമത്തില്‍ എവിടെയും ഇങ്ങനെ പറയുന്നില്ല. ഇനി ഇതിന്റെ പേരിലായിരിക്കും അവര്‍ പിഴ ചുമത്തുക. ഓരോ ന്യായങ്ങള്‍ കണ്ടെത്തുകയാണ്. ബസ് യാത്ര വൈകിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. അത്തരത്തില്‍ വൈകിപ്പിച്ച് ബസില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ബസ് സര്‍വീസിനെതിരെ എതിര്‍പ്പ് സൃഷ്ടിക്കുകയാണ്് അവരുടെ ലക്ഷ്യമെന്നും ബസ് ജീവനക്കാര്‍ ആരോപിക്കുന്നു.ഗുണ്ടകളെ പോലെയാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. കെഎസ്ആര്‍ടിസി ബസിനെ സഹായിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന് പെര്‍മിറ്റ് ഇല്ല. ജില്ലയ്ക്കകത്ത് ഓടാന്‍ മാത്രമാണ് പെര്‍മിറ്റ് ഉള്ളത്. അര്‍ബന്‍ റൂട്ടില്‍ ഓടാന്‍ പെര്‍മിറ്റ് ഉള്ള ബസാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നതെന്നും ബസ് ജീവനക്കാര്‍ ആരോപിച്ചു. അതിനിടെ റോബിന്‍ ബസുമായി മത്സരിക്കാനുറച്ച് അതേ റൂട്ടില്‍ തന്നെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസ് യാത്ര പുറപ്പെട്ടത്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ 4.30നാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചത്.