Tuesday, November 26, 2024
HomeNewsKeralaറോബിൻ ബസ് വീണ്ടും ഓടിത്തുടങ്ങി; പിന്നാലെ മോട്ടോർ വാഹന വകുപ്പും, 7500 രൂപ പിഴയിട്ടു

റോബിൻ ബസ് വീണ്ടും ഓടിത്തുടങ്ങി; പിന്നാലെ മോട്ടോർ വാഹന വകുപ്പും, 7500 രൂപ പിഴയിട്ടു

പത്തനംതിട്ട: സർവീസ് പുനഃരാരംഭിച്ചതിന് പിന്നാലെ റോബിൻ ബസ്സിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് കൊയമ്പത്തൂരിലേക്ക് അഞ്ച് മണിക്കാണ് ബസ് സർവീസ് തുടങ്ങിയത്. 100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി. 

ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയാണ്. പരിശോധനയെ തുടർന്ന് ബ‌സ് അര മണിക്കൂർ വൈകി. ഇനിയും പരിശോധനയുണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഉദ്യോ​ഗസ്ഥർ വാഹനം തടഞ്ഞത് മനഃപൂർവമാണെന്ന് ബസ് ഉടമ ​ഗിരീഷ് പ്രതികരിച്ചു. കോടതി ഉത്തരവ് അവർ പ്രതീക്ഷിച്ചില്ലെന്നും അതിന്റെ ജാള്യത മറക്കാനാണ് ശ്രമം എന്നുമാണ് അദ്ദേഹം പറഞ്ഞു.

എംവിഡിയുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചാണ് ബസ് സർവീസ് ആരംഭിച്ചത്. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടിയതിന് മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് വീണ്ടും നിരത്തിലിറങ്ങിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു. പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും. 
 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments