ന്യൂഡല്‍ഹി: ലക്ഷ്യദ്വീപ് എംപി മുഹമ്മദ് ഫൈസലന്റെ അയോഗ്യത പിന്‍വലിച്ചു. അയോഗ്യത പിന്‍വലിക്കാത്തതിന് എതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടായിരിക്കുന്നത്. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി പരിഗണിക്കുന്നത്.
എന്‍സിപി നേതാവായ മുഹമ്മദ് ഫൈസല്‍ വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ, പാര്‍ലമെന്റ് അംഗത്വം പുനസ്ഥാപിക്കുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതി സമീപിക്കുകയായിരുന്നു.
വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെയും മറ്റു മൂന്നുപേരെയും 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോക്സഭ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം റദ്ദാക്കി. ഇതിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിയും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അയോഗ്യതാ വിജ്ഞാപനം ലോക്സഭാ സെക്രട്ടേറിയറ്റ് പിന്‍വലിച്ചിട്ടില്ലെന്ന് മുഹമ്മദ് ഫൈസല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.