കൊച്ചി:എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പ്രേക്ഷകരുടെ മുന്നിലെത്തി.34 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലേക്ക് തിരിച്ചു വരികയാണ് നദിയാ മൊയ്തു. നീരാളി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സണ്ണി എന്ന കഥാപാത്രത്തിന്റെ ഭാര്യ മോളിക്കുട്ടിയായാണ് നദിയ വീണ്ടും എത്തുന്നത്
അടിസ്ഥാന മനുഷ്യവികാരങ്ങളെ കഥാപാത്രം തന്നെയാക്കി മാറ്റി അതിന്റെ അടിസ്ഥാനത്തില്‍ എടുത്ത സിനിമകള്‍ മലയാളത്തിലോ മറ്റ് ഇന്ത്യന്‍ ഭാഷകളിലോ അധികം കണ്ടിട്ടില്ല. ഒരുപക്ഷേ ഇല്ലെന്നു തന്നെ പറയാം. എന്നാല്‍, വിദേശചിത്രങ്ങള്‍ ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ക്ക് പലവട്ടം മുതിര്‍ന്ന് വന്‍ വിജയമായിട്ടുണ്ട്. ആ തരത്തില്‍ ഒരു ഗംഭീര പരീക്ഷണം തന്നെയാണ് നീരാളി മുന്നോട്ടു വെയ്ക്കുന്നത്.
നീരാളി എന്ന ചിത്രം മുന്നോട്ടു വെയ്ക്കുന്ന ചലച്ചിത്രഭാഷ വളരെ വ്യത്യസ്തമാണ്. പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്, മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്, അസ്വസ്ഥനാക്കുന്നുണ്ട്. ഭയത്തിന്റെ നീരാളിക്കൈകള്‍ അവനുമേലും പിടി മുറുക്കുന്നുണ്ട്. അവനും പ്രാര്‍ഥിക്കാന്‍ തുടങ്ങുന്നുണ്ട്. അതുതന്നെയാണ് സിനിമയുടെ, നടന്റെ, സംവിധായകന്റെ എഡിറ്ററുടെ വിജയം. ഭയത്തിന്റെ അപാരതകള്‍ ദൃശ്യവല്‍ക്കരിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത പ്രമുഖ ബോളിവുഡ് സിനിമാട്ടോഗ്രാഫറും മലയാളിയുമായ സന്തോഷ് തുണ്ടിയിലിന്റെ ക്യാമറയുടെ കണ്ടെത്തലുകള്‍ ഈ ചിത്രത്തിന്റെ വഴി നിശ്ചയിക്കുന്നുവെന്നു പറയാതെ വയ്യ.
സുരാജ് വെഞ്ഞാറമ്മൂടും പാര്‍വതിയും നദിയാ മൊയ്തുവും തങ്ങളുടെ ചെറുതെങ്കിലും പ്രധാനമേറിയ റോളുകള്‍ ഗംഭീരമാക്കിയിട്ടുണ്ട്.
നീരാളിയില്‍ സ്പേസ് തീരെ ചെറിയൊരിടത്തിലേക്ക് ഒതുങ്ങുന്നു. അതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയും. ആ വെല്ലുവിളിയുടെ കൂടി അതിജീവനമാണ് ഈ സിനിമ. അതുകൊണ്ടു തന്നെയാണ് അത് അങ്ങേയറ്റം വ്യത്യസ്തമാകുന്നതും.മൂന്ന് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും നദിയ മൊയ്തുവും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും മറ്റൊരു സൂപ്പര്‍ഹിറ്റ് തന്നെ.