കൊച്ചി:മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് 30-ാം വിവാഹ വാര്‍ഷികം മറക്കാതെ ആരാധകര്‍. പതിവുപോലെ ലാലിന് ആശംസകള്‍ നേരാന്‍ ആരാധകര്‍ മറന്നില്ല. ഫെയ്സ്ബുക്കില്‍ മോഹന്‍ലാല്‍ വിവാഹ വാര്‍ഷികം സംബന്ധിച്ച് ഒന്നും തന്നെ ഷെയര്‍ ചെയ്തില്ലെങ്കിലും ലാലേട്ടന്റെ പഴയ കല്ല്യാണ വീഡിയോ, ഫോട്ടോസ് ഷെയര്‍ ചെയ്ത് ഫാന്‍സ് ആശംസകള്‍ അറിയിച്ചു.
1988 ഏപ്രില്‍ 28നായിരുന്നു ഇരുവരുടെയും വിവാഹം നടത്തത്. ജാതകപൊരുത്തമില്ലാത്തതിന്റെ പേരില്‍ കല്ല്യാണം വേണ്ടെന്ന് വെച്ചു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് സുചിത്രയെ തന്നെ മോഹന്‍ലാല്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹകഥ ഒരു അഭിമുഖത്തിനിടയിലാണ് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്.
വിവാഹത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്:
‘1988ലാണ് എന്റെ വിവാഹം നടക്കുന്നത്. വിവാഹം നടന്നതിന് രണ്ടുവര്‍ഷം മുമ്പെ സുചി (എന്റെ ഭാര്യ സുചിത്രയെ ഞാന്‍ അങ്ങനെയാണ് വിളിക്കുന്നത്)യുമായുളള ആലോചന വന്നിരുന്നു. ചെന്നൈയിലായിരുന്നു അവര്‍ താമസിച്ചിരുന്നതെങ്കിലും കോഴിക്കോട് നഗരവുമായി ആ കുടുംബം ആഴത്തില്‍ ബന്ധപ്പെട്ട് കിടന്നിരുന്നു. സുചിയുടെ മുത്തച്ഛന്‍, അമ്മായിമാര്‍ എന്നിവരെല്ലാം കോഴിക്കോടായിരുന്നു. ഇപ്പോഴും അവര്‍ അവിടെയുണ്ട്.
അന്ന് ആദ്യം ആ വിവാഹാലോചന വന്നപ്പോള്‍ അത് മുടങ്ങുകയാണുണ്ടായത്. ജാതകത്തില്‍ പൊരുത്തമില്ല എന്നതായിരുന്നു കാരണം. അങ്ങനെ വിവാഹം വേണ്ടെന്ന് വച്ചു. ഞാന്‍ സിനിമകളുടെ തിരക്കിലേക്കും സുചി ചെന്നൈയിലെ ജീവിതത്തിലേക്കും മടങ്ങി. പതുക്കെപ്പതുക്കെ അങ്ങനെയൊരു ആലോചന ഉണ്ടായ കാര്യം തന്നെ മറന്നു. തെളിഞ്ഞുനിന്ന ഒരു ഫോട്ടോ കാലപ്പഴക്കത്താല്‍ മാഞ്ഞു വരുന്നത് പോലെ ഒരുപക്ഷേ സംഭവിക്കുമായിരുന്ന ആ ബന്ധവും മാഞ്ഞു തുടങ്ങി. അന്നും ഇന്നും കോഴിക്കോട് എന്റെ താമസം ബേബി മറൈനിന്റെ ഉടമയും എനിക്ക് മൂത്ത സഹോദരനെപ്പോലെ പ്രിയപ്പെട്ട വ്യക്തിയുമായ കെ.സി ബാബുവിന്റെ വീട്ടിലാണ്. ബാബുച്ചായന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത്. കുറച്ചുകാലത്തിനുശേഷം ഷൂട്ടിങ്ങിനായി ഞാന്‍ വീണ്ടും ബാബുച്ചായന്റെ വീട്ടിലെത്തി.
അവിടുത്തെ താമസത്തിനിടയിലാണ് വീണ്ടും വിവാഹക്കാര്യം മുന്നിലേക്ക് വരുന്നത്. ബാലാജിയുടെ മകള്‍ സുചിത്ര തന്നെയായിരുന്നു ആലോചനയില്‍ വന്ന പേര്. രണ്ടുവര്‍ഷം മുമ്പ് ഞങ്ങളുടെ ജാതകം ചേരില്ല എന്നുപറഞ്ഞത് തെറ്റായി ആരോ കുറിച്ചത് കൊണ്ടാണ് എന്ന് അവിടെ വെച്ചാണ് ഞാനറിയുന്നത്. അപ്പോഴേക്കും രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു എന്നോര്‍ക്കുക. ഞങ്ങള്‍ അന്വേഷിച്ചപ്പോഴാണറിഞ്ഞത് ജാതകം ചേരില്ല എന്നറിഞ്ഞിട്ടും പോയ രണ്ടുവര്‍ഷവും സുചി എന്നെ നിശബ്ദം കാത്തിരിക്കുകയായിരുന്നു എന്ന്. കോഴിക്കോട്ട് ബാബുച്ചായന്റെയും ഭാര്യ നാന്‍സി ചേച്ചിയുടെയും ഒപ്പമിരുന്നാണ് ഞാന്‍ ആ സത്യം അറിഞ്ഞത്. അതുകേട്ടപ്പോള്‍ എനിക്കുണ്ടായ വികാരവിചാരങ്ങള്‍ എഴുതി ഫലിപ്പിക്കാനാവില്ല. ഒരു പക്ഷേ ഇത് വായിക്കുന്നവര്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
സുചിയുമായുളള വിവാഹാലോചനകള്‍ വീണ്ടും സജീവമായി. ബാബുച്ചായനും നാന്‍സി ചേച്ചിയും എല്ലാത്തിനും മുന്നില്‍ നിന്നു. വിവാഹം നിശ്ചയിച്ചു. ഒരുനാള്‍ ഞങ്ങള്‍ വിവാഹിതരായി.’