Pravasimalayaly

ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; മക്കള്‍ക്ക് പത്തു ലക്ഷം രൂപ വീതം

തിരുവനന്തപുരം: നിപാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിച്ച് അസുഖ ബാധിതയായി മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രണ്ടു മക്കള്‍ക്കും പത്തു ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്.

നഴസ് ലിനിയുടെ മക്കള്‍ക്ക് അനുവദിക്കുന്ന തുകയില്‍ അഞ്ചുലക്ഷം രൂപ വീതം ഓരോ കുട്ടിയുടേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ തുകയും പലിശയും കുട്ടികള്‍ക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക. ബാക്കിയുളള തുകയില്‍ അഞ്ചുലക്ഷം രൂപ വീതം കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് പലിശ രക്ഷാകര്‍ത്താവിന് പിന്‍വലിക്കാവുന്ന വിധത്തില്‍ നിക്ഷേപിക്കും.

നിപാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്നും നിപാ ബാധിച്ചവരുടെ ചികില്‍സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.

നിലവിലെ സ്ഥിതി വിലയിരുത്താനും കൂടുതല്‍ നടപടികള്‍ ആലോചിക്കാനും മറ്റന്നാള്‍ സര്‍വകക്ഷിയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. സ്വയം ജീവന്‍ ബലിയര്‍പ്പിച്ച് രോഗികളെ ശുശ്രൂശിച്ച കുടുംബത്തിന്റെ അത്താണിയാണ് ലിനിയുടെ മരണത്തോടെ ഇല്ലാതായത്. അമ്മയും അയല്‍വാസിയും ഇപ്പോഴും രോഗബാധയേറ്റ് ആശുപത്രിയിലാണ്. താലൂക്കാശുപത്രയില്‍ ദിവസ വേതന അടിസ്ഥാനത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. അതിനാല്‍ ചട്ടപ്രകാരം ആശ്രിത നിയമനത്തിന് വകുപ്പുകളില്ല. ഇതേതുടര്‍ന്നാണ് പ്രത്യേക പരിഗണന നല്‍കി ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

Exit mobile version