Pravasimalayaly

ലൈഫ് ഗുണഭോക്താക്കള്‍ക്ക് 375 കോടി രൂപ അനുവദിച്ചു

ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വീട് നിര്‍മാണം ആരംഭിച്ച ഗുണഭോക്താക്കള്‍ക്കായി ഹഡ്കോയില്‍ നിന്നും 375 കോടി രൂപ കൂടി അനുവദിച്ചതായി തദ്ദേശസ്വയംഭരണ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വരുംദിവസങ്ങളില്‍ തുക ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. വീട് ഇല്ലാത്ത 1,84,255 പേര്‍ക്ക് വീട് വച്ചു നല്‍കാനാണ് സര്‍ക്കാര്‍ ഹഡ്കോയില്‍ നിന്നും 4000 കോടി രൂപ വായ്പയെടുത്തത്. വീട് നിര്‍മാണം പുരോഗമിക്കുന്നതനുസരിച്ചാണ് ഗുണഭോക്താക്കള്‍ക്ക് തുക ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്നത്. ഹഡ്കോയില്‍ നിന്ന് വായ്പയുടെ നാലാം ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചത്. നേരത്തെ ലഭിച്ച 1125 കോടി രൂപ ലൈഫ് ഗുണഭോക്താക്കള്‍ക്ക് നല്‍കിക്കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അനുവദിച്ച 716 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 425 കോടി രൂപയും ഗുണഭോക്താക്കള്‍ക്ക് ഇതിന് മുമ്പ് നല്‍കി. ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ 3041 കോടി രൂപയാണ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കുന്നത്. 2015-16ല്‍ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മാണ പദ്ധതികളില്‍ വീട് ലഭിച്ചെങ്കിലും സാമ്പത്തിക പരാധീനതകള്‍ കാരണം നിര്‍മാണം പകുതിവഴിയില്‍ ഉപേക്ഷിച്ച 54,446 പേര്‍ക്കായിരുന്നു ഒന്നാംഘട്ടത്തില്‍ വീട് അനുവദിച്ചത്. ഇതില്‍ 50,958 പേര്‍ വീടുനിര്‍മാണം പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിര്‍മാണമാണ് ഏറ്റെടുത്തത്. ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടവും ആരംഭിച്ചിട്ടുണ്ട്. വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് ഭവനസമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണിത്. ഇടുക്കി ജില്ലയിലെ അടിമാലി ഗ്രാമപഞ്ചായത്തിലെ മച്ചിപ്ലാവ് എന്ന സ്ഥലത്ത് 217 വീടുകള്‍ ഉള്‍പ്പെടുന്ന ഒരു ഏഴുനില സമുച്ചയം പണിപൂര്‍ത്തിയാക്കി. ഇതില്‍ ഓരോ വീട്ടിലും രണ്ടു കിടപ്പുമുറികള്‍, അടുക്കള, ഹാള്‍ സൗകര്യങ്ങളുണ്ട്. 460 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ്. ഓരോ ജില്ലയിലും ഒരു ഭവനസമുച്ചയം വീതം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.

Exit mobile version