Saturday, October 5, 2024
HomeNewsKeralaലൈഫ് മിഷന്‍ കോഴ: സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും, തിങ്കളാഴ്ച ഹാജരാവാന്‍ നോട്ടീസ്

ലൈഫ് മിഷന്‍ കോഴ: സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും, തിങ്കളാഴ്ച ഹാജരാവാന്‍ നോട്ടീസ്

ലൈഫ് മിഷന്‍ കോഴക്കേസില്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാവണമെന്നു കാണിച്ച് ഇഡി രവീന്ദ്രനു നോട്ടീസ് നല്‍കി. ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇഡിയുടെ കസ്റ്റഡിയിലാണ്. ശിവശങ്കറെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള, പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റുകളില്‍ സിഎം രവീന്ദ്രന്റെ കാര്യം പരാമര്‍ശിക്കുന്നുണ്ട്.

നേരത്തെ ലൈഫ് മിഷന്‍ മുന്‍ സിഇഒ യു വി ജോസിനെ ഇഡി വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ടത് യു വി ജോസ് ആണ്.കരാറുകാരായ യൂണിടാക്കിനെയും സന്തോഷ് ഈപ്പനെയും യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കര്‍ ആണെന്നാണ് ആരോപണം. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അഴിമതി നടത്താനുള്ള നീക്കമായിരുന്നു ശിവശങ്കര്‍ നടത്തിയതെന്നുമാണ് ഇഡിയുടെ നിഗമനം.

ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ലോക്കറില്‍ നിന്ന് ഒരുകോടി രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇത് ലൈഫ് മിഷന്‍ ഇടപാടിലെ കോഴയാണെന്നാണ് ഇഡിയുടെ നിഗമനം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments