Pravasimalayaly

ലോകത്ത് കോവിഡ് ബാധിതർ 82 ലക്ഷം:4.45 ലക്ഷം മരണങ്ങൾ

ന്യൂയോർക്ക്

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 82 ലക്ഷം കടന്നു. ഇതില്‍ 43 ലക്ഷം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. മരണസംഖ്യ 4.45 ലക്ഷം ആകുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 740 പേര്‍ മരിച്ചതടക്കം കോവിഡ് ബാധിച്ച് യുഎസില്‍ ഇതുവരെ 116,854 പേര്‍ മരിച്ചു. കൊറോണവൈറസ് മഹാമാരിയില്‍ അമേരിക്കയില്‍ ഒന്നാം ലോകമഹായുദ്ധത്തിലുണ്ടായതിനേക്കാള്‍ കൂടുതല്‍ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒന്നാം ലോകമഹായുദ്ധത്തില്‍ യുഎസില്‍ 116,516 ആളുകളാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസം യുഎസില്‍ 400 ന് താഴെയായിരുന്നു മരണ നിരക്ക്. എന്നാല്‍ ചൊവ്വാഴ്ച ഇത് വീണ്ടും വര്‍ധിച്ചു. യുഎസില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 22 ലക്ഷം കടന്നിട്ടുണ്ട്.

കോവിഡ് ഏറ്റുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലിലാണ് നിലവില്‍ അതിവേഗം രോഗം ബാധിക്കുന്നത്. ദിനംപ്രതിയുള്ള പുതിയ രോഗികളുടെ എണ്ണത്തില്‍ ചൊവ്വാഴ്ച റെക്കോര്‍ഡ് നിരക്കാണ് ബ്രസീലില്‍ രേഖപ്പെടുത്തിയത്. 34,918 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചു. 1338 പേര്‍ 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു. 45456 മരണമാണ് ബ്രസീലില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ചവരുടെ എണ്ണം 9.2 ലക്ഷമാകുകയും ചെയ്തു.

രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് റഷ്യയും നാലാമത് ഇന്ത്യയുമാണ്. റഷ്യയില്‍ 5.45 ലക്ഷം പേര്‍ക്കും ഇന്ത്യയില്‍ 3.43 ലക്ഷം പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version