Pravasimalayaly

ലോക കേരള സഭ :ചെന്നിത്തലയുടെ വിരട്ടല്‍ പിണറായിക്ക് ഏറ്റോ

ലോകകേരളസഭയില്‍ നിന്നുള്ള രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന

തിരുവനന്തപുരം: ലോക കേരള സഭ ഭാരവാഹിത്വത്തില്‍ നിന്ന് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ രാജി വിരട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റോ എന്നു സംശയം. കാരണം പ്രതിപക്ഷത്തുനിന്നുള്ള അംഗങ്ങളുടെ രാജി പ്രഖ്യാപനം പുനപരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ അഭ്യര്‍ഥിച്ചത്. മുഖ്യമന്ത്രി ആയശേഷം പിണറായി ഇത്ര സൗമ്യനായി പ്രതിപക്ഷത്തോട് ഒരു അഭ്യര്‍ഥന നടത്തുന്നത് ഇത് ആദ്യസംഭവം. പ്രതിപക്ഷത്തിന്റെ പല സമരങ്ങളും കണ്ടില്ലെന്നു പോലും നടിച്ച മുഖ്യമന്ത്രിയാണ് ലോകകേരള സഭ പ്രശ്‌നത്തില്‍ പ്രതിപക്ഷത്തിനു മുന്നില്‍ അഭ്യര്‍ഥനയുമായി എത്തിയതെന്നതാണ് ഏറെ രസകരം. ആന്തൂരില്‍ പ്രവാസി വ്യവസായി തന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച അധികാരികളുടെ നിലപാടില്‍ മനംമടു്ത്ത് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതാവ് ലോകകേരളസഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് യുഡിഎഫിന്റെ എംഎല്‍എമാരും ലോകകേരളസഭയുടെ പദവിള്‍ രാജിവെച്ചു.ഇതിനു പിന്നാലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുഡിഎഫ് അനുകൂല സംഘടനകളുടെ പ്രതിനിധികളും രാജി വെച്ചതായി പ്രഖ്യാപിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി പ്രതിരോധത്തിലായതും പ്രതിപക്ഷം രാജി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടത്.. ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗം ചുവടെ കേരളത്തിന്റെ വികസനത്തില്‍ നിലനില്‍ക്കുന്ന ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്ന വിധം പ്രവാസികളെക്കൂടി വികസന മുന്നേറ്റത്തില്‍ എങ്ങനെ പങ്കാളിയാക്കാം എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ലോക കേരളസഭ രൂപീകരിച്ചത്. പ്രവാസികളുടെ വൈദഗ്ധ്യവും പരിചയസമ്പത്തും നമ്മുടെ വികസനത്തിന് ഉപയോഗപ്പെടുത്തുക എന്ന കാഴ്ചപ്പാടും ഇതിന്റെ ഭാഗം തന്നെയാണ്. പ്രവാസികളുടെ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനും അവ പരിഹരിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാവും എന്ന കാര്യം കൂടി ഇതിന്റെ പരിശോധനാ വിഷയങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒന്നാണ്. കേരള വികസനത്തിന് പ്രവാസി മൂലധനത്തെ ഉപയോഗപ്പെടുത്തുക എന്നതിന് രൂപീകരിച്ച ലോക കേരളസഭ ഒരു സര്‍ക്കാരിന്റെ കാലത്ത് മാത്രം നിലനില്‍ക്കുന്ന ഒന്നായല്ല നാം വിഭാവനം ചെയ്തത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി വികസന പ്രവര്‍ത്തനം ജനപക്ഷത്തുനിന്നുകൊണ്ട് സംഘടിപ്പിക്കുക എന്ന സമീപനമായിരുന്നു ഇതിന്റെ അടിസ്ഥാനം. നാം മുന്നോട്ടുവെച്ച ഈ കാഴ്ചപ്പാടിന് പ്രവാസികളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ലോക കേരളസഭ രൂപീകരണം അതുകൊണ്ടുതന്നെ പ്രവാസികള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ സ്വാഗതം ചെയ്തു. ലോക കേരളസഭയില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്നു. അതിന്റെ അടിസ്ഥാനത്തില്‍ അവ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊരു ദീര്‍ഘകാല കാഴ്ചപ്പാടുള്ള ഇടപെടലാണ്. നമ്മുടെ വികസനത്തിന് തുടര്‍ച്ചയായി നടക്കേണ്ട ഒന്നുമാണ്. അതിനെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് കേരളത്തേയും നമ്മുടെ നാട്ടില്‍ നിന്നും പുറത്തുപോയി നമ്മുടെ നാടിനെ പോറ്റിവളര്‍ത്തുന്ന പ്രവാസികളെ ഏറെ സ്നേഹിക്കുകയും ചെയ്യുന്ന ഏവരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം. പ്രവാസികളുടെ നിക്ഷേപസാധ്യതകളെ പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന അവസരത്തിലാണ് ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ കെട്ടിടനിര്‍മ്മാണ പ്രശ്നവുമായി ബന്ധപ്പെട്ടുകൊണ്ട് സാജന്‍ എന്ന പ്രവാസി ആത്മഹത്യ ചെയ്ത ദാരുണമായ സംഭവമുണ്ടായതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നഗരസഭയിലെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയുണ്ടായി. മാത്രമല്ല കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ വരുത്തേണ്ട ഭേദഗതികളെ സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിന് തയ്യാറെടുക്കുകയും ചെയ്യുന്ന കാര്യവും സഭയില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെ നിയമത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി പ്രവാസി നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് പൊതുവായ ചര്‍ച്ചകള്‍ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറെ വര്‍ദ്ധിച്ചുവന്ന ഘട്ടം കൂടിയാണിത്. അത്തരം ഉത്തരവാദിത്തത്തിലേക്ക് പോകുന്നതിനു പകരം ലോക കേരളസഭയുമായി ബന്ധപ്പെട്ട സമിതികളില്‍ നിന്നും പിന്മാറുന്നു എന്ന തീരുമാനമാണ് പ്രതിപക്ഷ എം.എല്‍.എ.മാരുടെ കത്തിലൂടെ ലഭിച്ചിട്ടുള്ളത്. ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അധികാരമുള്ളൂ എന്ന കാര്യം നിയമസഭാ സാമാജികര്‍ക്ക് അറിയാത്ത കാര്യമല്ലല്ലോ? എന്നിട്ടും നഗരസഭാ ചെയര്‍പേഴ്സണ് എതിരായി നടപടിയെടുക്കണമെന്ന വിചിത്ര വാദമാണ് ഇവിടെ ഉന്നയിക്കുന്നത്. ഇത്തരമൊരു സമീപനം എല്ലായിടങ്ങളിലും സ്വീകരിച്ചാല്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ജനപ്രതിനിധികള്‍ എന്തെല്ലാം കാര്യത്തില്‍ കുറ്റവാളിയാകേണ്ടിവരും എന്ന കാര്യവും ആലോചിക്കേണ്ടതുണ്ട്. ആന്തൂര്‍ ചെയര്‍പേഴ്സണ്‍ രാജിവെക്കണമെന്ന രാഷ്ട്രീയ മുദ്രാവാക്യം വസ്തുതകളുമായി ബന്ധമില്ലെങ്കിലും നിങ്ങള്‍ക്ക് മുന്നോട്ടുവെയ്ക്കാം. എന്നാല്‍ അത്തരം രാഷ്ട്രീയ താത്പര്യങ്ങള്‍ വികസനപ്രശ്നങ്ങളുമായി കൂട്ടിക്കുഴയ്ക്കരുത്. വികസനത്തിന്റെ കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി യോജിച്ചു നില്‍ക്കുക എന്ന കേരള ലോകസഭയില്‍ പ്രവാസികള്‍ക്ക് നാം നല്‍കിയ സന്ദേശങ്ങളില്‍ നിന്നുള്ള നിങ്ങളുടെ പിന്നോട്ടുപോക്കുമായിരിക്കും അത്. പ്രവാസികളുടെ നിക്ഷേപങ്ങള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ലോക കേരളസഭയില്‍ പ്രവാസികളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് രൂപീകരിക്കുന്നതിനുള്ള സാധ്യതകളെക്കൂടി തകര്‍ക്കുന്നതാണ്. കക്ഷിരാഷ്ട്രീയ താത്പര്യത്തിന്റെ പേരില്‍ ഇത്തരം സമിതികളില്‍ നിന്ന് രാജിവെയ്ക്കുന്നത് കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം ലോകത്തെമ്പാടും നല്‍കുന്നതിന് മാത്രമേ സഹായിക്കൂ. അത്തരമൊരു സമീപനം സ്വീകരിക്കുന്നത് വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നും കക്ഷിരാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ പിന്തിരിഞ്ഞുനില്‍ക്കുന്നവരെന്ന് ഭാവികേരളം കുറ്റപ്പെടുത്തുന്നതിലേക്ക് നയിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ഈ സമിതികളില്‍ നിന്നും പിന്മാറുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. നമ്മുടെ നാടിന്റെ വികസനത്തിന് പ്രവാസി മൂലധനം ലഭ്യമാക്കുന്നതിന് ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ നിയമങ്ങളിലും മറ്റും നടത്താന്‍ കഴിയും എന്നത് കൂടുതല്‍ കാര്യക്ഷമമായി ആലോചിക്കുക എന്നതാണ് ഈ അവസരത്തില്‍ നമുക്ക് ചെയ്യുവാനുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ലോക കേരളസഭയുടെ ചര്‍ച്ചകളെ ക്രിയാത്മകമാക്കി ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള സമഗ്രമായ സംഭാവനയാണ് ഉത്തരവാദിത്തമുള്ള പ്രതിപക്ഷാംഗങ്ങളില്‍ നിന്നും നാട് പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷ നിറവേറ്റുന്നതിനു പകരം സമിതികളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഏറ്റെടുത്ത ഉത്തരവാദിത്തതില്‍ നിന്നും പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പില്‍ നിന്നുള്ള പിന്മാറ്റമായേ ജനങ്ങള്‍ കാണൂ. ഇതുകൂടി ഉള്‍ക്കൊണ്ട് ലോക കേരളസഭയില്‍ നിന്ന് പിന്മാറാനുള്ള പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷ എം.എല്‍.എ.മാരുടെയും തീരുമാനം പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

Exit mobile version