Monday, November 25, 2024
HomeNewsവടക്കന്‍ ഭാഷയും താടിയും; കൂടത്തായ്‌കേസ് ചുരുളഴിച്ച ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി

വടക്കന്‍ ഭാഷയും താടിയും; കൂടത്തായ്‌കേസ് ചുരുളഴിച്ച ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി

വടകര: കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് റൂറൽ എസ്.പി.യുടെ ഗുഡ് സർവീസ് എൻട്രി. ഈ കേസിലേക്ക് വെളിച്ചംവീശിയ ഇന്റലിജൻസ് റിപ്പോർട്ട് സമർപ്പിച്ച റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയിൽ, രണ്ടുമാസത്തോളം നിശ്ശബ്ദമായ അന്വേഷണത്തിന് നേതൃത്വം നൽകിയ അഡീഷണൽ എസ്.പി. സുബ്രഹ്മണ്യൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസൻ, എസ്.ഐ. ജീവൻ ജോർജ് തുടങ്ങി 15 പേർക്കാണ് എസ്.പി. ഗുഡ് സർവീസ് എൻട്രി നൽകിയത്.


കേരള പോലീസിന്റെതന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ കേസായാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്. രണ്ടുമാസത്തെ പഴുതടച്ച അന്വേഷണമാണ് രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത്. ഇതിനായി അന്വേഷണസംഘം ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് തുടക്കത്തിൽ സംഘത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് അംഗീകാരം നൽകിയത്.

കൂടത്തായിയിലും പുലിക്കയത്തും എൻ.ഐ.ടി.യിലും കട്ടപ്പനയിലുമെല്ലാം പോലീസുകാർ വേഷപ്രച്ഛന്നരായി ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. രണ്ടു പോലീസുകാർ താടിവെച്ചാണ് പൊന്നാമറ്റത്തും മറ്റും പോയത്.

കല്ലറ പൊളിച്ചതിനുശേഷമാണ് ഇവർ താടി ഒഴിവാക്കിയത്. കട്ടപ്പനയിൽ അന്വേഷണത്തിനു പോകുമ്പോൾ വടക്കൻഭാഷ പ്രശ്നമാകാതിരിക്കാൻ മുൻകൂട്ടി തയ്യാറെടുത്തു. എൻ.ഐ.ടി.യിലും പലരൂപത്തിൽ പോലീസുകാർ പോയി. നേരത്തേ 10 പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും പിന്നീട് അഞ്ചുപേരെക്കൂടി ഉൾപ്പെടുത്തി.

ഉന്നത ഉദ്യോഗസ്ഥരാരും അവസാനംവരെ കൂടത്തായിയിൽ പോയിരുന്നില്ല. ഈ പ്രദേശത്ത് പരിചയമില്ലാത്ത പോലീസുകാരെ മാത്രമാണ് അന്വേഷണത്തിനുവിട്ടത്. അവസാനഘട്ടത്തിൽ പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാകാമോ എന്ന് പോലീസ് ജോളിയോട് ചോദിച്ചപ്പോൾ കട്ടപ്പനയിലെ ചാച്ചനോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ചാച്ചനെ വിളിച്ചോളാൻ പറഞ്ഞു. പോലീസിന്റെ മുന്നിൽവെച്ചുതന്നെ ജോളി ചാച്ചനെ വിളിച്ചു. എന്നാൽ, വിളിച്ചത് ചാച്ചനെയല്ലെന്ന് ശബ്ദം മനസ്സിലാക്കി പോലീസ് പറഞ്ഞപ്പോൾ ജോളിക്ക് സമ്മതിക്കേണ്ടിവന്നു. ജോളിയുടെ ചാച്ചൻ സംസാരിക്കുന്ന രീതിവരെ പോലീസ് കട്ടപ്പനയിൽപ്പോയി പഠിച്ചുവെച്ചിരുന്നു.

നേരത്തേ അസ്വഭാവികതയൊന്നുമില്ലെന്നുപറഞ്ഞ് തള്ളിയ കേസിന്റെ ദിശ മാറുന്നതിന് നിമിത്തമായത് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയിലിന്റെ നിർദേശപ്രകാരം എസ്.ഐ. ജീവൻ ജോർജ് നടത്തിയ രഹസ്യാന്വേഷണമാണ്.

ഈ അന്വേഷണത്തിലാണ് ജോളിക്ക് എൻ.ഐ.ടി.യിൽ ജോലിയില്ലെന്ന് തെളിഞ്ഞത്. പിന്നീട് വിശദമായി അന്വേഷിച്ചപ്പോൾ ഓരോ മരണത്തിനുപിറകിലും ജോളിയുടെ സാന്നിധ്യം വ്യക്തമായി. ജീവൻ ജോർജ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഡിവൈ.എസ്.പി. ഇസ്മയിലിന്റെ സഹായത്തോടെ വിശദമായ റിപ്പോർട്ടാക്കി എസ്.പി. കെ.ജി. സൈമണ് സമർപ്പിക്കുകയായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments