തിരുവനന്തപുരം: എല്ലാ വനവാസി കുടുംബത്തിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നയത്തിന്റെ ഭാഗമായി 500 പേര്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം നല്‍കുമെന്ന് വനവകുപ്പ് മന്ത്രി എ.കെ. ബാലന്‍. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി 15 ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. വനവുമായി അതിര്‍ത്തി പങ്കിടുന്ന ജനവാസമേഖലകളില്‍ സൗരോര്‍ജ വേലികള്‍ സ്ഥാപിക്കാനാണ് ശ്രമം. എന്നാല്‍ ഇത് പൂര്‍ണമായി നടപ്പാക്കുക അപ്രായോഗികമാണ്. നിലവില്‍ സൗരോര്‍ജ വേലികളുടെ നിര്‍മ്മാണം നടന്നു വരുകയാണെന്നും മന്ത്രി പറഞ്ഞു. നാട്ടിവിറങ്ങുന്ന ആനകളെ വേലി കെട്ടി വനത്തിനുള്ളില്‍ നിര്‍ത്തുക എന്നത് സാധ്യമല്ല. ആനത്താരകള്‍ വേലികെട്ടി അടക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ആന വേലി നിര്‍മ്മിക്കാന്‍ ഒരു കിലോ മീറ്ററിന് ഒന്നേകാല്‍ കോടിയാണ് ചിലവ് വരുന്നത്. കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവയ്ക്കാനുള്ള നിയമം നിലവില്‍ ഉണ്ടെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കാത്ത അവസ്ഥയാണ്. കാട്ടുപന്നികളുടെ ആക്രമണം കൂടുതലുള്ള കൃഷിയിടം അടങ്ങിയ പ്രദേശത്തെ തരംതിരിച്ച് ആക്രമണം തടയാനുള്ള പ്രത്യേക നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 5001 ഏക്കര്‍ കണ്ടല്‍കാടുകളെ ഏറ്റെടുത്ത് സംരക്ഷിക്കും. ഗുണമേന്‍മകൂടിയ തദേശ ഇനം പശുക്കളെ കര്‍ഷകരില്‍ എത്തിക്കാനുള്ള സംവിധാനം ചെയ്യും. വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ തുടങ്ങിയ ഇനങ്ങളിലെ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് ഒറ്റത്തവണയായി 10000 രൂപ നല്‍കും. നാടന്‍ പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ അവാര്‍ഡും നല്‍കും. നിലവില്‍ 6209 കര്‍ഷകര്‍ക്ക് 2.57 കോടി പലിശ ഇനത്തില്‍ സബ്‌സീഡിയായി നല്‍കിയെന്നും മന്ത്രി സഭയില്‍ പറഞ്ഞു.