ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നാളെ നടക്കും.
വനിതാ സംവരണ ബില്‍ ലോക്‌സഭ ഇന്നലെ പാസ്സാക്കിയിരുന്നു. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ രണ്ടു എംപിമാര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. സ്ലിപ് നല്‍കിയാണ് ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്.
വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലെത്തിയിരുന്നു. എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളിയിരുന്നു.
‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.