Pravasimalayaly

വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക്? കമ്മിഷന്‍ ഒരുക്കം തുടങ്ങി; കലക്ടറേറ്റില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന

കോഴിക്കോട്: അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി അയോഗ്യനായതോടെ ഒഴിവുവന്ന വയനാട് ലോക്‌സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മിഷന്‍  ഒരുക്കം തുടങ്ങിയതായി സൂചന. ആദ്യപടിയായി കോഴിക്കോട് കലക്ടറേറ്റില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു. 

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇവിഎം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്കു ശേഷമുള്ള മോക്ക് പോള്‍ കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ ആശ്വാസ കേന്ദ്രം ഗോഡൗണില്‍ ആരംഭിക്കുകയാണെന്നും, ഈ സമയത്തും മോക്ക് പോള്‍ പൂര്‍ത്തിയാകുന്നതുവരെയും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യം ഉണ്ടാകണമെന്നും പാര്‍ട്ടികള്‍ക്ക് നോട്ടീസ് ലഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ഡെപ്യൂട്ടി കലക്ടറാണ് നോട്ടീസ് നല്‍കിയത്. 

മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടും അയോഗ്യതയ്ക്കു സ്‌റ്റേ ലഭിക്കാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പിനു നടപടി തുടങ്ങിയത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനു പിന്നാലെ തന്നെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഔദ്യോഗിക തലത്തില്‍ ഇതിനു സൂചനയൊന്നും ലഭിച്ചിരുന്നില്ല. 

Exit mobile version