Pravasimalayaly

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 364 ആയി; കാണാതായവർക്കായി തിരച്ചിൽ ആറാം ദിനം

ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ആറാം ദിവസമായ ഇന്നും തുടരും. 364 പേരാണ് ദുരന്തത്തിൽ ഇത് വരെ മരിച്ചത്. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നുണ്ട്.  93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്.

1264 പേർ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെരച്ചിൽ നടത്തും. മൃതദേഹങ്ങൾ കണ്ടെത്താൻ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും. ചാലിയാറിലും രണ്ട് ഭാഗങ്ങളായി തെരച്ചിൽ നടക്കും. ചാലിയാറിൽ നിന്ന് ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറിൽ വിപുലമായ തിരച്ചിൽ നടത്താനാണു തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം പരിശോധനയുണ്ടാകും.

ചാലിയാറിലെ തെരച്ചിലും തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്ക്കരിക്കും. സർവ്വമത പ്രാർത്ഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക. ഇന്നലെ നാലു മൃതദേഹങ്ങളാണു ദുരന്തഭൂമിയിൽനിന്നും കണ്ടെടുത്തത്. ഇന്നലെയും ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Exit mobile version