ജലനിരപ്പ് ഉയർന്നതോടെ കടന്നതോടെ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു. മുൻപ് അറിയിച്ചിരുന്നതുപോലെ രാവിലെ എട്ടിനാണ് ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തിയത്. നിലവിൽ 774.20 മീറ്ററാണ് ജലനിരപ്പ്. സെക്കൻഡിൽ 8.50 ഘനമീറ്റർ വെള്ളമാകും പുറത്തേക്ക് ഒഴുക്കുക. കക്കയം ഡാമിൽ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായാണ് ഓറഞ്ച് അലേർട്ട്പ്രഖ്യാപിച്ചതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.അതേസമയം, ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385.18 അടിയായി ഉയർന്നു. ഡാമിന്റെ 3 ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വീതം വെള്ളമാണു ഒഴുക്കുന്നത്.