Pravasimalayaly

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരടക്കം നാല് പേര്‍ പ്രതികള്‍; നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് ഐഎംഎ

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് പൊലീസ്. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരുമാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സി കെ രമേശനും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹനയുമാണ് പ്രതികള്‍.

വിഷയത്തില്‍ ഡോക്ടര്‍മാരെ പിന്തുണച്ച് ഐഎംഎ രംഗത്തെത്തി. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹു പറഞ്ഞു. അന്തിമ തീരുമാനം മെഡിക്കല്‍ ബോര്‍ഡിന്റെതാണ്. വിഷയത്തില്‍ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റേതല്ലാത്ത കണ്ടെത്തലുകള്‍ നിലനില്‍ക്കില്ലെന്നും സുല്‍ഫി നൂഹു പ്രതികരിച്ചു.

ഹര്‍ഷിനയ്ക്ക് നീതി കിട്ടണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  പറഞ്ഞു. പൊലീസ് നടപടിയില്‍ സത്യം തെളിഞ്ഞെന്നും തെളിവ് സഹിതം ക്രമക്കേട് പുറത്തുവന്നെന്നും ഹര്‍ഷിന പറഞ്ഞു. തനിക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം വേണമെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.

Exit mobile version