Pravasimalayaly

വയല്‍കിളികളെ നേരിടാന്‍ സി.പി.എമ്മിന്റെ ‘നാടിന് കാവല്‍’

കണ്ണൂര്‍: സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍കിളികളുടെ സമരത്തെ നേരിടാന്‍ സി.പി.എം നേരിട്ടിറങ്ങുന്നു. വയല്‍കിളികള്‍ക്കെതിരേ ‘നാടിന് കാവല്‍’ എന്ന പേരില്‍ പ്രതിരോധസമരം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ശനിയാഴ്ച കീഴാറ്റൂരിലേക്ക് സി.പി.എം ബഹുജന മാര്‍ച്ച് നടത്തും. മാര്‍ച്ച് എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പിലെ എല്ലാ ഏരിയാ കമ്മിറ്റികളില്‍ നിന്നും പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചായിരിക്കും മാര്‍ച്ച്. കീഴാറ്റുരിലുള്ളവര്‍ സമരത്തിന് എതിരല്ലെന്നും പുറത്ത് നിന്നും ആളയിറക്കി സംഘര്‍ഷത്തിന് കോപ്പുകൂട്ടുകയാണെന്നുമാണ് സി.പി.എം പറയുന്നത്. അതിനാലാണ് നാടിന് കാവല്‍ എന്ന പേരില്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മാര്‍ച്ച് 25ന് വയല്‍കിളികളുടെ നേതൃത്വത്തില്‍ ഞായറാഴ്ച വന്‍പ്രതിഷേധ പരിപാടിക്ക് കീഴാറ്റൂരില്‍ തുടക്കം കുറിക്കാനിരിക്കെയാണ് സി.പി.എമ്മിന്റെ 24ലെ സമരം. വയല്‍കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ രംഗത്തുവന്നതാണ് പ്രത്യക്ഷസമരവുമായി രംഗത്തുവരാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.

Exit mobile version