Pravasimalayaly

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലി, പത്തുലക്ഷം രൂപ ധനസഹായം:തീരുമാനം മന്ത്രിസഭായോഗത്തിന്റേത്

തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും യോഗം തീരുമാനിച്ചു.ശ്രീജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അടക്കം നല്‍കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ ചോദ്യം ചെയ്യും. അറസ്റ്റിലായ പറവൂര്‍ സിഐ ക്രിസ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഫോണ്‍രേഖകള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കസ്റ്റഡിക്കൊല നടക്കുമ്പോള്‍ എ.വി ജോര്‍ജ് ആലുവ റൂറല്‍ എസ്പിയായിരുന്നു.

അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി, തെളിവുനശിപ്പിക്കല്‍ എന്നിവയാണ് സിഐ ക്രിസ്പിനെതിരായ കുറ്റങ്ങള്‍. ആലുവ പൊലീസ് ക്ലബിള്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷമായിരുന്നു അറസ്റ്റ്. കസ്റ്റഡിമരണം നടന്ന വരാപ്പുഴ സ്റ്റേഷന്‍ ചുമതല ക്രിസ്പിന്‍ സാമിനായിരുന്നു.

Exit mobile version