Pravasimalayaly

” വാഗ്ദാനങ്ങളല്ല, പ്രവർത്തിയാണ് വേണ്ടത്” സർക്കാരുകൾക്കെതിരെ പ്രവാസികൾക്കായി ശബ്ദമുയർത്തി ജോയ് മാത്യു

സാമൂഹ്യ അനീതികൾക്കെതിരെ എന്നും ശബ്ദമുയർത്തുന്ന ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സംവിധായകനും നടനും തിരക്കഥാകൃത്തുമായ ശ്രീ ജോയ് മാത്യു. കക്ഷി രാഷ്ട്രീയ ഭേദമന്യേ വിമർശനങ്ങളുടെ കൂരമ്പുകൾ പായിക്കുവാനും ജോയ് മാത്യു മുൻപിൽ നിന്നിട്ടുണ്ട്. കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ പ്രവാസികളോട് കാണിയ്ക്കുന്ന നീതി നിഷേധത്തിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ് ജോയ് മാത്യു ഇപ്പോൾ. പ്രവാസികൾക്കായി ഉടനടി സാമ്പത്തിക സഹായങ്ങൾ നൽകണമെന്നും നാട്ടിൽ ജോലി ഉറപ്പാക്കണമെന്നും ജോയ് മാത്യു ആവശ്യപ്പെടുന്നു

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

വിദേശ രാജ്യങ്ങളിൽ വെച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ സംഖ്യ ഇരുനൂറ് കവിയുന്നു . ഇപ്പോഴും ജന്മനാട്ടിലെത്തുവാൻ കഴിയാതെ ലക്ഷക്കണക്കിന് പ്രവാസികളായ മലയാളികളാണ് രോഗ ഭീതിയിൽ കഴിയുന്നത് .
സൗജന്യയാത്ര !
സൗജന്യ ക്വോറന്റൈൻ !
ഇപ്പോഴിതാ സൗജന്യമരണവും എന്നുകൂടി എഴുതിച്ചേർക്കാൻ പാകത്തിലായിരിക്കുന്നു കാര്യങ്ങൾ.യാഥാർഥ്യ ബോധമില്ലാതെ ഇതുവരെ വിളമ്പിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് കേന്ദ്രവും സംസ്ഥാനവും അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണല്ലോ .
ജനിച്ച നാട്ടിൽ പിഴച്ചു പോകാൻ വകയില്ലാത്തതുകൊണ്ടാണല്ലോ മറുനാടുകൾ തേടിപ്പോകുവാൻ മലയാളി നിർബന്ധിതനായത് .അതോടെ നമ്മുടെ നാടിനും ഒരു ഗതിപിടിച്ചു എന്നത് വാസ്തവം.
ചിട്ടിയും ലോട്ടറിയുമൊന്നുമല്ല ഇന്ന് ഇവർക്ക് വേണ്ടത്.
കൊറോണ വൈറസിന് ബലിയാകേണ്ടിവരുന്ന
പ്രവാസികളുടെ ബന്ധുക്കൾക്ക് സാമ്പത്തികമായ സഹായം
അല്ലെങ്കിൽ അവരുടെ അടുപ്പു പുകയാൻ ഒരു സർക്കാർ ജോലി ….
അങ്ങനെയെങ്കിലും നമ്മുടെ കുറ്റബോധത്തിന്റെ ആഴം കുറയട്ടെ.
എത്രയോ അനർഹർക്ക് സഹായം ചെയ്യുവാൻ നമുക്ക് മടിയില്ലാത്ത സ്ഥിതിക്ക്
പ്രവാസികളുടെ കാര്യത്തിൽ ഇനിയും കൈമലർത്തരുത് .
ചുമ്മാ തമാശപറഞ്ഞു നടന്നിരുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് മരിച്ചപ്പോൾ ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് ദുരിതാശ്വാസമായി അവിടെ എത്തിയത്.പ്രവാസികൾ തന്നെ ഏറിയപങ്കും നൽകിയ പ്രളയ ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപ ഇപ്പോൾ മോഷ്ടിക്കപ്പെട്ടതായി അറിയുന്നു ,കപ്പലിലെ കള്ളന്മാർ കൂടുതൽ അടിച്ചു മാറ്റുന്നതിനു മുമ്പ് അന്യരാജ്യത്ത് ആത്മാഹുതിയാകുന്ന നമ്മുടെ സ്വന്തം സഹോദങ്ങൾക്ക് വേണ്ടി ഒരു നഷ്ടപരിഹാരമെങ്കിലും നൽകിക്കൂടെ ?

Exit mobile version