ബാങ്കുകള്‍ വായ്‌പാ പലിശ കുറച്ചു
ന്യൂഡല്‍ഹി:
വിപണികളിലെ മാന്ദ്യം മറികടക്കുന്നതിനും പണലഭ്യത ഉറപ്പുവരുത്തുന്നതിനുമായി ബാങ്കുകള്‍ വായ്‌പാ പലിശനിരക്കുകള്‍ കുറച്ചു. പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയും സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയുമാണു വായ്‌പ പലിശ കുറച്ചത്. നിരക്കുകള്‍ കുറച്ചതുവഴി വായ്‌പയുടെ ആവശ്യകത കൂടുമെന്ന വിലയിരുത്തലിലാണു നടപടി.
മാര്‍ജിനല്‍ കോസ്‌റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് അടിസ്‌ഥാനമാക്കിയുള്ള(മൂന്നുമാസംവരെയുള്ള) പലിശയില്‍ 5-10 ബേസിസ് പോയിന്റിന്റെ കുറവാണ് എസ്.ബി.ഐ. വരുത്തിയത്. ഇതോടെ മൂന്നുമാസ കാലയളവിലുള്ള പലിശ 6.75 ശതമാനത്തില്‍നിന്ന് 6.65 ശതമാനമായി കുറഞ്ഞു. അതേസമയം എച്ച്.ഡി.എഫ്.സി. എല്ലാകാലയളവിലേയ്‌ക്കുമുള്ള പലിശയില്‍ 20 ബേസിസ് പോയിന്റിന്റെ കുറവുവരുത്തി. ഇതോടെ മൂന്നുമാസ കാലയളവിലുള്ള വായ്‌പ പലിശ 7.20 ശതമാനമായി.
ആറുമാസക്കാലയളവില്‍ 7.30 ശതമാനവും ഒരുവര്‍ഷത്തേയ്‌ക്ക് 7.45 ശതമാനവുമാണ് പുതുക്കിയ പലിശ. മാര്‍ജിനല്‍ കോസ്‌റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് അടിസ്‌ഥാനത്തിലുള്ള നിരക്കിലാണു മാറ്റം. കാനാറ ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ര്‌ടയും 10 മുതല്‍ 20 ബേസിസ് പോയിന്റുവരെ വായ്‌പ പലിശയില്‍ കഴിഞ്ഞദിവസം കുറവുവരുത്തിയിരുന്നു. ജൂലൈ എട്ടു മുതലാണ് ഇത് പ്രബല്യത്തിലായത്. മറ്റു ബാങ്കുകള്‍ വരും നാളുകളില്‍ ഇതേ നടപടി പിന്തുടരുമെന്നാണു വിലയിരുത്തല്‍. മാര്‍ച്ചിനുശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 1.15ശതമാനം കുറവുവരുത്തിയിരുന്നു.