Pravasimalayaly

വാർത്തകൾ ചുരുക്കത്തിൽ

പ്രഭാത വാർത്തകൾ
2020 ജൂലൈ 02
1195 മിഥുനം 18 📡
വ്യാഴാഴ്ച (അനിഴം നാൾ)

🔳കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തങ്ങള്‍ പുറത്തുതന്നെയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. യുഡിഎഫ് തീരുമാനം നടപ്പാക്കാത്തതിനാല്‍ യുഡിഎഫ് യോഗങ്ങളില്‍നിന്നു മാറ്റി നിര്‍ത്തിയതാണെന്ന് ചെന്നിത്തല. എന്നാല്‍ ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന പ്രചാരണം തെറ്റാണ്. കേരള കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും ചെന്നിത്തല.  

🔳ഇ മൊബിലിറ്റി പദ്ധതിയിലൂടെ കേരളത്തെ വൈദ്യുത വാഹന നിര്‍മാണത്തിന്റെ ഹബ്ബാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ ഒരു ഇടപെടലും ഇല്ല. ഇവിടെ വരുന്ന വ്യവസായങ്ങളെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഓടിക്കാന്‍ അനുവദിക്കില്ല. കരാര്‍ ഒപ്പിട്ടിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകളോടു പരിശോധിക്കാനാണ് ഫയലില്‍ താന്‍ കുറിച്ചിരുന്നത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

🔳സംസ്ഥാനത്ത് ഇന്നലെ 151 പേര്‍ക്കുകൂടി കോവിഡ്-19. 86 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 51 പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നു വന്നവരാണ്. 13 പേര്‍ക്കു സമ്പര്‍ക്കം മൂലമാണു രോഗമുണ്ടായത്. ജൂണ്‍ 27 നു കോഴിക്കോട് ആത്മഹത്യ ചെയ്തയാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 124 ഹോട്ട് സ്‌പോട്ടുകള്‍.

🔳സ്വകാര്യ ആശുപത്രികളില്‍കൂടി കോവിഡ് ചികില്‍സയ്ക്കു സൗകര്യമുണ്ടാക്കും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് കോവിഡ് ചികില്‍സയുടെ അനുഭവം പങ്കുവയ്ക്കുന്നതു നല്ലതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

🔳കേരളത്തില്‍ കോവിഡ് 19 ചികിത്സയിലുള്ളത് 2,130 പേര്‍. ഇതുവരെ 4593 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,87,219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,837 പേര്‍ ആശുപത്രിയിലാണ്. ഇന്നലെ 131 പേര്‍ രോഗമുക്തി നേടി.

🔳ഇന്നലെ രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള വിവരം : മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1.

🔳മടങ്ങിവരുന്ന പ്രവാസികള്‍ക്കു സഹായമേകുന്ന ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി. ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഒരുപാട് അനുഭവ സമ്പത്തുള്ളവരാണ് മടങ്ങിവരുന്നത്. അവര്‍ക്കു സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായങ്ങള്‍ നല്‍കും.

🔳യുഡിഎഫ് സാങ്കേതികമായ തെറ്റു തിരുത്തിയെന്നും തങ്ങളുടെ നിലപാടു മാറ്റില്ലെന്നും കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി. പുറത്താക്കിയെന്നു പറഞ്ഞ യുഡിഎഫ് ഇപ്പോള്‍ പുറത്താക്കിയില്ലെന്നാണു പറയുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തങ്ങള്‍ രാജിവയ്ക്കില്ല. തങ്ങളല്ല, യുഡിഎഫാണു തെറ്റു ചെയ്തതെന്നും ജോസ്.

🔳ഈ മാസം അവസാനം ഒരു ദിവസത്തേക്കു നിയമസഭാ സമ്മേളനം. ധനബില്‍ പാസാക്കാൻ 27, 28 തീയതികളില്‍ ഒരു ദിവസമാകും സമ്മേളനം. കക്ഷിനേതാക്കളുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കൂടിയാലോചന നടത്തി.

🔳കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 76 കോടി രൂപ മന്ത്രിസഭ അനുവദിച്ചു. 83,514 കര്‍ഷകര്‍ക്കാണു നഷ്ടപരിഹാരം നല്‍കുക.

🔳ബസ് ചാര്‍ജ് വര്‍ധിച്ചതോടെ ആദ്യ രണ്ടര കിലോമീറ്ററിനു യാത്രാക്കൂലി മിനിമം ചാര്‍ജായ എട്ടു രൂപ. അഞ്ചു കിലോമീറ്ററിന് പത്തു രൂപ. നേരത്തെ എട്ടു രൂപയായിരുന്നു. ഏഴര കിലോമീറ്ററിന് പത്തില്‍നിന്ന് 13 രൂപയാക്കി. പത്തു കിലോമീറ്ററിന് പന്ത്രണ്ടില്‍നിന്ന് 15 രൂപയായി. 15 കിലോമീറ്ററിന് 15 രൂപയില്‍നിന്ന് 19 രൂപയായി. 40 കിലോമീറ്ററിന് 33 രൂപയില്‍നിന്ന് 42 രൂപയായി.

🔳കേരളത്തിലേക്കു മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ ഇ- ജാഗ്രതാ പോര്‍ട്ടലില്‍ പേരു രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തര്‍ സംസ്ഥാന യാത്രയ്ക്കു പാസ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും രജിസ്‌ട്രേഷന്‍ തുടരും.

🔳ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ എംബിബിഎസ് പ്രവേശനപരീക്ഷയായ നീറ്റ് പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ വേണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കുന്നില്ലെങ്കില്‍ ജൂലൈ 26 ന് നടത്താന്‍ നിശ്ചയിച്ച നീറ്റ് പരീക്ഷ മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

🔳ഒമ്പത്, പതിനൊന്ന് ക്ലാസുകളില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സിബിഎസ്ഇ സ്‌കൂളുകള്‍ക്കു നിര്‍ദേശം നല്‍കി. മേയ് 13 ന് ഇതേ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പല സ്‌കൂളുകളും അതു നടപ്പാക്കിയില്ല. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈനായി പരീക്ഷ നടത്താന്‍ നിര്‍ദേശിച്ചത്.

🔳വിദ്യാര്‍ഥികള്‍ക്കു സൗജന്യ നിരക്കില്‍ ലാപ്ടോപ് നല്‍കുന്ന കെഎസ്എഫ്ഇ പദ്ധതിക്കു മന്ത്രിസഭയുടെ അനുമതി. കെഎസ്എഫ്ഇ വിദ്യാശ്രീ എന്ന പേരില്‍ കുടുംബശ്രീയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ഇതിനായി കെഎസ്എഫ്ഇ 15,000 രൂപ ചിട്ടിത്തുകയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതി ആരംഭിക്കും. പദ്ധതിയില്‍ ചേര്‍ന്ന് മൂന്നു മാസം തവണകള്‍ അടച്ചാല്‍ 15,000 രൂപ  വിലയുള്ള ലാപ്ടോപ് വായ്പയായി നല്‍കും. പലിശ നാലു ശതമാനം കെഎസ്എഫ്ഇയും അഞ്ചു ശതമാനം സര്‍ക്കാറും വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

🔳കോവിഡ് പ്രോട്ടോകോളില്‍ മാറ്റംവരുത്തി. കോവിഡ് രോഗികളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ഇനി രണ്ട് പരിശോധനകള്‍ ഇല്ല. ആദ്യ പരിശോധനാഫലം നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും. ഐ.സി.എം.ആറും ലോകാരോഗ്യ സംഘടനയും നേരത്തെതന്നെ ഡിസ്ചാര്‍ജ് പ്രോട്ടോകോളില്‍ മാറ്റം വരുത്തിയിരുന്നു.

🔳എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെകെ മഹേശന്റെ മരണക്കേസില്‍ വെള്ളാപ്പള്ളി നടേശന്റെ സഹായി കെ.എല്‍. അശോകന്റെ മൊഴി പോലീസ് ശേഖരിച്ചു. മഹേശനും തുഷാറും ഒന്നിച്ചാണ് ചേര്‍ത്തല യൂണിയന്‍ ഭരിച്ചതും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതെന്നും മഹേശന്റെ വീട്ടുകാര്‍. മഹേശന്‍ കൈക്കലാക്കിയെന്നു പറയുന്ന 15 കോടി എവിടെയെന്നു കണ്ടു പിടിക്കണം. അവര്‍ ആവശ്യപ്പെട്ടു.

🔳കെ.കെ. മഹേശന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ ഇന്നു ചോദ്യം ചെയ്യില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വെള്ളാപ്പള്ളി അന്വേഷണ സംഘത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നാളത്തേക്കു മാറ്റിവച്ചത്.

🔳ആലുവ മണപ്പുറം പാലം നിര്‍മ്മാണ അഴിമതി ആരോപണത്തില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് വിജിലന്‍സ് വകുപ്പിന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.

🔳അടൂര്‍ മരുതിമൂട് സെന്റ് ജോര്‍ജ് കാത്തലിക് പള്ളിക്കു മുന്നില്‍ മൂന്നു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടനിലയില്‍. വീട്ടിലോ മറ്റെവിടെയെങ്കിലുമോ പ്രസവിച്ച കുഞ്ഞാണെന്ന് പോലീസ്. ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

🔳ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ധാരണ. ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു ധാരണ. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ 14, 15, 17 പട്രോളിംഗ് പോയിന്റുകളില്‍നിന്നാണു സൈനിക പിന്‍മാറ്റം. പതിനാറാം കോര്‍ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങും തെക്കന്‍ ഷിന്‍ജിയാങ് സൈനിക മേഖലാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിന്നും തമ്മില്‍ ചുഷുല്‍ ഔട്പോസ്റ്റിലാണ് ചര്‍ച്ചകള്‍ നടത്തിയത്.

🔳ഹൈവേ നിര്‍മാണമടക്കം ഇന്ത്യയിലെ റോഡ് നിര്‍മാണ പദ്ധതികളില്‍ ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ചൈനീസ് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കില്ല.  സംയുക്ത റോഡ് നിര്‍മാണ സംരംഭങ്ങളിലും ചൈനീസ് കമ്പനികളെ അനുവദിക്കില്ല. ഗഡ്ഗരി പറഞ്ഞു.

🔳തൂത്തുക്കുടിയില്‍ അച്ഛനേയും മകനേയും കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊല്ലാന്‍ നേതൃത്വം നല്‍കിയ സാത്താങ്കുളം എസ്ഐ രഘു ഗണേഷിനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരേ കൊലപാതകക്കുറ്റത്തിനുള്ള 302 വകുപ്പ് ഉള്‍പ്പെടെ ചുമത്തി. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകും. ഇന്‍സ്പെക്ടര്‍ ശ്രീധര്‍, സബ് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്.

🔳രാജ്യത്തെ 109 യാത്രാ ട്രെയിനുകള്‍ സ്വകാര്യവത്കരിക്കും. ഇതിനു റെയില്‍വേ നിര്‍ദേശങ്ങള്‍ ക്ഷണിച്ചു.

🔳ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 438 പേര്‍കൂടി മരിച്ചു. പുതുതായി 19,428 പേര്‍ക്കുകൂടി രോഗം ബാധിച്ചു. ഇതുവരെ മരിച്ചത് 17,848 പേര്‍. 6,05,220 പേര്‍ രോഗബാധിതരായി. 2.27 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 3.59 ലക്ഷം പേര്‍ രോഗമുക്തരായി.

🔳മഹാരാഷ്ട്രയില്‍ 198 പേര്‍കൂടി ഇന്നലെ മരിച്ചു. 5,537 പുതിയ രോഗികള്‍. 79,075 പേര്‍ ചികില്‍സയിലുണ്ട്. 63 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍  3,882 പേര്‍കൂടി രോഗികളായി. 39,859 പേര്‍ ചികില്‍സയിലുണ്ട്. 61 പേര്‍കൂടി മരിച്ച ഡല്‍ഹിയില്‍ 2,442 പുതിയ രോഗികള്‍. 27,007 പേര്‍ ചികില്‍സയിലുണ്ട്. തെലങ്കാനയിലും കർണാടകയിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നൂ.

🔳സര്‍ക്കാര്‍ വസതി ഒഴിയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം. ഓഗസ്റ്റ് ഒന്നിനുള്ളില്‍ ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഗാന്ധി കുടുംബത്തിനുള്ള എസ്.പി.ജി സുരക്ഷ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. നിലവില്‍ സിആര്‍പിഎഫിന്റെ ‘ഇസഡ് പ്ലസ്’ സുരക്ഷയാണ് പ്രിയങ്കാഗാന്ധിക്കുള്ളത്.

🔳ടിക് ടോക്കിനു പകരമായി ഉപയോഗിക്കാനാവുന്ന പുതിയ ആപ്ലിക്കേഷന്‍ വരുന്നു. സീ 5 പുറത്തിറക്കിയ ആപിനു ഹിപി (HiPi) എന്നാണ്  പേര്.

🔳ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി മൂലം വന്‍ നഷ്ടമുണ്ടാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്‍. അനേകര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. കലാ പ്രതിഭകള്‍ക്കും അവസരം നഷ്ടമായി. ഒരു വിനോദ ആപ്പായ ടിക് ടോക്കിനെ നിരോധിച്ചത് ആലോചനയില്ലാതെയാണെന്നും നുസ്രത്ത് ജഹാന്‍ വിമര്‍ശിച്ചു.

🔳കോവിഡ് ബാധിച്ച് ഗുരുതര ലക്ഷണങ്ങളുള്ളവര്‍ക്കു മാത്രം ഇനി ആശുപത്രികളില്‍ ചികിത്സയെന്ന് കര്‍ണാടക സര്‍ക്കാര്‍. രോഗലക്ഷണങ്ങളില്ലാത്തവരെയും ചെറിയ തോതില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും ഹോം ഐസൊലേഷനില്‍ ആക്കും. ആവശ്യക്കാര്‍ക്ക് ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ ചികിത്സ നല്കും.

🔳ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാര്‍ തലയ്ക്കടിച്ച് കൊന്നു. ജാര്‍ഖണ്ഡിലെ ജോഗിമുണ്ട ഗ്രാമത്തിലാണ് സംഭവം. പ്രതിയായ വിനീത് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവടക്കം എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

🔳മുംബൈയില്‍ നിരോധനാജ്ഞ. കൊറോണ വൈറസ് വ്യാപനം തടയുന്നതിനാണു നിരോധനാജ്ഞ.

🔳1500 രൂപയെച്ചൊല്ലി തര്‍ക്കിച്ച് അറുപതുകാരനെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. ഉത്തരാഖണ്ഡിലെ യുഎസ് നഗര്‍ ജില്ലയിലെ ജസ്പുരിലാണു സംഭവം. നാലു പേരടങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നു പൊലീസ്.

🔳ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 4,834 പേര്‍ മരിച്ചു. 1,95,797 പേര്‍കൂടി രോഗബാധിതരായി. ഇതുവരെ മരിച്ചവരുടെ എണ്ണം 5,18,045. രോഗബാധിതര്‍ 1.07 കോടി. ബ്രസീലില്‍ 1,057 പേരും അമേരിക്കയില്‍ 667 പേരും മെക്‌സിക്കോയില്‍ 648 പേരും ഇന്നലെ മരിച്ചു.

🔳ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ച്ചയായി രണ്ടു തവണ പൂര്‍ത്തിയാക്കിയതോടെയാണ് സ്ഥാനമൊഴിഞ്ഞത്. ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജ ചെയര്‍മാന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ ഐസിസി ബോര്‍ഡ് അടുത്തവാരം യോഗം ചേരും.

🔳ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ യുവന്റ്‌സ് ഒന്നിനെതിരേ മൂന്നു ഗോളിന് ജനോവയെ പരാജയപ്പെടുത്തി.

🔳ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളിന് ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയനെ തോല്‍പിച്ചു.

🔳ദേശീയ സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ നിരോധിച്ചതോടെ ടിക് ടോക്കിന് സമാനമായ ഇന്ത്യന്‍ നിര്‍മിത ആപ്ലിക്കേഷന്‍ ചിംഗാരിയ്ക്ക് ഒരു ലക്ഷത്തോളം ഡൗണ്‍ലോഡുകളും മണിക്കൂറില്‍ 20 ലക്ഷത്തിലധികം കാഴ്ചക്കാരും. ഇതിനോടകം 30 ലക്ഷത്തിലധികം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ചിംഗാരി അപ്ലിക്കേഷന്‍ ലഭ്യമാണ്.

🔳ദേശീയ തലത്തിലെ കോവിഡ് 19 വ്യാപനം സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനമായ മൈ ഗവ് ഇന്ത്യ, ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നു. ടിക് ടോക്ക് അക്കൗണ്ട് പൂട്ടിയതിനു പിന്നാലെയാണ് ഷെയര്‍ ചാറ്റില്‍ അക്കൗണ്ട് തുറന്നത്. ഇതോടെ 15 ഇന്ത്യന്‍ ഭാഷകളിലായി 60 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുമായി കോവിഡിനെ കുറിച്ചുള്ള ഏറ്റവും പുതിയ യഥാര്‍ഥ വിവരങ്ങള്‍ പങ്കിടാനും സംവദിക്കാനും മൈ ഗവ് ഇന്ത്യക്ക് കഴിയും.

🔳ചലച്ചിത്ര താരം അനു സിതാര നിര്‍മിച്ച സംഗീത ആല്‍ബം അരികില്‍ ശ്രദ്ധയമാകുന്നു. പ്രണയവും ഹാസ്യവും ചേര്‍ത്തുവെച്ചാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. ക്യൂന്‍ ഫെയിം മിഥുന്‍, പുതുമുഖം പാര്‍വതി എന്നിവരാണ്  അഭിനേതാക്കള്‍. മനീഷ് കെ അബ്ദുള്‍ മനാഫാണ് സംവിധാനവും ഛായാഗ്രഹണവും. അമല്‍ ആന്റണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

🔳ജല്ലിക്കട്ടി’നുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചുരുളി’യുടെ ട്രെയ്‌ലര്‍ എത്തി. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ സിഗ്‌നേച്ചര്‍ സ്‌റ്റൈല്‍ പ്രേക്ഷകര്‍ക്കുമുന്നിലേക്ക് വീണ്ടും തുറന്നുവെക്കുന്നതാണ് പുറത്തെത്തിയ ട്രെയ്‌ലര്‍. നിഗൂഢതയും കാടും ഭയത്തിന്റെ അംശങ്ങളുമൊക്കെ മൂന്ന് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ഉണ്ട്. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔳പുത്തന്‍ മേഖലയിലേക്ക് കടന്ന് ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം. കുട്ടികള്‍ക്കായി ഇലക്ട്രിക് ബാലന്‍സ് ബൈക്കുകളെ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് സൈക്കിള്‍ നിര്‍മ്മാതാക്കളായ സ്റ്റാസൈക്കുമായി സഹകരിച്ചാണ് രണ്ട് കെടിഎം ഫാക്ടറി റെപ്ലിക്ക മോഡലുകള്‍ പുറത്തിറക്കിയത്. ഇവക്ക് യഥാക്രമം 649 ഡോളര്‍, അതായത് 49,000 രൂപ, 849 ഡോളര്‍, ഏകദേശം 64,100 രൂപ വില വരുന്നു.

Exit mobile version