കേരളത്തില്‍ കോവിഡ് വ്യാപനം ഇന്നലെ ആയിരം കടന്നു. രോഗവ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ 1038 പേരാണു രോഗികളായത്. ഇവരില്‍ 785 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 87 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 109 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 397 ആയി.
സംസ്ഥാനത്ത് 8,818 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 53 പേര്‍ ഐസിയുവിലും ഒന്‍പത് പേര്‍ വെന്റിലേറ്ററിലുമാണ്. 1,59,777 പേര്‍ നിരീക്ഷണത്തിലുണ്ട്. 9,031 പേര്‍ ആശുപത്രികളിലുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,032 ആണ്. ഇന്നലെ 272 പേര്‍ രോഗമുക്തരായി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം: തിരുവനന്തപുരം 226, കൊല്ലം 133 , ആലപ്പുഴ 120, കാസര്‍കോട് 101, പത്തനംതിട്ട 49, കോട്ടയം 51, ഇടുക്കി 43, എറണാകുളം 92, തൃശൂര്‍ 56, പാലക്കാട് 34, മലപ്പുറം 61, കോഴിക്കോട് 25, കണ്ണൂര്‍ 43, വയനാട് 4.
ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും കര്‍ഫ്യൂ. കീഴ്മാട്, ആലങ്ങാട്, കരുമാല്ലൂര്‍, ചൂര്‍ണിക്കര, ചെങ്ങമനാട്, എടത്തല, കടുങ്ങല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ. രാവിലെ ഏഴു മുതല്‍ ഒന്‍പത് മണി വരെ മൊത്തവിതരണവും 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ചില്ലറ വില്‍പനയും അനുവദിക്കും.
മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ച നിലയില്‍. മാളിയേക്കല്‍ സ്വദേശി ഇര്‍ഷാദ് അലി എന്ന ഇരുപത്തിനാലുകാരനാണ് മരിച്ചത്. വിദേശത്തുനിന്ന് വീട്ടില്‍ ക്വാറന്റീനിലായിരുന്നു.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിലെ പത്തുപേരെ സ്ഥലംമാറ്റി. പരാതിയെത്തുടര്‍ന്ന് സ്ഥലംമാറ്റം മരവിപ്പിച്ചു. കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫാണ് സ്ഥലംമാറ്റിയത്. അന്വേഷണസംഘത്തിന്റെ മേധാവിയായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ എതിര്‍ത്തതോടെയാണു സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചത്.
സ്വര്‍ണക്കടത്തിലൂടെ കിട്ടിയ പണം ഭീകരപ്രവര്‍ത്തനത്തിലേക്ക് എത്തിയിട്ടുണ്ടോയെന്ന് എന്‍ഐഎ അന്വേഷണം. തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില പിടികിട്ടാപ്പുള്ളികള്‍ക്കു ബന്ധമുണ്ടെന്നാണു സംശയം.
സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗവും കേസെടുത്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, ഫൈസല്‍ ഫരീദ്, സരിത് എന്നിവര്‍ക്കെതിരെ കേസ്.
സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറന്റ് പതിച്ചു. ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസലിന്റെ വീട് തൃശൂർ മൂന്നുപീടികയിലാണ്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. 2014 ല്‍ പുറത്തിറങ്ങിയ ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിലാണ് അഭിനയിച്ചിത്. ഫഹദ് ഫാസിലാണു നായകന്‍. ഷാര്‍ജയില്‍ ചിത്രീകരിച്ച ഒരു സീനില്‍ പോലീസുകാരന്റെ വേഷത്തിലാണ് ഫൈസല്‍ അഭിനയിച്ചത്.
യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനായിരുന്ന ജയഘോഷിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. ജയഘോഷിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലും ആക്കുളത്തെ കുടുംബ വീട്ടിലുമാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ആത്മഹത്യ ശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ജയഘോഷ് ഇന്നലെയാണ് വീട്ടില്‍ തിരിച്ചെത്തിയത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ റമീസിന് കടം കൊടുത്ത പണം തിരിച്ചുകിട്ടിയത് സ്വര്‍ണമായിട്ടാണെന്ന് കസ്റ്റംസ് അറസ്റ്റു ചെയ്ത സംജു. കള്ളക്കടത്തില്‍ പങ്കില്ലെന്നും കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ അഭിഭാഷകന്‍ വാദിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ അന്വേഷണത്തിന് മുന്‍പേ സിസിടിവി ദൃശ്യങ്ങള്‍ അടക്കം സെക്രട്ടറിയേറ്റിലെ തെളിവുകള്‍ നശിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടിമിന്നലില്‍ നശിച്ച സിസിടിവി മാറ്റണമെന്ന ഉത്തരവ് തെളിവു നശിപ്പിക്കലിന്റെ ഭാഗമാണെന്നും ചെന്നിത്തല.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണത്തിനുള്ള വിലക്ക് നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഡ്രാഗണ്‍ സ്റ്റോണ്‍ റീയല്‍ട്ടി, വിന്റര്‍ഫെല്‍ റീയല്‍ട്ടി എന്നീ കമ്പനികള്‍ നല്‍കിയ അപേക്ഷ ആണ് കോടതി തള്ളിയത്.
പാനൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം നടത്താന്‍ തലശേരി അഡീഷണല്‍ ജില്ലാ കോടതി ഉത്തരവിട്ടു. അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോരായ്മയുണ്ടെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
പോലീസ് എസ്‌ഐമാരുടെ പാസിംഗ് ഔട്ട് പരേഡിന് ഓണ്‍ലൈനില്‍ സല്യൂട്ട്. ഇന്നു രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. ഇന്ത്യയില്‍ ഇതാദ്യമായാണ് ഓണ്‍ലൈനില്‍ പാസിംഗ് ഔട്ട് പരേഡിനു സല്യൂട്ട് സ്വീകരിക്കുന്നത്. പോലീസ് അക്കാദമിയുടെ ഫേസ് ബുക്ക് പേജിലൂടെ കാണാമെന്ന് സര്‍ക്കാര്‍.
മന്ത്രി ഇ.പി. ജയരാജന്റെ പേഴ്ണല്‍ സ്റ്റാഫ് അംഗം സജീഷിനെ ഓഫീസ് ചുമതലകളില്‍നിന്നു നീക്കി. കായിക വകുപ്പിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന ഇദ്ദേഹം പദവി ദുരുപയോഗം ചെയ്തതിന്റെ പേരിലാണു നടപടി. ചികിത്സക്ക് നീണ്ട അവധിക്കായി അപേക്ഷിച്ചതിനാലാണ് മാറ്റിയതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
കണ്ണൂരില്‍ ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ പിടിയില്‍. പള്ളിക്കുളത്ത് 8.35 ഗ്രാം ഹാഷിഷ് ഓയിലുമായി ചിറക്കല്‍ അത്തായക്കുന്ന് സ്വദേശി ജസീല്‍ (25), സിജിലേഷ് (28) എന്നിവരെയാണു പിടികൂടിയത്.
ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇന്നലെ ആയിരം കടന്നു. 1,130 പേരാണു മരിച്ചത്. 45,601 പേര്‍കൂടി രോഗികളായി. ഇതുവരെ മരിച്ചവരുടെ എണ്ണം 29,890. 12,39,684 പേര്‍ രോഗബാധിതരായി. 4.25 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 7.84 ലക്ഷം പേര്‍ രോഗമുക്തരായി.
280 പേർ ഇന്നലെ മരിച്ച മഹാരാഷ്ട്രയില്‍ 10,576 പേര്‍കൂടി രോഗികളായി. 1.36 ലക്ഷം പേരാണ് ഇവിടെ ചികില്‍സയിലുള്ളത്. 518 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ ഇന്നലെ 5,849 പേര്‍ക്കുകൂടി രോഗം ബാധിച്ചു. കര്‍ണാടകത്തില്‍ 4,764 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 6,045 പേര്‍ക്കും രോഗംബാധിച്ചു.
കോവിഡ് വ്യാപനം തടയാന്‍ മണിപ്പൂര്‍ 14 ദിവസത്തേക്കു സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ പത്തു ദിവസത്തേക്കാണു സമ്പൂര്‍ണ ലോക്ഡൗണ്‍. പശ്ചിമ ബംഗാളില്‍ ഇന്നു ലോക്ഡൗണാണ്.
രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. മൂന്നു നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കി. ജനങ്ങളുമായുള്ള ബന്ധം എപ്പോഴും നിലനിര്‍ത്തണം. ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കണം. സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമുണ്ടാക്കണം.
പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ഉള്‍ക്കൊള്ളുന്നതാവണം വികസന അജണ്ടകളുടെ അടിസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആരോഗ്യരംഗത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഐഡിയ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മോദി.
രാജസ്ഥാനില്‍ കുതിരക്കച്ചവടം നടത്താന്‍ കേന്ദ്ര മന്ത്രിയും ബിജെപിയും ശ്രമിക്കുകയാണെന്ന് ആരോപിച്ച് അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ബോളിവുഡിലെ ചില സെലിബ്രിറ്റികള്‍ക്ക് പാക് ചാരസംഘടനയായ ഐസ്ഐയുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാവ്. പാര്‍ട്ടി ദേശീയ വൈസ്പ്രസിഡന്റും വക്താവുമായ ബൈജയന്ത് ജയ് പാണ്ഡയാണ് ആരോപണം ഉന്നയിച്ചത്.
രാജാ മാന്‍സിംഗ് കൊലക്കേസില്‍ പ്രതികളായ 11 പോലീസുകാര്‍ക്കും ജീവപര്യന്തം തടവ്. മഥുരയിലെ പ്രത്യേക സിബിഐ കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. പ്രതികള്‍ പതിനായിരം രൂപ വീതം പിഴയും അടയ്ക്കണം. കേസില്‍ പ്രതികളായ 11 പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ജനങ്ങള്‍ കഷ്ടപ്പെടുന്നതു കാണാന്‍ തനിക്കു കഴിയില്ലെന്നും താന്‍ ഡൊണാള്‍ഡ് ട്രംപല്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉദ്ധവിന്റെ പരാമര്‍ശം. മുംബൈയിലെ തെരുവുകളില്‍ വടാപാവ് ഇനി കിട്ടുമോയെന്ന സഞ്ജയ് റാവത്തിന്റെ ചോദ്യത്തിനാണ് താന്‍ ട്രംപല്ലെന്ന മറുപടി.
ആന്ധ്രപ്രദേശില്‍ പതിമ്മൂന്നുകാരിയെ സഹോദരന്‍ 27,000 രൂപയ്ക്ക് പെണ്‍വാണിഭ സംഘത്തിനു വിറ്റു. പെണ്‍കുട്ടിയെ വാങ്ങിയവരുടെ കണ്ണുവെട്ടിച്ച് 100 ല്‍ വിളിച്ച പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചു. ആന്ധ്രപ്രദേശിലെ സിങ്കരായകോണ്ടയിലെ ഒരു വീട്ടില്‍നിന്നാണ് പോലീസ് സംഘം പെണ്‍കുട്ടിയെ മോചിപ്പിച്ചത്. വീട്ടുടമയെ അറസ്റ്റ് ചെയ്തു.
ആഗോളതലത്തിൽ കോവിഡ് രോഗവ്യാപനവും മരണനിരക്കും കൂടുന്നു. ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 6,919 പേര്‍കൂടി മരിച്ചു. 2,78,574 പേര്‍കൂടി രോഗികളായി. ഇതുവരെ 6,25,331 പേര്‍ മരിച്ചു. 1.53 കോടി പേരാണു രോഗബാധിതരായത്. ബ്രസീലില്‍ 1,293 പേരും അമേരിക്കയില്‍ 1,207 പേരുമാണു മരിച്ചത്.
അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ചൈനയുടെ കോണ്‍സുലേറ്റ് മൂന്നു ദിവസത്തിനകം അടച്ചുപൂട്ടണമെന്ന് അമേരിക്ക. ചൈന – യു.എസ് തര്‍ക്കം രൂക്ഷമായിരിക്കേയാണ് കടുത്ത നിലപാട്. അതിരുവിട്ടതും ന്യായീകരിക്കാന്‍ കഴിയാത്തതുമായ നിര്‍ദേശമാണിതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍.
മാതാപിതാക്കളെ കൊലപ്പെടുത്തിയ മൂന്നു ഭീകരരെ വെടിവച്ചു കൊന്ന പതിനാറുകാരിക്ക് അഭിനന്ദനപ്രവാഹം. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ ഖമര്‍ ഗുല്‍ എന്ന പെണ്‍കുട്ടിയാണ് താലിബാന്‍ ഭീകരെ എകെ-47 തോക്കുമായി നേരിട്ടത്.
മികച്ച ഫുള്‍ ബാക്കായ നിഷുകുമാര്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍. നാലു വര്‍ഷത്തേക്കാണു കരാര്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയാണ് ഈ 22 കാരന്‍.
ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോഡിനെ എതിരില്ലാത്ത നാലു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി.
ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി 2024 ആകുമ്പോഴേക്കും 99 ബില്യണ്‍ ഡോളര്‍ വലിപ്പം ആര്‍ജ്ജിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് പഠനം. 27 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പ്രവചിക്കുന്നത്. ഓണ്‍ലൈന്‍ പലചരക്ക് വിപണിയില്‍ റിലയന്‍സ് ഇന്റസ്ട്രീസ് അപ്രമാദിത്വം നേടുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വാട്‌സ്ആപ്പുമായി ചേര്‍ന്ന് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ പ്രവേശിക്കാനാണ് റിലയന്‍സിന്റെ ശ്രമം.
കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ ആകെ 4.19 ലക്ഷം തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കണക്ക്. മെയ് മാസത്തില്‍ 3.18 ലക്ഷവും ഏപ്രില്‍ മാസത്തില്‍ ഒരു ലക്ഷം തൊഴിലുകളും മാത്രമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മെയ് 2019 ല്‍ 3.10 ലക്ഷവും 2018 ല്‍ 3.88 ലക്ഷം തൊഴിലുകളും സൃഷ്ടിക്കപ്പെട്ടിരുന്നു.
കമല്‍ഹാസന്‍ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗൗതം മേനോന്‍ ഒരുക്കിയ ‘വേട്ടയാട് വിളയാട്’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കീര്‍ത്തി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിനായി ആദ്യം അനുഷ്‌ക്ക ഷെട്ടിയെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കമല്‍ഹാസന്റെ കരിയറിലെ ഹിറ്റ് ചിത്രമായിരുന്നു വേട്ടയാട് വിളയാട്. കമല്‍ പൊലീസ് വേഷത്തിലെത്തിയ സിനിമയില്‍ ജ്യോതികയും കമാലിനി മുഖര്‍ജിയുമാണ് പ്രധാന വേഷത്തിലെത്തിയത്.
ചരിത്ര പുരുഷന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ 1921 ന് ലഭിച്ച ധനസമാഹരണത്തെക്കുറിച്ച് വിശദീകരിച്ച് ഫേസ്ബുക്കിലൂടെ അലി അക്ബര്‍ പലതവണ രംഗത്തെത്തിയിരുന്നു. ആദ്യ രണ്ട് ദിവസങ്ങളില്‍ 16.30 ലക്ഷം രൂപ കിട്ടിയെന്നാണ് ജൂണ്‍ 27ന് അലി അക്ബര്‍ പറഞ്ഞത്. പിന്നീട് പല തവണ ലഭിച്ച തുക എത്രയെന്ന് വെളിപ്പെടുത്തി അദ്ദേഹം സമൂഹമാധ്യമത്തില്‍ എത്തിയിരുന്നു. 2223 പേരില്‍ നിന്നായി 62 ലക്ഷത്തിലേറെ രൂപയാണ് ഇതുവരെ ലഭിച്ചതെന്ന് അലി അക്ബര്‍ പറയുന്നു. 62,15,722 എന്നാണ് പുറത്തുവിട്ടിരിക്കുന്ന മുഴുവന്‍ സംഖ്യ.
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗന്റെ സെഡാനായ പസാറ്റിനെ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എന്ന് റിപ്പോര്‍ട്ട്. കാറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പെട്രോള്‍ എഞ്ചിനിലാകും പുതിയ വാഹനം വിപണിയില്‍ എത്തുക. 2007-ലാണ് പസാറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
ആദിരാമായണം അനശ്വരമാക്കിയ ശ്രീരാമചരിതത്തിന്റെ നോവല്‍ രൂപം. രാമായണകഥാസന്ദര്‍ഭങ്ങള്‍ക്ക് തത്ത്വവിചാരത്തിന്റേയും ചരിത്രപരതയുടേയും ഗരിമ സമ്മാനിക്കുന്ന സര്‍ഗനിര്‍മിതി. ആദികവിയുടെ കഥാപാത്രങ്ങളെ അതേ ഭാവസൗകുമാര്യത്തില്‍ നിലനിറുത്തിക്കൊണ്ടുള്ള പുനര്‍വിചാരം. ‘അഭിരാമപര്‍വം’. ഡോ. ടി.ആര്‍. ശങ്കുണ്ണി. എച്ച് &സി ബുക്‌സ്. വില 500 രൂപ.
വീട്ടിനകത്ത് നിന്ന് കോവിഡ് രോഗം പകരാനുളള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. ഒരു അംഗത്തിന് രോഗം ബാധിച്ചാല്‍ വീട്ടിലെ മറ്റുളളവരിലേക്ക് വൈറസ് ബാധ പകരാനുളള സാധ്യത കൂടുതലാണെന്ന് ദക്ഷിണ കൊറിയയിലെ പകര്‍ച്ചവ്യാധി വിദഗ്ധര്‍ പറയുന്നു. വീടിന് പുറത്തെ സമ്പര്‍ക്കവുമായി താരതമ്യം ചെയ്താണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പഠനത്തിന് വിധേയമാക്കിയ 100 കോവിഡ് ബാധിതരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് വീടിന് വെളിയില്‍ നിന്ന് രോഗം പകര്‍ന്നത്. എന്നാല്‍ പത്തില്‍ ഒരാള്‍ക്ക് വീട്ടില്‍ നിന്നാണ് രോഗം ബാധിച്ചിരിക്കുന്നത്. കൗമാരക്കാരിലും അറുപതിനും എഴുപതിനും ഇടയില്‍ പ്രായമുളളവരിലുമാണ് ആദ്യം കോവിഡ് കണ്ടെത്തിയതെങ്കില്‍ വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് രോഗം പകരാനുളള സാധ്യത കൂടുതലാണെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സാധാരണയായി മറ്റു കുടുംബാംഗങ്ങളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്നത് ഈ പ്രായപരിധിയില്‍പ്പെട്ടവരാണ് എന്നതാണ് ഇതിന് കാരണം. ഒമ്പത് വയസ്സിന് താഴെയുളള കുട്ടികള്‍ ആദ്യമായി കോവിഡ് ബാധിച്ചവര്‍ ആകാനുളള സാധ്യത വിരളമാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ രോഗലക്ഷണമില്ലാത്തവര്‍ ആകാനുളള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.