Pravasimalayaly

വാർത്തകൾ ചുരുക്കത്തിൽ

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇന്നു മുതല്‍ പൂര്‍ണതോതില്‍ തുറന്ന് പ്രവര്‍ത്തിക്കണം. എല്ലാ ജീവനക്കാരും ജോലിക്കെത്തണം. പൊതുമേഖലാ സ്ഥാപനങ്ങളും, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും, സഹകരണ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കണം. ഹോട്ട് സ്പോട്ടുകളിലേയും കണ്ടെയ്ന്‍മെന്റ് സോണുകളിലേയും ഓഫീസുകള്‍ ഭാഗികമായി തുറന്നാല്‍ മതി.

🔳കോവിഡ് 19 ബാധിച്ച് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വഴിനടയ്ക്കല്‍ കുമാരന്‍ മരിച്ചു. 87 വയസായിരുന്നു. എവിടെനിന്നാണു രോഗം ബാധിച്ചതെന്നു വ്യക്തമല്ല. ഇയാള്‍ക്ക് ആദ്യം ചികില്‍സ നല്‍കിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അടക്കമുള്ളവരെയും വീട്ടുകാരേയും നിരീക്ഷണത്തിലാക്കി. ജൂണ്‍ രണ്ടിനാണ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇതോടെ കോവിഡ് 19 ബാധിച്ചു കേരളത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി.

🔳കേരളത്തില്‍ ഇന്നലെ 107 പേര്‍ക്കുകൂടി കോവിഡ്-19. വിദേശത്തുനിന്നു വന്ന 71 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 28 പേര്‍ക്കുമാണു രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ എട്ടു പേര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ മൂന്നു പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ രണ്ടു പേര്‍ക്കു വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍: മലപ്പുറം- 27, തൃശൂര്‍-26 , പത്തനംതിട്ട-13, കൊല്ലം-9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് – 6 പേര്‍, തിരുവനന്തപുരം 4 , കോട്ടയം , കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം.

കേരളത്തില്‍ 1,095 പേരാണ് കോവിഡ് 19 ചികിത്സയിലുള്ളത്. ഇന്നലെ 41 പേര്‍കൂടി രോഗമുക്തരായതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 803 ആയി. 1,91,481 പേര്‍ നിരീക്ഷണത്തിലാണ്. 1,89,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1,716 പേര്‍ ആശുപത്രികളിലുമാണ്.

കേരളത്തില്‍ പുതുതായി ആറു ഹോട്ട് സ്‌പോട്ടുകള്‍കൂടി. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റിയാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ആകെ 144 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ 1,233 പേര്‍ക്കെതിരെ കേസെടുത്തു. 1,275 പേരെ അറസ്റ്റു ചെയ്തു. 649 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 3,048 പേര്‍ക്കെതിരേ നടപടി. ക്വാറന്റൈന്‍ ലംഘിച്ചതിന് 10 കേസുകളും രജിസ്റ്റര്‍ ചെയ്തു.

പെട്രോള്‍, ഡീസല്‍ വില കൂട്ടി. ലിറ്ററിന് 60 പൈസയാണു വര്‍ധിപ്പിച്ചത്.

ആരാധനാലയങ്ങള്‍ പലതും തിരക്കിട്ടു തുറക്കില്ല. മുസ്ലിം പള്ളികള്‍ തുറക്കേണ്ടെന്ന തീരുമാനവുമായി മുസ്ലിം സംഘടനകളും മഹല്ല് കമ്മിറ്റികളും രംഗത്തെത്തി. മണ്ണാറശാല ക്ഷേത്രത്തില്‍ ജൂണ്‍ 22 വരെ പൊതുജനങ്ങള്‍ക്കു ദര്‍ശനം അനുവദിക്കില്ല. സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത, ആലപ്പുഴ രൂപത എന്നിവിടങ്ങളിലെ പളളികള്‍ ഈ മാസം തുറക്കില്ല. യാക്കോബായ സുറിയാനി സഭയുടെ കൊല്ലം, നിരണം ഭദ്രാസനങ്ങളുടെ കീഴിലുളള പള്ളികള്‍ ജൂണ്‍ 30 നു ശേഷമേ തുറക്കൂ.

മലപ്പുറം ജില്ലയിലെ മുസ്ലിം പള്ളികള്‍ തുറക്കില്ല. മലപ്പുറത്തെ പള്ളികള്‍ തുറക്കേണ്ടെന്ന തീരുമാനം ജില്ലാ മുസ്ലിം കോ- ഓഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് അറിയിച്ചത്.

ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കരുതെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. തുറന്നുകൊടുത്താല്‍ രോഗ പ്രതിരോധത്തിന്  ഇതുവരെ ചെയ്തതെല്ലാം ഇല്ലാതാകും. ഭക്തജനങ്ങള്‍ വീട്ടിലിരുന്ന് ഈശ്വരാരാധന നടത്തട്ടെ. ഗുരുവായൂരും ശബരിമലയും ഒരു കാരണവശാലും തുറക്കരുത്. സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി ആവശ്യപ്പെട്ടു.

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയുള്ള നടപടികള്‍ അറിയിക്കണമെന്ന് ഡി.ജി.പി. ആര്‍.ശ്രീലേഖയോട് നിര്‍ദേശിച്ചു.

കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവര്‍ ചോയിബസാര്‍ സ്വദേശി സന്തോഷ് ആത്മഹത്യ ചെയ്തു. ജോലിയും വരുമാനവും ഇല്ലാത്തതിനാല്‍ വിഷമത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍.

ഇരിങ്ങാലക്കുടയില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് കോവിഡ്. ഇവര്‍ എങ്ങനെയാണ് രോഗബാധിതരായെന്നു വ്യക്തമല്ല. കഴിഞ്ഞ ദിവസവും ഇരിങ്ങാലക്കുടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ തൃശൂര്‍ ജില്ലയില്‍ 26 പേര്‍ക്കുകൂടി കോവിഡ് ബാധിച്ചു. മൂന്നു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്. ഇതോടെ തൃശൂര്‍ ജില്ലയിലെ രോഗികളുടെ എണ്ണം 89 ആയി.

സ്‌കൂള്‍ പ്രവേശനം ഇനി ഓണ്‍ലൈനിലൂടെ. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ പത്തുവരെ ക്ലാസുകളില്‍ പ്രവേശനത്തിനും ടിസി വാങ്ങാനും സമ്പൂര്‍ണ വഴി ഓണ്‍ലൈനായി (sampoorna.kite.kerala.gov.in) അപേക്ഷിക്കാം. നേരിട്ട് അപേക്ഷിച്ചവര്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട.

കോഴിക്കോട് പുന്നക്കല്‍ ഉറുമി പവര്‍ ഹൗസിനു സമീപം മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുക്കം പൂളപ്പൊയില്‍ സ്വദേശി അനിസ് റഹ്മാനെയാണ്‌ മലവെള്ളപ്പാച്ചിലില്‍ കാണതായത്. അനീസ് റഹ്മാന്‍ അടക്കം മൂന്ന് പേര്‍ പവര്‍ ഹൗസിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു. ഇരുവഴിഞ്ഞി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.

മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ത്ത കേസിലെ സൂത്രധാരനും രണ്ടാം പ്രതിയുമായ കാലടി മാണിക്കമംഗലം സ്വദേശി കൃഷ്ണദാസ്(28) പിടിയിലായി.
മോഷണ കേസുകളിലെ പ്രതിയാണ്. എടിഎം തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമിച്ചതിന് കൊരട്ടി ആലുവ സ്റ്റേഷനിലും മാരകായുധങ്ങള്‍ കൈവശം വച്ചതിന് കാലടി സ്റ്റേഷനിലും കേസുണ്ട്. സെറ്റ് തകര്‍ത്ത കേസില്‍ നേരത്തെ അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു.

വയനാട് മൂലങ്കാവില്‍ കൃഷിയിടത്തിലെ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെട്ടു. ജനവാസ മേഖലയിലേക്ക് ഓടിപ്പോയ പുലിയെ പിന്നീട് മയക്കുവെടി വച്ചു പിടികൂടി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ പന്നിയെ പിടിക്കാന്‍ സ്ഥാപിച്ച കെണിയിലാണു പുലി കുടുങ്ങിയത്. വനംവകുപ്പുകാരുടെ നേതൃത്വത്തില്‍ മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പുലി കെണി തകര്‍ത്ത് രക്ഷപ്പെട്ടത്.  

കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രാഥമിക വിചാരണ നടപടികള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഇന്ന് ആരംഭിക്കും. സിലി വധക്കേസാണ് ആദ്യം പരിഗണിക്കുക. പ്രാഥമിക വാദം കേട്ട ശേഷം തുടര്‍ വിചാരണ  എന്നു തുടങ്ങണമെന്നു കോടതി തീരുമാനിക്കും.

ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 261 പേര്‍കൂടി മരിച്ചു. 10,884 പേര്‍കൂടി രോഗബാധിതരായി. ഇതുവരെ മരിച്ചവരുടെ എണ്ണം 7,207 ആയി. ആകെ രോഗബാധിതര്‍ 2,57,486. ചികില്‍സയിലുള്ളത് 1,26,418 പേരാണ്.

മഹാരാഷ്ട്രയില്‍ 91 പേര്‍കൂടി മരിച്ചു, 3007 പേര്‍കൂടി രോഗബാധിതരായി. 43,801 പേര്‍ ചികില്‍സയിലുണ്ട്. 51 പേര്‍കൂടി മരിച്ച ഡല്‍ഹിയിലും രോഗവ്യാപനം അതിവേഗത്തിലാണ്. 1,282 പേര്‍ കൂടി രോഗികളായി. 17,125 പേര്‍ ചികില്‍സയിലുണ്ട്. 18 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 1,515 പേര്‍കൂടി കോവിഡ് ബാധിതരായി. 14,396 പേര്‍ ചികില്‍സയിലാണ്.

ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹി നിവാസികള്‍ക്കു മാത്രമേ ചികിത്സ അനുവദിക്കൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞാല്‍ ഡല്‍ഹിക്കാര്‍ക്കു ചികില്‍സ ഇല്ലാതാകുമെന്നതിനാലാണ് ഈ നിയന്ത്രണമെന്നും അദ്ദേഹം പറഞ്ഞു.  

കോവിഡ് 19 മഹാമാരിക്കെതിരെ രാജ്യത്തെ ഒന്നിച്ചുനിര്‍ത്താനാണ് തന്റെ വെര്‍ച്വല്‍ റാലിയെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. ബിഹാര്‍ ജന്‍സംവാദ് റാലിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്യം തുടച്ചുമാറ്റുമെന്ന് ഇന്ദിരാഗാന്ധി വാക്കുനല്‍കിയെന്നു പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതു നടപ്പാക്കിയത് നരേന്ദ്രമോദിയാണെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായുടെ വെര്‍ച്വല്‍ റാലിക്കെതിരേ പ്രതിഷേധം. പാത്രങ്ങളില്‍ അടിച്ച് ശബ്ദമുണ്ടാക്കിയും ശബ്ദം മുഴക്കിയുമാണ് ആര്‍ജെഡി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബറി ദേവിയുടെ വസതിക്കു മുന്നില്‍ റാബറി അടക്കമുള്ളവരാണു പ്രതിഷേധിച്ചത്.

പുതുച്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം അലക്ഷ്യമായി മറവുചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം സ്‌ട്രെക്ച്ചറില്‍ നിന്നും കുഴിയിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരുന്നു. കളക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം.

ചികിത്സ കിട്ടാതെ നോയിഡയില്‍ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോവിഡ് രോഗികളല്ലാത്ത രോഗികള്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദ്‌രോഗമാണു കാരണം.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പിള്‍ ഡയറക്ടര്‍ ജനറല്‍ കെ എസ് ധത്വാലിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചു. നാഷനല്‍ മീഡിയ സെന്റര്‍ ആണുനശീകരണത്തിനായി അടച്ചിട്ടു. ഇദ്ദേഹം കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, നരേന്ദ്രസിംഗ് തൊമര്‍, പ്രകാശ് ജാവദേകര്‍ എന്നിവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനു പ്രേരിപ്പിച്ചെന്നും ആരോപിച്ച് അറസ്റ്റിലായ ദേശീയ അന്വേഷണ ഏജന്‍സി യുടെ കസ്റ്റഡിയിലുള്ള സ്ത്രീയ്ക്ക് കോവിഡ്. കാഷ്മീരില്‍ നിന്നുള്ള ഹിന ബാഷിര്‍ ഖാന്‍ എന്ന സ്ത്രീയ്ക്കാണ് രോഗം. ഡല്‍ഹിയിലെ ലോക് നായക് ജയ്പ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

ജമ്മു കാഷ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേന അഞ്ചു തീവ്രവാദികളെ വധിച്ചു. റെബാന്‍ മേഖലയില്‍ കരസേനയും സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്.

ലോകത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. ഇന്നലെ 3,375 പേര്‍കൂടി മരിച്ചു. 1,12,472 പേര്‍കൂടി രോഗികളായി. ഇതുവരെ 4,05,074 പേര്‍ മരിച്ചു, രോഗബാധിതരുടെ എണ്ണം 70,81,594 ആയി. 34.53 ലക്ഷം പേര്‍ രോഗമുക്തരായിട്ടുണ്ട്. ബ്രസീലില്‍ 542 പേരും അമേരിക്കയില്‍ 373 പേരും ഇന്നലെ മരിച്ചു. അമേരിക്കയില്‍ 1.12 ലക്ഷം പേരും ബ്രസീലില്‍ 36,499 പേരുമാണു ഇതുവരെ മരിച്ചത്. ഇന്നലെ ഏറ്റവുമധികം പേർ മരിച്ചത് ചിലിയിലാണ്‌ .649 പേർ.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നേരിട്ടുള്ള നികുതി പിരിവ് 4.92 ശതമാനം ഇടിഞ്ഞ് 12.33 ട്രില്യണ്‍ രൂപയായി. കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കല്‍, സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍, വ്യക്തിഗത ആദായ നികുതി ഇളവ് എന്നിവയാണ് നികുതി വരവ് കുറയാന്‍ ഇടയാക്കിയത്. എന്നാല്‍, കോര്‍പ്പറേറ്റ് നികുതിയിലും വ്യക്തിഗത ആദായനികുതിയിലും (പിഐടി) വരുമാനം മുന്‍കൂട്ടി കണ്ടാല്‍ മൊത്തം കളക്ഷന്‍ എട്ട് ശതമാനം വളര്‍ച്ച നേടി 2019-20 ല്‍ 14.01 ട്രില്യണ്‍ രൂപയായി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നേരിട്ടുള്ള നികുതി പിരിവ് 12,97,674 കോടി രൂപയായിരുന്നു.

ഒപെക്കും റഷ്യയും എണ്ണ ഉല്‍പാദനം കുറച്ച നടപടി ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചു. ജൂലൈ മാസം വരെ ഇനി ഉല്‍പാദന വര്‍ധനവ് ആലോചിക്കില്ലെന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്.  ജൂലൈ വരെ ആകെ എണ്ണ ഉല്‍പാദനത്തിന്റെ 10 ശതമാനമാണ് ഒപെകും റഷ്യയും ചേര്‍ന്ന് കുറയ്ക്കുക. ഏകദേശം 9.7 മില്യണ്‍ ബാരല്‍ എണ്ണയുടെ ഉല്‍പാദനം പ്രതിദിനം വെട്ടിക്കുറയ്ക്കും. ഉല്‍പാദന വെട്ടിക്കുറവ് പ്രഖ്യാപിച്ചതോടെ ബ്രെന്റ് ക്രൂഡ് നിരക്ക് ബാരലിന് 42 ഡോളറിന് മുകളിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് നായകനാകുന്ന ആദ്യ ചിത്രം ‘ഫ്രണ്ട്ഷിപ്പ്’ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. തെന്നിന്ത്യന്‍ താരം അര്‍ജുനും തമിഴ് ബിഗ് ബോസ് മത്സരാര്‍ഥിയും ശ്രീലങ്കന്‍ വാര്‍ത്താ അവതാരകയുമായ ലോസ്ലിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരു കാമ്പസ് ചിത്രമാകും ഇതെന്നാണ് മോഷന്‍ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ജോണ്‍ പോള്‍ രാജും ശ്യാം സൂര്യയും സംയുക്തമായിട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയ ജീവിതത്തിലേക്കു തിരിച്ചെത്തുകയാണ് സുഷ്മിത സെന്‍. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വെബ് സിരീസ് ആണ് സുഷ്മിതയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നത്. ‘ആര്യ’ എന്നു പേരിട്ടിരിക്കുന്ന സിരീസില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിക്കുന്നത്. സുഷ്മിതയുടെ ആദ്യ വെബ് സിരീസുമാണ് ഇത്. സിരീസിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തി.

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി മോഡലായ സാന്റാ ഫേയുടെ നാലാം തലമുറ മോഡല്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും പുതിയ സാന്റാഫേയിലെ എന്‍ജിനും വാഹനത്തിന്റെ കരുത്തും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Exit mobile version