പ്രഭാത വാർത്തകൾ
2020 ജൂൺ 13
1195 ഇടവം 30 📡
ശനിയാഴ്ച (പൂരുരുട്ടാതി നാൾ)
🔳ഇന്ത്യയില്‍ കോവിഡ് 19 വൈറസ് ബാധിച്ചവര്‍ മൂന്നു ലക്ഷം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 3,09,603 ആയി. ഇന്നലെ 388 പേര്‍കൂടി മരിക്കുകയും 11,314 പേര്‍കൂടി രോഗബാധിതരാകുകയും ചെയ്തു. ഇതുവരെ 8,890 പേരാണു മരിച്ചത്. 1.46 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 1.54 ലക്ഷം പേര്‍ രോഗമുക്തരായി. രോഗ വ്യാപനത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.
🔳രാത്രികാല കര്‍ഫ്യൂവില്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. ബസ്, ട്രക്കുകള്‍ എന്നിവയ്ക്കു രാത്രിയാത്ര അനുവദിച്ചു. രാത്രി ഒമ്പതു മുതല്‍ രാവിലെ അഞ്ചുവരെ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവിലാണ് ഇളവ് നല്‍കിയത്.
🔳ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തില്‍ എത്തുന്നവര്‍ക്കു കോവിഡ് 19 പരിശോധന നിര്‍ബന്ധമാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍.
🔳ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ഭക്തര്‍ക്കു പ്രവേശനമില്ല. ഇന്നു നിശ്ചയിച്ച വിവാഹം നടത്താം. നാളെ മുതല്‍ വിവാഹവും അനുവദിക്കില്ല. ക്ഷേത്രം അടച്ചിടാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍.
🔳ജിഎസ്ടി കണക്കുകള്‍ സമര്‍പ്പിക്കാന്‍ വൈകിയവര്‍ക്ക് പിഴയിലും പലിശയിലും ഇളവുകള്‍. അഞ്ചു കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്ക് ജിഎസ്ടി റിട്ടേണ്‍ ഫയല്‍ചെയ്യുന്നതിന് ലേറ്റ് ഫീ, പലിശ ഇളവുകള്‍ സെപ്റ്റംബര്‍വരെ നീട്ടി. ജൂലൈ വരെയുള്ള റിട്ടേണുകള്‍ക്ക് ഇളവു ലഭിക്കും. 2017 ജൂലൈ മുതല്‍ 2020 ജനുവരിവരെ റിട്ടേണ്‍ ഫയല്‍ചെയ്യാത്തവര്‍ക്ക് ലേറ്റ് ഫീയില്‍ ഇളവുകള്‍ അനുവദിച്ച് കുടിശ്ശിക മാപ്പാക്കല്‍ പദ്ധതി നടപ്പാക്കും. നികുതിബാധ്യത ഇല്ലാത്തവര്‍ ലേറ്റ് ഫീ നല്‍കേണ്ട. പരാമവധി ലേറ്റ് ഫീ 10,000 രൂപയില്‍നിന്ന് 500 രൂപയായി കുറച്ചു. ജൂലൈ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ കുടിശിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം.
🔳കേരളത്തില്‍ ഇന്നലെ 78 പേര്‍ക്കു കോവിഡ്-19. ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ ഏഴു പേര്‍ക്കും മലപ്പുറം ജില്ലയിലെ മൂന്നു പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
🔳ഇന്നലെ കോവിഡ് ബാധിച്ചവരില്‍ 14 പേര്‍ വീതം തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്നുള്ളവരാണ്. ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഏഴു പേര്‍ക്കും എറണാകുളം, പാലക്കാട് ജില്ലകളില്‍ അഞ്ചു പേര്‍ക്ക് വീതവും കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നാലു പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരിച്ചു) ജില്ലകളില്‍ മൂന്നു പേര്‍ക്കു വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
🔳കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച മരിച്ച ഉസ്മാന്‍ കുട്ടിക്ക് (71) കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഒമ്പതിന് മുംബൈയില്‍നിന്നു ട്രെയിന്‍ മാര്‍ഗമാണ് എത്തിയത്. ഹൃദ്രോഗവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം പത്തൊമ്പതായി.
🔳സംസ്ഥാനത്ത് 1,303 കോവിഡ് രോഗികളാണു ചികിത്സയിലുള്ളത്. 999 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. ഇന്നലെ 32 പേരാണു രോഗമുക്തരായത്. 2,27,402 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 2,25,417 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1985 പേര്‍ ആശുപത്രികളിലുമാണ്.
🔳പുതിയ ഒമ്പതു ഹോട്ട് സ്‌പോട്ടുകള്‍. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുനിസിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ആകെ 128 ഹോട്ട് സ്‌പോട്ടുകളുണ്ട്.
🔳തൃശൂര്‍ ജില്ലയിലെ മാര്‍ക്കറ്റുകള്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും അടച്ചിട്ട് അണുമുക്തമാക്കും. ജില്ലയില്‍ പത്ത് കണ്ടെയ്മെന്റ് സോണുകളുണ്ട്. 919 പേരെ ഇന്നലെ നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പതിനായിരം കവിഞ്ഞു.
🔳കാലവര്‍ഷം ദുര്‍ബലപ്പെട്ടെങ്കിലും മഴ തുടരും. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട്.
🔳കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുന്‍ധാരണയനുസരിച്ച് രാജിവച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. രാജിക്ക് ഉപാധികള്‍ അംഗീകരിക്കില്ലെന്നും പാര്‍ട്ടി നേതൃയോഗത്തിനുശേഷം ജോസഫ് പറഞ്ഞു.
🔳തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍.
🔳കണ്ണൂര്‍ കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി. ബ്ലാത്തൂര്‍ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുണ്‍ എന്നിവരെയാണു കാണാതായത്.
🔳പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലനും താഹയും ജയില്‍നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്നും ജയില്‍വകുപ്പ്. വിയ്യൂര്‍ ജയിലില്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ഇരുവര്‍ക്കുമെതിരേ എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് എന്‍ഐഎ കോടതിക്ക് പരാതി നല്‍കിയിരുന്നു.
🔳സിനിമാ ലൊക്കേഷനുകളില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ദാസ് തിരുവനന്തപുരം അന്തരിച്ചു.
🔳പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ജൂണ്‍ 16, 17 തീയതികളില്‍ ആശയവിനിമയം നടത്തും. കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൗണ്‍ ഇളവുകളും ചര്‍ച്ചയാകും.
🔳മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കോവിഡ് 19 രോഗവ്യാപനം വര്‍ധിക്കുന്നു. 127 പേര്‍കൂടി മരിച്ച മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 3,493 പേര്‍കൂടി രോഗികളായതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,01,141 ആയി. 49,628 പേര്‍ ചികില്‍സയിലുണ്ട്. 129 പേര്‍കൂടി മരിച്ച ഡല്‍ഹിയില്‍ 2,137 പേര്‍കൂടി രോഗികളായി. 22,212 പേരാണു ചികില്‍സയിലുള്ളത്. 18 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 1,982 പേര്‍കൂടി രോഗികളായി. 18,284 പേര്‍ ചികില്‍സയിലാണ്.
🔳ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആയി കെ.കെ. വേണുഗോപാല്‍ ഒരു വര്‍ഷം കൂടി തുടരും. 2017 ല്‍ മൂന്നു വര്‍ഷത്തേക്കാണ് വേണുഗോപാലിനെ അറ്റോര്‍ണി ജനറലായി നിയമിച്ചിരുന്നത്.
🔳കോവിഡ് 19 മഹാമാരിയെക്കാള്‍ രാജ്യത്ത് ദുരിതം വിതച്ചത് ലോക്ക്ഡൗണ്‍ ആണെന്ന് ഡല്‍ഹി ഹൈക്കോടതി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരായ ഹര്‍ജി തള്ളിയ ഹൈക്കോടതി പ്രശസ്തിക്കു ശ്രമിച്ചെന്ന് ആരോപിച്ച് ഹര്‍ജിക്കാരനെതിരേ 20,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
🔳തമിഴ്നാട്ടില്‍ മദ്രാസ് മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 42 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 58 പിജി വിദ്യാര്‍ഥികളില്‍ നടത്തിയ പരിശോധനയിലാണ് 42 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്.
🔳ഡല്‍ഹിയില്‍ കേരള ഹൗസിലെ ജീവനക്കാരന് കോവിഡ്. ഉത്തരേന്ത്യക്കാരനായ കരാര്‍ തൊഴിലാളിക്കാണു രോഗം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമ്പര്‍ക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കി.
🔳കോവിഡ് പ്രതിസന്ധി നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിനു കഴിയുന്നില്ലെന്നും ധാര്‍ഷ്ട്യത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
🔳പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് ഒഡിഷ പോലീസിന് ലഭിച്ച പിഴ 1.25 കോടി രൂപ. സാമൂഹിക അകലം പാലിക്കാത്തതിന് 11.47 ലക്ഷം രൂപയാണ് പോലീസിന് പിഴ ലഭിച്ചത്. രാത്രി കര്‍ഫ്യൂ ലംഘനത്തിന് 1.03 ലക്ഷം രൂപയും.
🔳സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ കെ മാധവനെ ദേശീയ മാധ്യമ-വിനോദ കമ്മിറ്റി ചെയര്‍മാനായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നിയമിച്ചു.
🔳ഡല്‍ഹിയില്‍ കോവിഡ് 19 പ്രതിരോധ നടപടികളെ നിശിതമായി സുപ്രീം കോടതി വിമര്‍ശിച്ചതിനു പിറകേ അരവിന്ദ് കേജരിവാള്‍ സര്‍ക്കാരിനെതിരെ ബിജെപി. ഡല്‍ഹിയിലെ ആരോഗ്യ മേഖല തകര്‍ന്നതായും കോവിഡ് രോഗികളുടെ മൃതദേഹങ്ങളോട് അനാദരവു കാണിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
🔳കോവിഡ് 19 ഭേദമാക്കാന്‍ രോഗികളുടെ കൈകളില്‍ ചുംബിച്ച മധ്യപ്രദേശിലെ ആള്‍ദൈവം അസ്ലം ബാബ കോവിഡ് 19 ബാധിച്ച് മരിച്ചു. ജൂണ്‍ മൂന്നിനാണ് അസ്ലം ബാബയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ബാബയുമായി സമ്പര്‍ക്കമുണ്ടായ ഇരുന്നൂറോളം പേര്‍ നിരീക്ഷണത്തിലാണ്.
🔳ആഗോളതലത്തില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 4,588 പേര്‍കൂടി മരിച്ചു. 1,39,454 പേര്‍കൂടി രോഗികളായി. ഇതുവരെ മരിച്ചവരുടെ എണ്ണം 4,27,675 ആയി. ആകെ രോഗബാധിതര്‍ 77.24 ലക്ഷം. 39.16 ലക്ഷം പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ 843 പേരും അമേരിക്കയില്‍ 779 പേരും ഇന്നലെ മരിച്ചു. രോഗവ്യാപനത്തില്‍ ഇന്ത്യ യുകെയെ മറികടന്ന് നാലാം സ്ഥാനത്താണ്. 41,481 പേര്‍ മരിച്ച യുകെയില്‍ 2.92 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്.
🔳രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ആധാറില്‍ അധിഷ്ടിതമായ ഓണ്‍ലൈന്‍ സേവിങ്‌സ് അക്കൗണ്ട് സേവനം പുനരാരംഭിച്ചു. യോനോ പ്ലാറ്റ്‌ഫോം വഴിയാണ് സേവനം ലഭ്യമാക്കുക. പാന്‍, ആധാര്‍ നമ്പറുകള്‍ മാത്രം ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അക്കൗണ്ട് തുടങ്ങാനുളള സൗകര്യമാണ് എസ്ബിഐ ഒരുക്കിയത്. അപേക്ഷിച്ച് നിമിഷങ്ങള്‍ക്കകം അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.
🔳സ്‌കിന്‍ ലോഷന്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഹെഡ്‌സെറ്റ് കിട്ടിയ സോഫ്റ്റ് വെയര്‍ കമ്പനി ഉടമയായ ഗൗതം റെഗേയുടെ ട്വീറ്റ് വൈറലായി. ആമസോണില്‍ 300 രൂപയുടെ സ്‌കിന്‍ ലോഷന്‍ ഓര്‍ഡര്‍ ചെയ്തപ്പോഴാണ് 19,000 രൂപയോളം വിലയുള്ള ഹെഡ്‌സെറ്റ് ഡെലിവര്‍ ചെയ്തിരിക്കുന്നത്. മാറിക്കിട്ടിയ ഹെഡ്‌സെറ്റ് തിരിച്ചുനല്‍കാന്‍ ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോഴാണ് ഗൗതമിനെ ഞെട്ടിച്ചുകൊണ്ട് കമ്പനിയുടെ തീരുമാനം. ഓര്‍ഡര്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് ഗൗതം ട്വിറ്ററില്‍ തന്റെ അനുഭവം പങ്കുവച്ചത്. തനിക്ക് ലഭിച്ച പാക്കേജിന്റെ ചിത്രവും ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഗൗതം ഓര്‍ഡര്‍ ചെയ്ത ലോഷന്‍ ഇനിയും സ്‌റ്റോക്ക് ഉണ്ടോ എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്.
🔳വിഖ്യാത സാഹിത്യകാരന്‍ യു.എ. ഖാദറിനെക്കുറിച്ച് എന്‍.ഇ ഹരികുമാര്‍ സംവിധാനം ചെയ്ത ‘ഉറഞ്ഞാടുന്ന ദേശങ്ങള്‍’ ഡോക്യമെന്ററിയുടെ യുട്യൂബ് റിലീസ് പ്രശസ്ത സംവിധായകനും ചലചിത്രതാരവുമായ ജോയ് മാത്യു ജൂണ്‍ 13 ശനിയാഴ്ച രാവിലെ 10 മണിക്ക് ഫേസ്ബുക്ക് പേജിലൂടെ നിര്‍വഹിക്കുന്നു.
🔳കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ ഗാനം. കരുണ എന്ന പേരിലുളള ഗാനത്തിന് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാലാണ് സംഗീതം ഒരുക്കിയത്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍. നടനും സംവിധായകനുമായ വിജയകുമാര്‍ പ്രഭാകരന്റെ സംവിധാനത്തില്‍ ഒരുക്കിയ ഗാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ്. മടിക്കാതെ പാലിക്കാം, മറക്കാതെ ശീലിക്കാം, ഭയക്കാതെ ജീവിക്കാം, നാളേയ്ക്കായി എന്നതാണ് ഗാനത്തിന്റെ സന്ദേശം.
🔳തെന്നിന്ത്യന്‍ യുവ സംവിധായകന്‍ സുജീത്ത് വിവാഹിതനാകുന്നു. പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുജീത്ത്. പ്രവാളികയാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞു. ദന്തഡോക്ടറാണ് പ്രവാളിക. ഇരുവരും ഹൈദരാബാദ് സ്വദേശികളാണ്. കോവിഡ് പശ്ചാത്തലത്തില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത് വളരെ ലളിതമായാണ് നിശ്ചയ ചടങ്ങുകള്‍ നടന്നത്.
🔳രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജിന്റെ ജനപ്രിയ മോഡല്‍ പ്ലാറ്റിന 100, പ്ലാറ്റിന 110 എച്ച്-ഗിയര്‍ എന്നിവയുടെ വില കൂട്ടി. യഥാക്രമം 1,498 രൂപ, 2,349 രൂപ എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില വര്‍ദ്ധനവ്. പ്ലാറ്റിന 100 കിക്ക്-സ്റ്റാര്‍ട്ട് പതിപ്പിന് ഇപ്പോള്‍ 49,261 രൂപയും പ്ലാറ്റിന 110 എച്ച്-ഗിയറിന് 62,899 രൂപയുമാണ് വില.