വാർത്തകൾ ചുരുക്കത്തിൽ

0
31

പ്രഭാത വാർത്തകൾ
2020 ജൂൺ 14
1195 ഇടവം 31 📡
ഞായറാഴ്ച (ഉത്രട്ടാതി നാൾ)

🔳ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയേക്കും. വിമാനയാത്രയ്ക്കു മുന്‍പ് ആന്റിബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് പുതിയ നിലപാട്. പരിശോധനാ മാനദണ്ഡങ്ങള്‍ ആരാഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡിര്‍മാര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കി. ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്ന് ഈ മാസം 20 മുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് നൂറുകണക്കിനു പേരാണ് എത്തുക.

🔳കേരളത്തില്‍ ഇന്നലെ 85 പേര്‍ക്കുകൂടി കോവിഡ്-19. വിദേശത്തുനിന്നു വന്ന 53 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 18 പേര്‍ക്കുമാണു രോഗബാധ. 10 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗികളായി. ഇന്നലെ 46 പേര്‍ രോഗമുക്തരായി.  
1,342 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,045 പേര്‍ രോഗമുക്തരായി. 2,35,418 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,33,429 പേര്‍ വീട്ടിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 1,989 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

🔳ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ മലപ്പുറം ജില്ലക്കാരാണ്. കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ ഒമ്പതു പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ എട്ടു പേര്‍ക്കും എറണാകുളം ജില്ലയില്‍ ഏഴു പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള നാലു പേര്‍ക്കു വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ നാലു പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയിലെ ഒന്നും മലപ്പുറം ജില്ലയിലെ മൂന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

🔳രണ്ടു ദിവസം മുമ്പു കാണാതായ സെക്രട്ടേറിയറ്റിലെ റെക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍സെക്രട്ടറിയുടെ മൃതദേഹം വാമനപുരം നദിയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറി (42) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നു സംശയിക്കുന്നു. ഇളയുടെ സ്‌കൂട്ടര്‍ നദിയുടെ കടവിനു സമീപം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നദിയില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.

🔳തലച്ചോറില്‍ രക്തസ്രാവംമൂലം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മന്ത്രി എംഎം മണിക്ക് ശസ്ത്രക്രിയ നടത്തി. ആരോഗ്യ നില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍.

🔳കോവിഡ് 19 മഹാമാരി പ്രതിരോധം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമായി യോഗംചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവരും പങ്കെടുത്തു.  

🔳കോട്ടയം മുണ്ടക്കയത്ത് ചുമട്ടുതൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞും തലയ്ക്ക് അടിച്ചും കൊലപ്പെടുത്തി. കൊട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജാണ് കൊല്ലപ്പെട്ടത്. അയല്‍വാസി ബിജുവിനെ കസ്റ്റഡിയിലെടുത്തു. വീടിനടുത്തു വാഹനം തിരിക്കുന്നതിനെച്ചൊല്ലിയുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

🔳ഇന്നു ലോക രക്തദാന ദിനം. കോവിഡ് രോഗവ്യാപനവും ലോക്ഡൗണും മൂലം രക്തബാങ്കുകളില്‍ രക്തദാനം നല്‍കുന്നവരുടെ എണ്ണം വളരെ കുറഞ്ഞിരുന്നു. രക്തദാന ദിനത്തോടനുബന്ധിച്ച് ഇന്നു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രക്തദാന പരിപാടികള്‍.

🔳ലൈബീരിയ സ്വദേശിയായ ആറുവയസുകാരന്‍ ജിന്‍പേയ്ക്കു കൊച്ചിയില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു. എന്നാല്‍ അമ്മ ജെനിയുമൊത്തു നാട്ടിലേക്കു മടങ്ങാനാകാതെ രണ്ടര മാസമായി വിഷമിക്കുകയാണ്. ഹൃദയ വാള്‍വിനുള്ള തകരാര്‍ പരിഹരിക്കാന്‍  ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണു നടത്തിയത്. ലൈബീരിയയില്‍ ചികില്‍സാ സൗകര്യം ഇല്ലാത്തതിനാല്‍ മാര്‍ച്ച് മാസത്തില്‍ കേരളത്തില്‍ എത്തിയതാണ്. ശസ്ത്രക്രിയ വിജയകരമായി നടത്തിയെങ്കിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൊച്ചിയിലെ ആശുപത്രിയില്‍ കുടുങ്ങി. കൈയിലെ പണവും തീര്‍ന്നു. സ്വകാര്യ ആശുപത്രി അധികൃതരുടെ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്.

🔳മംഗലാപുരത്തുനിന്ന് എത്തിയ നഴ്സിംഗ് വിദ്യാര്‍ഥിക്ക് ക്വാറന്റീന്‍ സൗകര്യം വൈകിയത് നാലു മണിക്കൂര്‍. കൊച്ചി ഉദയംപേരൂരിലാണ് സംഭവം. അത്രയും സമയം ഓട്ടോറിക്ഷയില്‍ കാത്തിരുന്നതിനുശേഷം ജില്ലാ കളക്ടര്‍ ഇടപെട്ട് വിദ്യാര്‍ഥിയെ തൃപ്പൂണിത്തുറ ആയുര്‍വേദ കോളജില്‍ ക്വാറന്റീനിലാക്കി.

🔳നടി രമ്യ കൃഷ്ണന്റെ കാറില്‍നിന്ന് എട്ടു മദ്യക്കുപ്പികളും 96 ബിയര്‍ കുപ്പികളും പിടികൂടി. ചെന്നൈ ചെങ്കല്‍പേട്ട് ചെക്കപോസ്റ്റിലാണ് ഇവര്‍ കുടുങ്ങിയത്. കാറില്‍ രമ്യാ കൃഷ്ണനും സഹോദരി വിനയ കൃഷ്ണനും ഉണ്ടായിരുന്നു. കാര്‍ ഡ്രൈവര്‍ ശെല്‍വകുമാറിനെ അറസ്റ്റു ചെയ്തു.

🔳മണം, രുചി എന്നിവ തിരിച്ചറിയാനാകുന്നില്ലേ? കോവിഡ് 19 ലക്ഷണങ്ങളില്‍ ഇതും ഉള്‍പ്പെടുത്തി പട്ടിക പുതുക്കി. ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോക്കോള്‍ മാര്‍ഗരേഖയില്‍ പനി, ചുമ, തളര്‍ച്ച, ശ്വാസതടസം, കഫം, പേശിവേദന, കടുത്ത ജലദോഷം, തൊണ്ടവേദന, ഡയറിയ എന്നിങ്ങനെ ഏഴുലക്ഷണങ്ങളാണ് ഉള്‍പ്പെടുത്തിയത്.

🔳ഛായാഗ്രഹകന്‍ ബി കണ്ണന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് വടപളനിയിലെ ആശുപത്രിയില്‍ ശസത്രകിയ നടത്തിയിരുന്നു.

🔳ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 309 പേര്‍കൂടി മരിച്ചു. 12,031 പേര്‍ക്കുകൂടി രോഗം ബാധിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 9,199 ആയി. രോഗബാധിതര്‍ 3,21,626. ഒന്നര ലക്ഷം പേര്‍ ചികില്‍സയിലുണ്ട്.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 113 പേര്‍കൂടി മരിക്കുകയും 3,427 പേര്‍കൂടി രോഗബാധിതരാകുകയും ചെയ്തു. ഇതുവരെ രോഗബാധിതരായവരുടെ  എണ്ണം ലക്ഷം കവിഞ്ഞു. 51,379 പേരാണു ചികില്‍സയിലുള്ളത്. 57 പേര്‍കൂടി മരിച്ച ഡല്‍ഹിയില്‍ 2,134 പേര്‍കൂടി രോഗികളായി. 22,742 പേര്‍ ചികില്‍സയിലുണ്ട്. മുപ്പതു പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ ഇന്നലെ 1,989 പേര്‍കൂടി രോഗികളായി. 18,881 പേര്‍ ചികില്‍സയിലുണ്ട്.

🔳മുംബൈയിലെ ആശുപത്രികള്‍ നിറഞ്ഞു. ആശുപത്രികളിലെ ഐസിയുകളിലുള്ള 1181 കിടക്കകളില്‍ 1167 കിടക്കയിലും കോവിഡ് രോഗികളാണ്. 14 കിടക്കകള്‍ മാത്രമാണ് ശേഷിക്കുന്നത്. 530 വെന്റിലേറ്ററുകളില്‍ 497 എണ്ണവും ഉപയോഗത്തിലാണ്.

🔳ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പടെ ബി ജെ പി നേതാക്കളുടെ പ്രസ്താവനകള്‍ വാര്‍ത്തയില്‍ പരാമര്‍ശിച്ചതിന് ഹിമാചല്‍ പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ബിജെപി വക്താവ് നവീന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹിമാചല്‍ പ്രദേശില്‍ ഹാജരാകണമെന്നു ദുവയോട് പോലീസ് നിര്‍ദേശിച്ചിരുന്നു. അറസ്റ്റ് തടയണമെന്ന ദുവയുടെ ആവശ്യം പരിഗണിച്ചാണ് ഞായറാഴ്ച ഹര്‍ജി പരിഗണിക്കുന്നത്.

🔳തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ഒരു എംഎല്‍എയ്ക്കുകൂടി കൊറോണ വൈറസ് ബാധിച്ചു. ശ്രീപെരുമ്പത്തൂര്‍ എംഎല്‍എ കെ. പളനി (57) ക്കാണ് രോഗം. ചെപ്പോക്ക് എംഎല്‍എയും ഡിഎംകെ നേതാവുമായ ജെ അന്‍പഴകന്‍ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

🔳ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഇന്നു സുപ്രധാന ചര്‍ച്ച. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

🔳ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ജൈന സന്ന്യാസി ജോധ്പൂര്‍ സ്വദേശി ആചാര്യ സുകുമാല്‍ നന്ദി(38) അറസ്റ്റിലായി. ഇയാളുടെ ആശ്രമത്തില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍, ലാപ്ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, മൊബൈല്‍ ഫോണുകള്‍,  ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു.

🔳കിഴക്കന്‍ രാജസ്ഥാനിലെ ജോധ്പുരിനടുത്ത സോയ്ല ഗ്രാമത്തിലെ തടാകത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തി. തടാകത്തില്‍ വെള്ളമില്ലാത്തതാണു കാരണം. മണ്‍സൂണ്‍ വരുന്നതുവരെ മല്‍സ്യങ്ങളെ ജീവനോടെ നിലനിര്‍ത്താന്‍ പണം കൊടുത്ത് തടാകത്തില്‍ വെള്ളം നിറയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗ്രാമവാസികള്‍.

🔳ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്‌കരിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കി. 275 അംഗ സഭയിലെ 258 അംഗങ്ങള്‍ പിന്തുണച്ചതോടെ ബില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ പാസായി.

🔳ആഗോളതലത്തില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 4,034 പേര്‍കൂടി മരിച്ചു. 1,27,919 പേര്‍കൂടി രോഗികളായി. ഇതുവരെ 4,31,724 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 78.55 ലക്ഷമായി. ബ്രസീലില്‍ 890 പേരും അമേരിക്കയില്‍ 699 പേരും ഇന്നലെ മരിച്ചു. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 21.41 ലക്ഷമായി.  

🔳പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്ക് കോവിഡ്19 സ്ഥിരീകരിച്ചു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കും കോവിഡ് സ്ഥിരീകരിച്ചു.

🔳വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ പഠനം തുടങ്ങിയ രീതികള്‍ വര്‍ധിച്ചത് കാരണം  ലാപ്ടോപ്പുകളുടെ ആവശ്യകത കൂടുന്നു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ പുതിയതും പുതുക്കിയതുമായ ലാപ്പ്‌ടോപ്പുകള്‍ക്കായി തിരയുന്നവരുടെ എണ്ണം വര്‍ധിച്ചു.  അധികവും ഡെസ്‌ക്ടോപ്പുകളേക്കാള്‍ ലാപ്പ്‌ടോപ്പുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. വലിയ സ്‌ക്രീനുകളും ആക്സസറികളുമുള്ള താങ്ങാവുന്ന വിലയുളള ലാപ്പ്‌ടോപ്പുകളാണ് അധികം ആളുകളും അന്വേഷിക്കുന്നത്.

🔳ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ആമസോണ്‍ പ്രൈം സബ്സ്‌ക്രിപ്ഷനും. 999രൂപയുടെ ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പാണ് അധിക ചെലവില്ലാതെ ലഭിക്കുക. ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം അംഗങ്ങള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.  നിലവിലുള്ള ജിയോ ഫൈബര്‍ വരിക്കാര്‍ക്ക് അവരുടെ ആമസോണ്‍ അക്കൗണ്ട് നിര്‍മിക്കാം. മൈ ജിയോ ആപ്പില്‍ നിന്നോ അല്ലെങ്കില്‍  വെബ്‌സൈറ്റില്‍ നിന്നോ അക്കൗണ്ട് നിര്‍മിക്കാം.

🔳നിമിഷ സജയന്‍ നായികയാകുന്ന ഹിന്ദി ഷോര്‍ട്ട് ഫിലിമാണ് ഘര്‍ സെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിടെക് എന്ന സിനിമയുടെ സംവിധായകനാണ് മൃദുല്‍ നായര്‍. ജെ രാമകൃഷ്ണ കുളൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

🔳ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ ‘ടോയ് സ്റ്റോറി 4 ‘ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഒരു കൂട്ടം പാവകളുടെ കഥപറയുന്ന ടോയ് സ്റ്റോറിയിലെ , മുഖ്യകഥാപാത്രം വുഡി എന്ന ഒരു കൗബോയ് പാവയാണ്. ടോയ് സ്റ്റോറി 4 ന്റെ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ ജൂണ്‍ 14, ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യും.

🔳ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡ് മക്ലാറന്റെ സൂപ്പര്‍ കാര്‍ ഓഎല്‍എക്‌സ് വഴി വില്‍പ്പനയ്ക്ക്. 2018-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഒരു മക്ലാറന്‍ 570 എസ് സെക്കന്റ് ഹാന്‍ഡ് സാധനങ്ങള്‍ വില്കുന്നതിനുള്ള വെബ്സൈറ്റായ ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് എത്തിയത്. സെക്കന്റ് ഹാന്‍ഡ് മോഡല്‍ ആണെങ്കിലും 5.25 കോടി രൂപയാണ് മഹാരാഷ്ട്ര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ മോഡലിന് ഒഎല്‍എക്‌സില്‍ നല്‍കിയിരിക്കുന്ന വില.

Leave a Reply