Sunday, September 29, 2024
HomeNewsവാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ ചുരുക്കത്തിൽ

പ്രഭാത വാർത്തകൾ
2020 ജൂൺ 22
1195 മിഥുനം 08 📡
തിങ്കളാഴ്ച (തിരുവാതിര നാൾ)

🔳ചൈനീസ് പട്ടാളം പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. ഇന്നു റഷ്യയിലേക്കു പോകുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും മൂന്ന് സൈനിക മേധാവികളും യോഗത്തില്‍ പങ്കെടുത്തു. തിരിച്ചടിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിനുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

🔳കേരളത്തില്‍ ഇന്നലെ 133 പേര്‍ക്കുകൂടി കോവിഡ്-19. 80 പേര്‍ വിദേശത്തുനിന്നും 43 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ മൂന്നു പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ രണ്ടു പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം. ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

🔳തൃശൂര്‍ ജില്ലയില്‍ 16 പേര്‍ രോഗബാധിതരായി. ഇതര ജില്ലകളിലെ വിവരം ഇങ്ങനെ: പാലക്കാട് -15, കൊല്ലം- 13, ഇടുക്കി – 11, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ 10 പേര്‍ വീതം, തിരുവനന്തപുരം- 9, പത്തനംതിട്ട- 8, കാസര്‍കോട് -ആറ്, എറണാകുളം -അഞ്ച്.

🔳കേരളത്തില്‍ 1,490 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 93 പേര്‍ രോഗമുക്തരായി.  1,659 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. 1,43,969 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,41,919 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2,050 പേര്‍ ആശുപത്രികളിലുമാണ്.

🔳ഏഴു പുതിയ ഹോട്ട് സ്‌പോട്ടുകള്‍ വന്നതോടെ ആകെ ഹോട്ട് സ്‌പോട്ടുകള്‍ 109 ആയി.
കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കൊല്ലം കോര്‍പറേഷന്‍, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒമ്പതു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പനഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ എന്നിവയെയാണ് ഹോട്ട്‌സ്‌പോട്ടില്‍നിന്ന് ഒഴിവാക്കിയത്.

🔳സംസ്ഥാനത്തു കനത്ത മഴയ്ക്കു സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളിലും  24 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജൂണ്‍ 25 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട്.

🔳പാലക്കാട് കൂടല്ലൂര്‍ പല്ലശ്ശന സ്വദേശി 26 കാരനായ പൊലീസുകാരന് കൊവിഡ്. തൃശൂര്‍  എആര്‍ ക്യാമ്പിലായിരുന്നു ഇദ്ദേഹം ഡ്യൂട്ടി ചെയ്തത്.

🔳ഹൈക്കോടതി അടച്ചിടില്ല. കേസുകള്‍ വെട്ടിച്ചുരുക്കും. ജസ്റ്റിസ് സുനില്‍ തോമസിന് പിന്നാലെ 26 ജീവനക്കാരും ക്വാറന്റീനിലായെങ്കിലും ഹൈക്കോടതി അടക്കേണ്ടെന്ന് തീരുമാനം. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും അഡ്വക്കേറ്റ് ജനറലും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ഹൈക്കോടതി അടച്ചിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരുടെ സംഘടന കത്തു നല്‍കിയിരുന്നു.

🔳സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനനെ മംഗലാപുരം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. 2009 ല്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ ശിക്ഷ 24 ന് വിധിക്കും. സയനൈഡ് മോഹനെതിരായ ഇരുപതാമത്തെയും അവസാനത്തെയും കേസാണ് ഇത്. നേരത്തെ അഞ്ചു കൊലപാതക കേസുകളില്‍ മോഹനന് കോടതി വധശിക്ഷയും മൂന്ന് കേസുകളില്‍ ജീവപര്യന്തവും വിധിച്ചിരുന്നു. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമാക്കി മാറ്റി.

🔳കൊലവിളി മുദ്രാവാക്യങ്ങളുമായി മലപ്പുറം മൂത്തേടത്ത് പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മുസ്ലീം ലീഗിന്റെ പരാതിയില്‍ എടക്കര പൊലീസാണ് കേസെടുത്തത്. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്ന പൊന്നരിവാള്‍ അറബിക്കടലില്‍ കളിഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നുമായിരുന്നു കൊലവിളി മുദ്രാവാക്യം. പ്രദേശത്ത് കോണ്‍ഗ്രസ് -സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നു.

🔳സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എവിടെയാണ് പ്രതിപക്ഷം തുരങ്കംവച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രളയ ദുരിതാശ്വാസത്തിലെ കൊള്ളയടിക്കല്‍ മുതല്‍ പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തിയത്. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുക പ്രതിപക്ഷ ധര്‍മമാണ്. മുല്ലപ്പള്ളിക്കൊപ്പം പാര്‍ട്ടിയും യുഡിഎഫും ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.

🔳കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന കെ. സുരേന്ദ്രന്‍ അന്തരിച്ചു. 64 വയസായിരുന്നു. കണ്ണൂര്‍ മഞ്ചപ്പാലം  സ്വദേശിയാണ്.

🔳ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന കടന്നുകയറ്റം നടത്തിയെന്ന് ശശി തരൂര്‍ എംപി. 60 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ചൈന നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി. തുണ്ട് തുണ്ടായി ഭൂമി കയ്യേറാനാണ് അവരുടെ ശ്രമമെന്നും തരൂര്‍.

🔳ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ മോശം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പിഎ. മജീദ്. എന്നാല്‍ അതിന്റെ പേരില്‍ പ്രതിപക്ഷത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.  

🔳പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.  

🔳ചൈന അതിക്രമിച്ചു കയറിയില്ലെങ്കില്‍ എങ്ങനെയാണ് 20 സൈനികര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 85 പേര്‍ക്ക് പരിക്കേറ്റതും 10 ജവാന്മാരും ഓഫീസര്‍മാരും ചൈനക്കാരുടെ പിടിയിലായതും എങ്ങനെയാണ്. നമ്മുടെ രാജ്യത്ത് ആരും അതിക്രമിച്ച് കയറിയില്ലെന്നാണ് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എന്നാല്‍ ഔദ്യോഗിക പ്രസ്താവനയില്‍ നിന്ന് ആ ഭാഗം നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

🔳ഇന്ത്യയുടെ ഒരിഞ്ചു പോലും നഷ്ടപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു. എന്നാല്‍ പാംഗോംഗ് തടാകത്തിന് സമീപമുള്ള പ്രദേശം ചൈന കൈയ്യേറിയതായി ഉപഗ്രഹ ചിത്രങ്ങളില്‍ കാണാമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.

🔳ഭീകരാക്രമണത്തിനു സാധ്യതയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. നാലോ അഞ്ചോ ഭീകരവാദികള്‍ ട്രക്കില്‍ ഡല്‍ഹിയില്‍ എത്തുമെന്നാണു സുരക്ഷ ഏജന്‍സികള്‍ പോലീസിനു നല്‍കിയ വിവരം.

🔳കോവിഡ് മരണങ്ങളില്‍ ഇന്ത്യ ഇന്നലെ രണ്ടാം സ്ഥാനത്തെത്തി. 426 പേരാണ് ഇന്നലെ  മരിച്ചത്. രോഗബാധിതരുടെ എണ്ണം 15,158 ആയി. ഇതുവരെ 13,703 പേര്‍ മരിക്കുകുയം 4,26,910 പേര്‍ കോവിഡ് രോഗികളാകുകയും ചെയ്തു. 1.75 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 2.37 ലക്ഷം പേര്‍ രോഗമുക്തരായി.

🔳മഹാരാഷ്ട്രയില്‍ 186 പേര്‍കൂടി കോവിഡ് 19 ബാധിച്ചു മരിച്ചു. 3,870 പേര്‍കൂടി രോഗികളായി. 60,147 പേര്‍ ചികില്‍സയിലുണ്ട്. 63 പേര്‍കൂടി മരിച്ച ഡല്‍ഹിയില്‍ മൂവായിരം പേര്‍കൂടി രോഗികളായി. 24,558 പേരാണു ചികില്‍സയിലുള്ളത്. 53 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 2,532 പേര്‍ക്കുകൂടി രോഗം ബാധിച്ചു. 25,866 പേര്‍ ചികില്‍സയിലുണ്ട്.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദി മനുഷ്യരുടെ മാത്രമല്ല ദേവന്മാരുടെയും നേതാവാണെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ.
ദൈവം പോലും കോണ്‍ഗ്രസിനൊപ്പമില്ല. നരേന്ദ്ര മോദി സുരേന്ദര്‍ മോദിയാണെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. അതിനര്‍ഥം മോദി ജനങ്ങളുടെ മാത്രമല്ല, ദേവന്മാരുടെയും നേതാവാണെന്നാണ്.  ഉത്തര്‍പ്രദേശില്‍ ജന്‍ സംവാദ് വെര്‍ച്വല്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

🔳കാഴ്ച നഷ്ടപ്പെട്ടതടക്കമുള്ള തന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണം കോണ്‍ഗ്രസ് ഭരണകാലത്തെ പീഡനങ്ങളാണെന്ന് ബിജെപി എംപി പ്രജ്ഞാസിംഗ് ഠാക്കൂര്‍. 2008 ലെ മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ പ്രജ്ഞാസിംഗിനെ പീഡിപ്പിച്ചതിനാലാണ് ഇതെല്ലാം അനുഭവിക്കുന്നതെന്നാണ് ആരോപണം. കണ്ണിലും തലച്ചോറിലും പഴുപ്പും വീക്കവും ഉണ്ടായി. ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പ്രജ്ഞാസിങ് പറഞ്ഞു.

🔳മുംബൈയില്‍ പുതുതായി നിര്‍മിച്ച 19 നിലയുള്ള ആഡംബര ഫ്ളാറ്റ് കോവിഡ് ആശുപത്രിയ്ക്കായി വിട്ടുനല്‍കി. ശ്രീജീ ശരണ്‍ ഡെവലപ്പേഴ്സ് എന്ന സ്ഥാപനം നടത്തുന്ന മെഹുല്‍ സാംഗ്വിയാണ് തന്റെ പുത്തന്‍ കെട്ടിടം കോവിഡ് രോഗികള്‍ക്കായി നല്‍കിയത്. ഫ്ളാറ്റ് വാങ്ങിയവരുടെ അനുവാദത്തോടെയാണ് താന്‍ കെട്ടിടം കോവിഡ് രോഗികളെ ചികിത്സിക്കാനായി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

🔳നേപ്പാളിലെ എഫ്.എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യാവിരുദ്ധ പ്രചാരണം.  അതിര്‍ത്തിയിലെ ഗ്രാമീണരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നതിനൊപ്പമാണ് ഇന്ത്യാ വിരുദ്ധ പ്രചാരണം.

🔳ഡല്‍ഹിയിലെ കോവിഡ്-19 സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചു. ആഭ്യന്തര മന്ത്രാലയത്തിലാണ് യോഗം നടന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍, ആരോഗ്യ സെക്രട്ടറി പ്രീതി സുദന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

🔳നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരേ കേസെടുക്കാന്‍ ഹര്‍ജി. കുന്ദന്‍ കുമാര്‍ എന്നയാളാണ് ബീഹാര്‍ മുസാഫര്‍പുര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തു ആത്മഹത്യയിലേക്ക് തള്ളിവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ഇയാള്‍ ഹര്‍ജിയില്‍ റിയക്കെതിരേ ഉന്നയിച്ചത്.

🔳യോഗ പരിശീലിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യോഗ പ്രചരിപ്പിക്കുന്നത് കോവിഡിനെതിരായ പോരാട്ടമാണെന്നും  അദ്ദേഹം പറഞ്ഞു.

🔳ആഗോളതലത്തില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. രോഗം ബാധിച്ച് ഇന്നലെ 3,329 പേര്‍കൂടി മരിച്ചു. 1,28,587 പേര്‍ക്കുകൂടി രോഗം ബാധിച്ചു. ഇതുവരെ 4,69,595 പേരാണു മരിച്ചത്. രോഗബാധിതരുടെ എണ്ണം 90.37 ലക്ഷമായി.

🔳കോവിഡ് ബാധിച്ച് ഇന്നലെ ബ്രസീലില്‍ 601 പേര്‍ മരിച്ചു. അമേരിക്കയെ മറികടന്ന് 426 പേര്‍ മരിച്ച ഇന്ത്യ രണ്ടാം സ്ഥാനത്ത്. 387 പേര്‍ മരിച്ച മെക്‌സിക്കോയാണ് മൂന്നാം സ്ഥാനത്ത്. അമേരിക്കയില്‍ ഇന്നലെ 263 പേരാണു മരിച്ചത്.

🔳സ്പാനിഷ് ഭാഷയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ”ദ ഷാഡോ ഓഫ് ദ വിന്‍ഡ്’ എന്ന വിഖ്യാത നോവലിന്റെ രചയിതാവ് കാര്‍ലോസ് റൂയിസ് സഫോണ്‍ അന്തരിച്ചു. അമ്പത്തഞ്ചു വയസായിരുന്നു. അമേരിക്കയിലെ ലോസ് ആഞ്ജലസിലായിരുന്നു അന്ത്യം.

🔳മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയിയെ അര്‍ജുന പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്തു. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്യാതിരുന്നതു വിവാദമായിരിക്കേ, ടീമിന്റെ മുഖ്യ പരിശീലകന്‍ ഗോപീചന്ദാണ് പ്രണോയിയെ ശുപാര്‍ശ ചെയ്തത്.

🔳സ്പാനിഷ് ലാലിഗായില്‍ അത്‌ലറ്റികോ മാഡ്രിഡിനു ജയം. എതിരില്ലാത്ത ഒരു ഗോളിന് വല്ലഡോലിഡിനെയാണു തോല്‍പിച്ചത്.

🔳ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യൂണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളിന് ഷെഫീല്‍ഡ് യൂണൈറ്റഡിനെ തോല്‍പിച്ചു.

🔳വര്‍ദ്ധിച്ചുവരുന്ന പണലഭ്യതയ്ക്കും ഉയര്‍ന്ന റിസ്‌ക് പ്രതിസന്ധികള്‍ക്കുമിടയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ജൂണ്‍ 19 വരെ ഇന്ത്യന്‍ മൂലധന വിപണികളിലേക്ക് 17,985 കോടി രൂപ നിക്ഷേപിച്ചു. ഡെപ്പോസിറ്ററികളുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ 19 വരെയുളള കാലയളവില്‍ എഫ്പിഐകള്‍ 20,527 കോടി രൂപ ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചു. അതേസമയം എഫ്പിഐകള്‍ ഡെബ്റ്റ് വിഭാഗത്തില്‍ നിന്ന് 2,569 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. ഇതോടെ മൊത്തം അറ്റ നിക്ഷേപം 17,985 കോടി രൂപയിലെത്തി.

🔳ഗൂഗിള്‍ സെര്‍ച്ചിന്റെ തലപ്പത്ത് ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ പ്രഭാകര്‍ രാഘവന്‍. 2012 മുതല്‍ ഗൂഗിളില്‍ ജോലി ചെയ്യുന്ന പ്രഭാകര്‍ രാഘവന്‍  2018 മുതല്‍ ആഡ്‌സ് ആന്റ് കൊമേഴ്‌സിന്റെ ടീം ലീഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിലവിലെ മേധാവിയായ ബെന്‍ ഗോമസ് ഒഴിയുന്ന സ്ഥാനത്തേക്കാണ് പ്രഭാകര്‍ രാഘവനെ നിയമിച്ചിരിക്കുന്നത്.

🔳സാജിദ് യഹിയയുടെ മ്യൂസിക് വിഡിയോ ‘ബൂര്‍ശാ’ തരംഗമാകുന്നു. ഈ ബൂര്‍ശാപ്പാട്ടില്‍ കോരനാണ് വാഴ വെയ്ക്കുന്നത്. വാഴ കുലച്ചപ്പോള്‍ പണ്ടത്തെപ്പോലെ തന്നെ കണ്ടോന്റേതായി കുല. എന്നാല്‍ ഉടന്‍ തന്നെ തമ്പുരാന്റെ നേര്‍ക്ക് ബു ബു ബു ബൂര്‍ശാ എന്ന് വിരല്‍ചൂണ്ടുന്നതാണ് പാട്ട്. ബൂര്‍ശാ, മലയാളികള്‍ക്ക് ഏറെ പരിചിതമല്ലാത്ത കിടിലന്‍ റാപ്പ് മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് അരങ്ങു നിറയുന്നത്. സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് സാജിദ് യഹിയ തന്നെ. ഗായിക ശ്രേയ രാഘവും ഒപ്പം പാടുന്നുണ്ട്.

🔳കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമാ ചിത്രീകരണത്തിനെ കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കെ പുതിയ സിനിമയുടെ ഷൂട്ടിങ് തിയതി പ്രഖ്യാപിച്ച് ആഷിഖ് അബു. ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ‘ഹാഗര്‍’ എന്ന ചിത്രമാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്. നായികയും റിമ തന്നെ. ആഷിഖ് അബുവാണ് ഛായാഗ്രഹണം. കൊവിഡ് കാലത്ത് പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകും ഷൂട്ടിങ് നടത്തുക. ജൂലൈ അഞ്ചിന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.

🔳ഐക്കണിക്ക് അമേരിക്കന്‍ ആഡംബര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്റെ സ്പോര്‍ട്സ്റ്റര്‍ ബൈക്ക് അയണ്‍ 883 മോഡലിന് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ ബിഎസ് 6 അപ്ഡേറ്റ് ലഭിച്ച മോട്ടോര്‍സൈക്കിളിന് 9.26 ലക്ഷം രൂപയായിരുന്നു വില. ഇപ്പോള്‍ 12,000 രൂപ വര്‍ദ്ധിപ്പിച്ചു. ഇതോടെ എക്‌സ് ഷോറൂം വില 9.38 ലക്ഷം രൂപ ആയി ഉയര്‍ന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments