2020 ജൂൺ 25
1195 മിഥുനം 11 📡
വ്യാഴാഴ്ച (ആയില്യം നാൾ)
🔳സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കി. അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്കു വിധേയമാകും. ഇതുവഴി 1482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 58 മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവ റിസര്‍വ് ബാങ്കിന്റെ കീഴിലാകും. ഇതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
🔳തൊഴില്‍ വകുപ്പിനു കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളുടെ എണ്ണം 11 ആയി കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കേരള ഷോപ്പ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും ലയിപ്പിക്കും. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡും കേരള ഈറ്റ-കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും കേരള ലേബര്‍ വെല്‍ഫയര്‍ ബോര്‍ഡുമായി സംയോജിപ്പിക്കും. കേരള ബീഡി ആന്‍ഡ് സിഗാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായി ചേര്‍ക്കും. ഉയര്‍ന്ന ഭരണച്ചെലവു കാരണം മിക്ക ക്ഷേമനിധി ബോര്‍ഡുകളും സാമ്പത്തിക പ്രതിസന്ധിയിലായതിനാലുമാണ് നടപടിയെന്നു മഖ്യമന്ത്രി പിണറായി വിജയന്‍.
🔳എസ്എസ്എല്‍സി പരീക്ഷാഫലം ഈ മാസം മുപ്പതിനും ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും.
🔳വിദേശത്തുനിന്നു വരുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കോവിഡ് ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ 72 മണിക്കൂറിനകം ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്സ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണം. എല്ലാവരും 14 ദിവസം വീടുകളില്‍ നിര്‍ബന്ധിത ക്വാറന്റീനിൽ കഴിയണം. വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം. പോസിറ്റീവാകുന്നവരേയും രോഗലക്ഷണമുള്ളവരേയും കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റും.
🔳കേരളം സൂപ്പര്‍ സ്പ്രെഡ് ഭീതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളില്‍നിന്ന് ഒരുപാട് പേരിലേക്ക് രോഗം പകരുന്ന ഭീകരാവസ്ഥയ്ക്കു സാധ്യതയുണ്ട്. വിമാനയാത്രകള്‍ സൂപ്പര്‍ സ്പ്രെഡിന് വഴിയൊരുക്കും. അതിനാലാണ് കോവിഡ് പരിശോധന ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി.
🔳സംസ്ഥാനത്ത് ഇന്നലെ 152 പേര്‍ക്കു കൂടി കോവിഡ്-19. ഇവരില്‍ 98 പേര്‍ വിദേശത്തുനിന്നും 46 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പര്‍ക്കം മൂലം എട്ടുപേര്‍ക്കു രോഗം ബാധിച്ചു. ഇതുവരെ 3,603 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 1,691 പേരാണ്. 1,54,759 പേര്‍ നിരീക്ഷണത്തിലുണ്ട്. 2282 പേര്‍ ആശുപത്രികളിലാണ്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111.
🔳ഇന്നലെ കോവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍-17 പാലക്കാട്-16, തൃശ്ശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2. ഇന്നലെ 81 പേര്‍ രോഗമുക്തി നേടി.
🔳വിദേശങ്ങളില്‍നിന്നു വരുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേ ചിലര്‍ തെറ്റിദ്ധാരണ പരത്തി പ്രവാസികളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിമാനത്തേയും കേരളം തടഞ്ഞിട്ടില്ല. ഇന്നലെ 72 വിമാനങ്ങള്‍ക്ക് അനുമതി നല്‍കി. 14,058 പേരാണ് ഈ വിമാനങ്ങളില്‍ എത്തിയത്. ഇവയില്‍ ഒന്നൊഴികെ എല്ലാ വിമാനങ്ങളും ഗള്‍ഫില്‍ നിന്നാണ് എത്തുന്നത്. ഇതുവരെ 335 ചാര്‍ട്ടേഡ് വിമാനങ്ങളടക്കം 543 വിമാനങ്ങളും മൂന്ന് കപ്പലുകളും വിദേശത്തുനിന്ന് എത്തി. 1,114 വിമാനങ്ങള്‍ക്ക് അനുമതി നല്‍കി. ജൂണ്‍ 30 വരെ 462 ചാര്‍ട്ടേഡ് വിമാനങ്ങളാണ് സംസ്ഥാനത്തെത്തുന്നത്.
🔳വിദേശത്തുനിന്നു മടങ്ങിവരാന്‍ താത്പര്യമുള്ള ഒരാളേയും തടയില്ല. അവര്‍ക്ക് എല്ലാ സൗകര്യവും നല്‍കും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നുണ്ട്. ഗുരുതരമായ മറ്റ് അസുഖങ്ങളടക്കം ചികിത്സിച്ച് ഭേദമാക്കുന്നുണ്ട്. പ്രവാസികള്‍ എപ്പോള്‍ വന്നാലും ചികിത്സ ആവശ്യമെങ്കില്‍ നല്‍കും. മുഖ്യമന്ത്രി പറഞ്ഞു.
🔳കോഴിക്കോട് രണ്ടു പേര്‍ക്കു ക്വാറന്റീന്‍ കേന്ദ്രം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ ഷാർജയിൽ നിന്നെത്തിയ പ്രവാസികള്‍ അഞ്ചു മണിക്കൂര്‍ ബസില്‍ കുടുങ്ങി. രാവിലെ 11 ന് ഷാര്‍ജയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലക്കാരും ബസില്‍ ഉണ്ടായിരുന്നു. അവരെല്ലാം വൈകുന്നേരം അഞ്ചുവരെ ബസില്‍ തന്നെ ഇരിക്കേണ്ടിവന്നു.
🔳ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന വധൂവരന്മാര്‍ക്ക് ക്വാറന്റീനില്‍ ഇളവ്. ഇവരോടൊപ്പം വരുന്ന അഞ്ചു പേര്‍ക്കും ഏഴുദിവസംവരെ കേരളത്തില്‍ തങ്ങാം. എന്നാല്‍ അനുമതിയില്ലാതെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്.
🔳ഉറവിടം അറിയാത്ത കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കളക്ടറേറ്റില്‍ കോവിഡ് വാര്‍ റൂം തുറക്കും. മേഖലകള്‍ തിരിച്ച് സാംപിളുകള്‍ ശേഖരിക്കുമെന്നും ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു.
🔳അടുത്ത രണ്ടു ദിവസം ശക്തമായ മഴയ്ക്കു സാധ്യത. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും 27 ന് കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്.
🔳കോഴിക്കോട്ടെ പുതിയാപ്പ ഹാര്‍ബര്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേഷനിലെ 75-ാം വാര്‍ഡ് അടച്ചിട്ടു. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം താനൂര്‍ സ്വദേശിയായ മീന്‍ ലോറി ഡ്രൈവര്‍ നിരീക്ഷണത്തിലിരിക്കേ പുതിയാപ്പ ഹാര്‍ബറില്‍ രണ്ടു ദിവസം ഓടിനടന്നതാണ് കാരണം.
🔳പബ്ലിക് സര്‍വ്വീസ് കമ്മീഷനെ പിണറായി സര്‍ക്കാര്‍ പാര്‍ട്ടി കമ്മീഷനാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ പിഎസ്‌സിയുടെ സുതാര്യത നശിപ്പിച്ച് പരീക്ഷയുടെ വിശ്വാസ്യത തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച പിഎസ്‌സി ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
🔳എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ നാല്‍പ്പതോളം കുട്ടികളെയും അവരുടെ കുടുംബങ്ങളേയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനാണ് രോഗബാധ. ആരോഗ്യപ്രവര്‍ത്തക പ്രതിരോധ കുത്തിവയ്പു നടത്തിയ കുട്ടികളും കുടുംബങ്ങളുമാണ് നിരീക്ഷണത്തിലായത്.
🔳മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി കെ വി മനോജ് കുമാറിനെ നിയമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
🔳അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കുടുങ്ങിയ കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സിപിഎം ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
🔳നടി ഷംന കാസിമിനു വിവാഹാലോചനയുമായി വീട്ടിലെത്തി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച നാലംഗ സംഘത്തെ അറസ്റ്റു ചെയ്തു. മൂന്നു പേരെക്കൂടി പിടികൂടാനുണ്ട്. തൃശൂര്‍ സ്വദേശികളായ ശരത്, അഷറഫ്, റഫീക്ക്, രമേശ് എന്നിവരാണു പിടിയിലായത്. നടിയുടെ കുടുംബത്തില്‍നിന്ന് ഒരു ലക്ഷം രൂപ പ്രതികള്‍ അപഹരിച്ചെന്നു പോലീസ്. എന്നാല്‍ പണം നല്‍കിയിട്ടില്ലെന്ന് നടി ഷംന കാസിം.
🔳കൊല്ലത്തു മാതാ അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി. ബ്രിട്ടീഷുകാരി സ്റ്റെഫേഡ് സിയോന എന്ന നാല്‍പത്തഞ്ചുകാരിയാണു മരിച്ചത്.
🔳ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 424 പേര്‍ കൂടി മരിക്കുകയും 16,868 പേര്‍കൂടി രോഗബാധിതരാകുകയും ചെയ്തു. ഇതുവരെ മരിച്ചവരുടെ എണ്ണം 14,907 ആയി, രോഗബാധിതര്‍ 4,72,985. 1.86 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 2.71 ലക്ഷം പേര്‍ രോഗമുക്തരായി.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 208 പേര്‍ മരിക്കുകയും 3,889 പേര്‍കൂടി രോഗബാധിതരാകുകയും ചെയ്തു. 62,353 പേര്‍ ചികില്‍സയിലുണ്ട്. 64 പേര്‍കൂടി മരിച്ച ഡല്‍ഹിയില്‍ 2,788 പേര്‍കൂടി രോഗികളായി. 26,588 പേര്‍ ചികില്‍സയിലുണ്ട്. തമിഴ്‌നാട്ടില്‍ 33 പേര്‍കൂടി മരിച്ചു. 2,865 പേര്‍കൂടി രോഗികളായി. 28,839 പേര്‍ ചികില്‍സയിലാണ്.
🔳മണിപ്പൂരില്‍ വീണ്ടും ബിജെപിതന്നെ. പിന്തുണ പിന്‍വലിച്ചു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതായി പ്രഖ്യാപിച്ച സാംഗ്മയുടെ എന്‍പിപി വീണ്ടും ബിജെപി ക്യാമ്പില്‍ തിരിച്ചെത്തി.
🔳അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കാനും നിയന്ത്രണരേഖ മറികടക്കാതിരിക്കാനും ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ. നയതന്ത്ര തല ചര്‍ച്ചയിലാണ് അതിര്‍ത്തിയില്‍ സമാധാനത്തിനു ധാരണയായത്. അതേസമയം ലഡാക്കില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പലതവണ ചുറ്റിപ്പറക്കുകയും കരസേന വന്‍ സൈനികവിന്യാസം നടത്തുകയും ചെയ്തിട്ടുണ്ട്.
🔳ഇന്ത്യയുടെ അധീനതയിലുള്ള ലഡാക്കില്‍ അക്സായ് ചിന്നും ഉള്‍പ്പെടുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. പാക്കിസ്ഥാനുമായുള്ള നിയന്ത്രണരേഖയില്‍ ഇന്ത്യ കാണിക്കുന്ന ദൃഢനിശ്ചയം ചൈനയുമായുള്ള നിയന്ത്രണ രേഖയിലും പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🔳ഐഎംഎ ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി.എം. വിജയ്ശങ്കര്‍ ബംഗളൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. അര്‍ബന്‍ ബംഗളൂരു ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഇദ്ദേഹം ഒന്നര കോടി രൂപ കോഴ വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായിരുന്നു.
🔳പശ്ചിമ ബംഗാളില്‍ ലോക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. സ്‌കൂളുകളും കോളജുകളും തുറക്കില്ല. ട്രെയിന്‍ സര്‍വീസുകളും ഉണ്ടാകില്ല. പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച് ഇതുവരെ 580 പേര്‍ മരിച്ചു, 14,728 പേര്‍ രോഗബാധിതരായി. 9,218 പേരാണു ചികില്‍സയിലുള്ളത്.
🔳മിസോറാം നിയമസഭാംഗമായതോടെ ഇസഡ്.ആര്‍. തിയാംസംഗ പൂര്‍ണസമയ ഡോക്ടര്‍ ജീവിതത്തോടു വിട പറഞ്ഞതായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും സ്‌റ്റെതസ്‌കോപ്പ് കൈയിലെടുക്കേണ്ടിവന്നു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ജവാന് വൈദ്യസഹായത്തിനു കിലോമീറ്ററുകള്‍ നടന്ന് സൈനിക ക്യാമ്പിലെത്തി. ജവാന് ചികിത്സ നല്‍കി മടങ്ങി.
🔳ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കേ, ഇരുരാജ്യങ്ങളിലെയും സേനകള്‍ റഷ്യയില്‍ സൈനിക പരേഡില്‍ പങ്കെടുത്തു. മോസ്‌കോയില്‍ രണ്ടാം ലോകമഹായുദ്ധ വിജയം ആഘോഷിക്കുന്ന വിക്ടറി ഡെ പരേഡിലാണ് ഇരുസേനകളും മാര്‍ച്ചു ചെയ്തത്. 11 രാജ്യങ്ങളില്‍ നിന്നുള്ള സൈനിക സംഘങ്ങള്‍ പരേഡില്‍ പങ്കെടുത്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പരേഡ് വീക്ഷിച്ചിരുന്നു.
🔳പാക്കിസ്ഥാനില്‍ കഴിഞ്ഞ മാസം തകര്‍ന്നു വീണ് 97 പേര്‍ മരിച്ച സംഭവം പൈലറ്റുമാരുടെ വീഴ്ചമൂലമെന്ന് റിപ്പോര്‍ട്ട്. പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാതെ യാത്രയില്‍ ഉടനീളം കോവിഡ് വ്യാപനത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. പാക് വ്യോമയാനമന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍ പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
🔳ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയ്ക്കാണ് പരമാധികാരമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം. സംഘര്‍ഷം നടന്നത് ചൈനീസ് പ്രദേശത്താണെന്നും ചൈന അവകാശപ്പെട്ടു. അതിര്‍ത്തിയില്‍ സമാധാനം നിലനിറുത്തേണ്ട ബാധ്യത ഇന്ത്യയ്ക്കാണെന്നാണ് ചൈനയുടെ പുതിയ നിലപാട്.
🔳ആഗോളതലത്തില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 4,996 പേര്‍കൂടി മരിച്ചു. 1,68,325 പേര്‍കൂടി രോഗബാധിതരായി. ഇതുവരെ 4,83,884 പേര്‍ മരിക്കുകയും 95.15 ലക്ഷം പേര്‍ രോഗബാധിതരാകുകയും ചെയ്തു. ഇന്നലെ ബ്രസീലില്‍ 1,103 പേരും മെക്‌സിക്കോയില്‍ 793 പേരും അമേരിക്കയില്‍ 780 പേരും മരിച്ചു. ഇന്ത്യ നാലാം സ്ഥാനത്ത്.
🔳അമ്പതു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സമാനായി തെരഞ്ഞെടുക്കപ്പെട്ടത് വന്മതില്‍ എന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ പിന്തള്ളിയാണ് വിഡ്‌സണ്‍ ഇന്ത്യ ഫേസ് ബുക്കിലൂടെ നടത്തിയ വോട്ടെടുപ്പില്‍ 52 ശതമാനം വോട്ടുമായി തെരഞ്ഞെടുക്കപ്പെട്ടത്.
🔳ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പരിശീലന പരിപാടികള്‍ പുനഃരാരംഭിക്കുന്നു. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമംഗമായ പേസര്‍ ഇഷാന്ത് ശര്‍മയും പരിശീലനത്തിനിറങ്ങി.
🔳അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ജന്മദിനമായിരുന്നു ഇന്നലെ. ലോകമെങ്ങുമുള്ള മെസി ആരാധാകര്‍ 31 ാം ജന്മദിനം ആഘോഷിച്ചു.
🔳സ്പാനിഷ് ലാലിഗയില്‍ മെസിയുടെ ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റികോ ബില്‍ബാവോയെ പരാജയപ്പെടുത്തി. കളിക്കിടെ അത്‌ലറ്റികോയുടെ താരത്തിന്റെ കാലില്‍ ചവിട്ടിയ മെസി പിറന്നാള്‍ ദിനത്തില്‍ ചുവപ്പുകാര്‍ഡു കാണാതെ രക്ഷപ്പെട്ടു.
🔳റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ശമ്പളത്തില്‍ 12-ാം വര്‍ഷവും മാറ്റമില്ല. മാര്‍ച്ച് 12 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 15 കോടിയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട് 2019-20 സാമ്പത്തിക വര്‍ഷത്തിലെ വേതനം വേണ്ടെന്ന് നേരത്തെ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു. ശമ്പളം, ആനുകൂല്യങ്ങള്‍, കമ്മിഷന്‍ എന്നിവയുള്‍പ്പടെയാണ് 15 കോടി.
🔳കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മാസങ്ങള്‍ നീണ്ട ലോക്ക്‌ഡൌണ്‍ കാലത്ത് ഇന്ത്യയില്‍ താരമായ സ്മാര്‍ട്ട് ഫോണ്‍ ഗെയിം ആണ് ലുഡോ. മുംബൈ ആസ്ഥാനമാക്കിയുള്ള ലുഡോ കിംഗ് ശരിക്കും നേട്ടം ഉണ്ടാക്കിയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 10 കോടി ഡൌണ്‍ലോഡ് പിന്നിടുന്ന ആദ്യത്തെ ഇന്ത്യന്‍ ഗെയിമായി ഇപ്പോള്‍ ലുഡോ കിംഗ് മാറി. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആറാമത്തെ ഗെയിം ആപ്പാണ് ഇതെന്നാണ് സെന്‍സര്‍ ടവറിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
🔳കോവിഡ് കാലത്ത് മലയാള സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസിനൊരുങ്ങുകയാണ്. മലയാളത്തില്‍ നിന്നും എംഎക്സ് പ്ലെയര്‍ പ്ലാറ്റ്ഫോമില്‍ റിലീസാവുകയാണ് ‘ആള്‍ട്ട് കണ്‍ട്രോള്‍ ഡിലീറ്റ്’ എന്ന ചിത്രം. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എംഎക്സ് പ്ലെയറില്‍ ആദ്യമായിട്ടാണ് തിയേറ്റര്‍ റിലീസ് ഇല്ലാതെ ഒരു മലയാള ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ബാംഗ്ലൂര്‍ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ഐടി പ്രൊഫഷണുകളുടെ കഥപറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഐടി പ്രൊഫഷണല്‍ കൂടിയായ ഗിരീഷ് നായര്‍ ആണ്. തിയേറ്റര്‍ റിലീസിന് ഒരുങ്ങിയ ചിത്രം കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് ഓണ്‍ലൈന്‍ റിലീസിന് തയ്യാറാവുകയായിരുന്നു.
🔳സുരേഷ് ഗോപിയുടെ കരിയറിലെ മറ്റൊരു മാസ് എന്റര്‍ടെയ്നറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ‘അര്‍ജുന്‍ റെഡ്ഡി’, ‘കബീര്‍ സിംഗ്’, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍. നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ള ഹര്‍ഷവര്‍ദ്ധന്‍ അജയ് ദേവ്ഗന്‍ നായകനായ ‘തന്‍ഹാജി’യില്‍ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.
🔳ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഹ്യുണ്ടായി ക്രെറ്റയുടെ ഏഴ് സീറ്റ് പതിപ്പ് എത്തിക്കാനൊരുങ്ങുന്നു. ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ഒരു എസ്.യു.വിക്കായി അല്‍കാസര്‍ എന്ന ട്രേഡ് മാര്‍ക്ക് തിരഞ്ഞെടുത്തെന്നും ഓട്ടോമൊബൈല്‍ പോര്‍ട്ടലായ മോട്ടോര്‍ബീം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഈ പേരിനായി ഹ്യുണ്ടായി മോട്ടോര്‍ കമ്പനി അപേക്ഷ നല്‍കിയത്. സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളിന് ഉപയോഗിക്കാനാണ് ഈ പേരെന്നും മോട്ടോര്‍ബീം പുറത്തുവിട്ട അപേക്ഷയില്‍ നല്‍കിയിട്ടുണ്ട്.