Pravasimalayaly

വാർത്തകൾ ചുരുക്കത്തിൽ

🔳വിദേശത്തുനിന്നു വരുന്നവരും ഇനി വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സംവിധാനം വെട്ടിക്കുറയ്ക്കും. വീടുകളില്‍

സൗകര്യമില്ലാത്തവര്‍ക്കു മാത്രമേ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രം നല്‍കൂ. ഒഴിഞ്ഞുകിടക്കുന്ന വീടുകളും കെട്ടിടങ്ങളും ഏറ്റെടുക്കും. ആദ്യ ഏഴു ദിവസം സര്‍ക്കാരിന്റെ കേന്ദ്രത്തിലും തുടര്‍ന്നുള്ള ഏഴു ദിവസം വീട്ടിലും ക്വാറന്റൈനില്‍ കഴിയണമെന്ന നിലപാടാണു മാറ്റുന്നത്.

🔳സംസ്ഥാനത്ത് ഇന്നലെ 108 പേര്‍ക്കുകൂടി കോവിഡ്-19. ഇവരില്‍ 64 പേര്‍ വിദേശത്തു നിന്നും 34 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കു രോഗം ബാധിച്ചു. പാലക്കാട് ജില്ലയിലെ ഏഴു പേര്‍ക്കും മലപ്പുറം ജില്ലയിലെ രണ്ടു പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. 50 പേര്‍ രോഗമുക്തരായി. 1,029 പേരാണ് ചികിത്സയിലുള്ളത്. 762 പേര്‍ കോവിഡ് മുക്തരായി. 1,83,097 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,81,482 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1,615 പേര്‍ ആശുപത്രികളിലുമാണ്.

🔳പുതിയ പത്തു കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍കൂടി. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 138 ആയി. പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണു പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

🔳ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് അഞ്ചു മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി. മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍ അജ്മാനിലും കൊയിലാണ്ടി അരിക്കുളം സ്വദേശി എംസി നിജിന്‍ റിയാദിലും മരിച്ചു. ബഹറിനില്‍ പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്പകത്തിനല്‍ വീട്ടില്‍ നൈനാന്‍ സി മാമ്മന്‍ മരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍(61) കുവൈറ്റിലും കണ്ണൂര്‍ വയക്കര സ്വദേശി ഷുഹൈബ്(24) ഒമാനിലും മരിച്ചു.

🔳ചില മുസ്ലിം പള്ളികള്‍ തുറക്കില്ലെന്നു മഹല്ലുകള്‍. സ്വന്തമായി പായ കൊണ്ടുവരണമെന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പ്രയാസമുള്ള പള്ളികളാണ് തുറക്കേണ്ടെന്നു തീരുമാനിച്ചത്. കോഴിക്കോട് നടക്കാവ് പുതിയ പള്ളി, കണ്ണൂരിലെ അബ്‌റാര്‍ മസ്ജിദ്, തൃശൂര്‍ ചെട്ടിയങ്ങാടി ജുമാ മസ്ജിദ്, കോഴിക്കോട് മൊയ്തീന്‍ പള്ളി, തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് എന്നിവ തുറക്കില്ല.

🔳സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ പൊലീസ് ചുമതല ഡിവൈഎസ്പിമാര്‍ക്കു നല്‍കി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ പേര്‍ വരുന്നതിനാലാണ് ഈ തീരുമാനം. ഉത്തരമേഖലയുടെ ചുമതല ഐജി ഇ.ജെ. ജയരാജനും ദക്ഷിണമേഖലയുടെ  ചുമതല ഐജി ജി ലക്ഷ്മണയ്ക്കും നല്‍കി. ക്രമസമാധാന വിഭാഗം എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല.

🔳സംസ്ഥാനത്തു ശക്തമായ മഴയ്ക്കു സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട്. ഉരുള്‍പൊട്ടലിനും സാധ്യതയെന്നു മുന്നറിയിപ്പ്.

🔳ഷാഫി പറമ്പില്‍ എംഎല്‍എ, വി. കെ ശ്രീകണ്ഠന്‍ എംപി, പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട്, ഡിഎംഒ തുടങ്ങിയവര്‍ ഹോംക്വറന്റൈനിലായി. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനുമായി ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാലാണ് ഇവരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം നല്‍കിയത്. വാളയാര്‍ അതിര്‍ത്തിയില്‍ എത്തിയതിന്റെ പേരില്‍ നീരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ജനപ്രതിനിധികള്‍ക്കാണ് വീണ്ടും നിരീക്ഷണത്തില്‍ പോകേണ്ടിവരുന്നത്.

🔳വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റീനിലായിരുന്നയാള്‍ ചാടിപ്പോയി. കോട്ടയം വാകത്താനം സ്വദേശിയായ ചിറ്റേടത്ത് മണിക്കുട്ടനാണ് ചാടിപ്പോയത്. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയിലാണ് സംഭവം. കര്‍ണാടകയില്‍നിന്ന് പാസില്ലാതെ തോല്‍പ്പെട്ടിവഴി കേരളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതിനാലാണ് ഇയാളെ സര്‍ക്കാര്‍ ക്വാറന്റീനിലാക്കിയത്.

🔳ശബരിമല നട 14 നു തുറക്കും. 28 വരെ മാസപൂജയും ഉല്‍സവവും നടക്കും. പ്രവേശനം വെര്‍ച്വല്‍ ക്യൂവിലൂടെ മാത്രം. പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരേയും വൈകുന്നേരം നാലു മുതല്‍ രാത്രി 11 വരേയും ദര്‍ശനം അനുവദിക്കും. ഒരേസമയം 50 പേര്‍ക്കാണു പ്രവേശനം. പത്തു വയസിനും 65 വയസിനും മധ്യേ പ്രായമുള്ളവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ.

🔳മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇസാഫ് ഗ്രൂപ്പിലെ ജീവനക്കാര്‍ അരക്കോടി രൂപ സംഭാവന നല്‍കി. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി കെ. പോള്‍ തോമസ് മന്ത്രി എ.സി. മൊയ്തീനു ചെക്ക് കൈമാറി.

🔳ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ലഡാക്കിലെ സൈനിക സംഘര്‍ഷം കുറയ്ക്കാന്‍ ഇരു രാജ്യങ്ങളുടേയും സൈനികോദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പുരോഗതി. ഇരു സേനകളും ഏപ്രില്‍ മാസം ഉണ്ടായിരുന്ന സ്ഥാനങ്ങളിലേക്കു പിന്മാറാനാണ് തീരുമാനം. സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ അതിര്‍ത്തിയിലെ റോഡു നിര്‍മാണം നിര്‍ത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. ചര്‍ച്ച തുടരും. ചര്‍ച്ചയ്ക്കുശേഷം ഇരു സേനാസംഘങ്ങളും ഒന്നിച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്.

🔳ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായിരത്തിലേക്ക്. ഇന്നലെ 297 പേര്‍കൂടി മരിച്ചു. ഒറ്റ ദിവസംകൊണ്ട് 10,521 പേര്‍ക്കുകൂടി രോഗം ബാധിച്ചു. ആകെ മരിച്ചവരുടെ എണ്ണം 6,946 ആയി, ആകെ രോഗബാധിതരുടെ എണ്ണം 2,46,622. 1,20,968 പേരാണ് ചികില്‍സയിലുള്ളത്.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 120 പേര്‍ കൂടി മരിക്കുകയും 2,739 പേര്‍കൂടി രോഗബാധിതരാകുകയും ചെയ്തു. ഡല്‍ഹിയില്‍ 53 പേര്‍കൂടി മരിച്ചപ്പോൾ 1,320 പേര്‍കൂടി രോഗബാധിതരായി. തമിഴ്‌നാട്ടിലും രോഗവ്യാപനം വര്‍ധിക്കുന്നു. 19 പേര്‍കൂടി മരിച്ച ഇവിടെ 1,478 പേര്‍കൂടി രോഗികളായി. 29 പേര്‍ മരിച്ച ഗുജറാത്തില്‍ 498 പേര്‍കൂടി രോഗികളായി. രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നൂറിലേറെ പേർക്ക് രോഗവ്യാപനം.

🔳ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ ബിജെപി ഇല്ല. മധ്യപ്രദേശിലെ ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായുള്ള ഭിന്നതകള്‍ തുടരുന്നതിനിടയിലാണ്‌ ഈ വിശേഷം. കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച്‌ ഈ വര്‍ഷം മാര്‍ച്ചിലാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുമായി ഒരു പ്രശ്‌നവുമില്ലെന്ന് സിന്ധ്യ.

🔳ജനങ്ങള്‍ക്കും ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ക്കും പണം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടാം നോട്ട് നിരോധനമാണ് നടക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാവപ്പെട്ടവര്‍ക്ക് 10,000 രൂപവീതം ഉടന്‍ നല്‍കണം. ചെറുകിട – ഇടത്തരം വ്യവസായ മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് നടപ്പാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.

🔳ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിറകേ അമൂലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ‘എക്‌സിറ്റ് ദ ഡ്രാഗണ്‍’ എന്ന ശീര്‍ഷകമുള്ള കാര്‍ട്ടൂണില്‍ അമൂല്‍ പെണ്‍കുട്ടി ഡ്രാഗണിനെ തടയുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. താഴെ അമൂല്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്നും കാര്‍ട്ടൂണില്‍ കുറിച്ചിരുന്നു.

🔳ആഗോളതലത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. ഇന്നലെ 4,161 പേര്‍കൂടി മരിച്ചു. 4,01,607 പേരാണ് ഇതുവരെ മരിച്ചത്. 1,26,091 പേര്‍കൂടി രോഗികളായതോടെ ആകെ രോഗബാധിതരുടെ എണ്ണം 69.66 ലക്ഷമായി. ബ്രസീലില്‍ 910 പേരും അമേരിക്കയില്‍ 706 പേരും മെക്‌സിക്കോയിൽ 625 പേരും ഇന്നലെ മരിച്ചു. അമേരിക്കയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 1.12 ലക്ഷവും രോഗബാധിതരുടെ എണ്ണം 19.88 ലക്ഷവുമാണ്. 35,957 പേര്‍ ഇതുവരെ മരിച്ച ബ്രസീലില്‍ 6.73 ലക്ഷം പേരാണു രോഗബാധിതര്‍. 40,465 പേര്‍ മരിച്ച യുകെയില്‍ 2.84 ലക്ഷം പേരാണു രോഗബാധിതരായത്.  

🔳പാക്കിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനു കോവിഡ്. അവര്‍തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

🔳കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തിയാല്‍ അമേരിക്കയെക്കാള്‍ കൂടുതല്‍ രോഗബാധിതര്‍ ഇന്ത്യയിലും ചൈനയിലുമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് കോടിയോളം പരിശോധനകളാണ് അമേരിക്ക നടത്തിയത്. ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളും മരണവും അമേരിക്കയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിന്റെ കാരണം അതാണ്. ട്രംപ് പറഞ്ഞു.

🔳ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോളില്‍ ഒരു ഗോളിനു പിന്നില്‍നിന്ന ശേഷം നാലു ഗോള്‍ തിരിച്ചടിച്ച് ബയേണ്‍ മ്യൂണിക്കിന് ഉജ്വല വിജയം. എവേ പോരാട്ടത്തില്‍ ലെവര്‍കൂസനെയാണ് തോല്‍പിച്ചത്.

🔳ഈ വര്‍ഷത്തെ ഐപിഎല്‍ ഇന്ത്യയില്‍തന്നെ നടത്തുമെന്ന് ബിസിസിഐ. കൊറോണയുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്കുള്ള പ്രതിഫലം വെട്ടിക്കുറയ്ക്കില്ലെന്നും ബിസിസിഐ തീരുമാനിച്ചു. ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് തങ്ങള്‍ ആതിഥേയത്വം വഹിക്കാമെന്ന് യുഎഇ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

🔳ഫൈന്‍ഡ് എക്സ് 2 സീരീസ് ഈ മാസം അവസാനം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനിടയില്‍ മറ്റു മൂന്നു ബജറ്റ് ഫോണുകള്‍ കൂടി പുറത്തിറക്കാന്‍ ഓപ്പോയുടെ ശ്രമം. രണ്ട് സ്മാര്‍ട്ട്ഫോണുകളായ എ 12, എ 52 എന്നിവ ഇതിനകം ഇന്ത്യക്ക് പുറത്ത് വിപണിയിലെത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍, എ 11 കെ പുതിയതാണ്. മൂന്ന് സ്മാര്‍ട്ട്ഫോണുകളും അടുത്ത ആഴ്ച്ച തന്നെ ഇന്ത്യയില്‍ വിപണിയിലെത്തുമെന്നാണ് വിവരം. ഓപ്പോയുടെ എ 11കെ 10,000 രൂപയില്‍ താഴെ വിലയ്ക്കായിരിക്കും വില്‍പ്പനയ്ക്കെത്തുക. എ12, എ52 എന്നിവ യഥാക്രമം 12,000 രൂപയും 17,500 രൂപയിലും വില്‍ക്കുമെന്നു കരുതുന്നു.

🔳വാട്‌സാപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, ആനിമേറ്റഡ് സ്റ്റിക്കറുകള്‍, സ്പീക്കിങ് ജിങ് ജിഫുകള്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചത്.  2015 ലാണ് ടെലിഗ്രാമില്‍ ആദ്യമായി ഫോട്ടോ എഡിറ്റര്‍ അവതരിപ്പിച്ചത്. ആപ്പിലെ മീഡിയ എഡിറ്റിങ് സൗകര്യം അനിമേറ്റഡ് സ്റ്റിക്കേഴ്സ്, വീഡീഡിയോ എഡിറ്റിങ് എന്നീ പുതിയ സംവിധാനങ്ങള്‍ കൂടി ചേര്‍ത്ത് പരിഷ്‌കരിച്ചിരിക്കുകയാണ് ടെലഗ്രാം. ഫോണ്‍ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിന് പുതിയ കാഷേ മെമ്മറി മാനേജ്‌മെന്റ് ടൂളും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.

🔳കീര്‍ത്തി സുരേഷ് നായികയാകുന്ന ‘പെന്‍ഗ്വിന്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍പ്രൈം. പെന്‍ഗ്വിന്റെ ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടാണ് ചിത്രം ജൂണ്‍ 19ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 8ന് റിലീസ് ചെയ്യും. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ നിഗൂഢമായ പോസ്റ്റര്‍ ചിത്രം ഏറെ സസ്പെന്‍സ് നിറഞ്ഞതാകും എന്നാണ് സൂചിപ്പിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളെ കൂടാതെ മലയാളത്തിലും ചിത്രം മൊഴി മാറ്റിയെത്തും.

🔳ഭാഷാ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകരുമായി സംവദിച്ച ചിത്രമായിരുന്നു രക്ഷിത് ഷെട്ടി നായകനായ 2019 ചിത്രം അവന്‍ ശ്രീമന്നാരായണ. ഇപ്പോഴിതാ മറ്റൊരു കോമഡി അഞ്ച്വഞ്ചര്‍ ചിത്രവുമായി എത്തുകയാണ് സാന്‍ഡല്‍വുഡിന്റെ പ്രിയതാരം. കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 777 ചാര്‍ലി എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം പക്ഷേ ഒരു നായയാണ്. ധര്‍മ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് അവതരിപ്പിക്കുന്നത്. ലൈഫ് ഓഫ് ധര്‍മ്മ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയ്ക്ക് ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുണ്ട്. സംഗീത ശൃംഗേരിയും രാജ് ബി ഷെട്ടിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് തങ്ങളുടെ എന്‍ട്രി ലെവല്‍ മോഡലായ സ്‌പോര്‍ട്ട് ബിഎസ്6 പതിപ്പിന്റെ വില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ബിഎസ് 6 ലേക്ക് നവീകരിച്ച് ശേഷം ബൈക്കിന് ലഭിക്കുന്ന ആദ്യ വില വര്‍ധനവാണിത്. ബൈക്കിനെ വിപണയില്‍ എത്തിച്ചിരിക്കുന്നത് കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ്. റിപ്പോര്‍ട്ട് പ്രകാരം രണ്ട് വകഭേദങ്ങളിലും 750 രൂപയുടെ വര്‍ധനവാണ് ലഭിച്ചിരിക്കുന്നത്. പഴയ പതിപ്പിനെക്കാള്‍ മൈലേജ് 15 ശതമാനം കൂടിയിട്ടുണ്ടെന്നാണ് സൂചന.

Exit mobile version