Pravasimalayaly

വിഎസ്എസ്‌സി പരീക്ഷ തട്ടിപ്പ്; ആൾമാറാട്ട കോപ്പിയടിക്ക് പ്രതിഫലം ഏഴ് ലക്ഷം; മുഖ്യ സൂത്രധാരനടക്കം മൂന്ന് പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: വിഎസ്എസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിക്കുന്നതിനു ഏഴ് ലക്ഷം രൂപയാണ് പ്രതിഫലമെന്നു ഉദ്യോ​ഗാർഥി. പ്രതിഫലം മുൻകൂറായി നൽകിയെന്നും ഉദ്യോ​ഗാർഥി സമ്മതിച്ചു. കേരള പൊലീസ് ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉള്ളുകളികൾ വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചത്.

ദീപക് ഷോ​ഗന്റ്, ഋഷിപാൽ, ലഖ്‌വീന്ദർ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെയും പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചു. തട്ടിപ്പിനു പിന്നിൽ ഹരിയാനയിലെ ജിണ്ട് ജില്ലയിലെ വൻ സംഘമാണെന്നു കണ്ടെത്തിയിരുന്നു. കേസിൽ അമിത് എന്നയാളും നേരത്തെ പിടിയിലായിരുന്നു. കേസിൽ മൊത്തം ഒൻപത് പ്രതികളാണ് അറസ്റ്റിലായത്.  

ദീപക് ഷോ​ഗന്റാണ് കോപ്പിയടിയുടെ മുഖ്യ സൂത്രധാരനും ഏജന്റുമായി പ്രവർത്തിച്ചത്. ഋഷിപാലിനു വേണ്ടിയാണ് ഹൈടെക്ക് കോപ്പിയടി നന്നത്. ഇരുവരുടേയും സഹായിയായാണ് ലഖ്‌വീന്ദർ.

ഏഴ് ലക്ഷം രൂപയാണ് പ്രതിഫലമെന്നു അറസ്റ്റിലായ ഉദ്യോ​ഗാർഥി ഋഷിപാലാണ് പൊലീസിനു മൊഴി നൽകിയത്. അമിതാണ് ആൾമാറാട്ടം നടത്തി കോപ്പിയടിച്ചത്. അമിതിനാണ് ഈ ഏഴ് ലക്ഷം രൂപ നൽകിയത്. എന്നാൽ അമിതിനു നേരിട്ടല്ല പണം നൽകിയത്. ദീപക് വഴിയാണ് അമിതിനു പണം ലഭിച്ചത്.  

ഇവർ ആദ്യമായിട്ടല്ല ഇത്തരത്തിൽ കോപ്പിയടി നടത്തുന്നു. സമാനമായ രീതിയിൽ നേരത്തെ മൂന്ന് തവണ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഈ സംഭവങ്ങളിലും നേരത്തെ ഇവർ അറസ്റ്റിലായിട്ടുണ്ട്. ഇതിലൊരു കേസിന് സമീപ കാലത്താണ് ഇവർക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ശേഷമാണ് വിഎസ്എസ്‌സി പരീക്ഷയിലും ആൾമാറാട്ട കോപ്പിയടി നടത്തിയത്. 

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ടെക്‌നീഷ്യന്‍മാരെ നിമിക്കാനുള്ള എഴുത്തു പരീക്ഷയിലാണ് ആൾമാറട്ട കോപ്പിയടി തട്ടിപ്പ് നടന്നത്. തിരുവനന്തപുരത്ത് 10കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. തട്ടിപ്പില്‍ ഉള്‍പ്പെട്ടത് ഭൂരിഭാഗവും ഹരിയാനക്കാരായിരുന്നു. 

ഷര്‍ട്ടിന്റെ ബട്ടണായി ഘടിപ്പിച്ച ചെറു ക്യാമറയില്‍ ചോദ്യ പേപ്പറിന്റെ ഫോട്ടോയെടുത്ത് ഗൂഗിള്‍ ഡ്രൈവില്‍ പുറത്തേക്ക് അയച്ചശേഷം ബ്ലൂടൂത്ത് ഹെഡ്‌സെറ്റിലൂടെ ഉത്തരം കേട്ടെഴുതിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, ടെക്നീഷ്യന്‍, ഡ്രാഫ്റ്റ്സ്മാന്‍, റേഡിയോഗ്രാഫര്‍ എന്നി തസ്തികകളിലേക്ക് നടത്തിയ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. 

Exit mobile version