Pravasimalayaly

വിടവാങ്ങുന്നത് മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമാക്കിയ ഭാവ ഗായകൻ

അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. അഞ്ച് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ഗാനങ്ങളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച ഗായകന് വിട. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ഗായകനായിരുന്നു പി ജയചന്ദ്രൻ. മലയാളിയുടെ ഗൃഹാതുരശബ്ദമായിരുന്നു പി. ജയചന്ദ്രന്റെ പാട്ടുകള്‍.മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം ആറ് തവണയും ദേശീയ അവാര്‍ഡ് ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി.2021-ല്‍ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. രാസാത്തി എന്ന ഒറ്റഗാനത്തിലൂടെ തമിഴകത്തിനും അദ്ദേഹം പ്രിയപ്പെട്ടവനായി. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും അദ്ദേഹം ഒരുപാട് ആരാധകരെ സൃഷ്ടിച്ചു.1994-ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ജയചന്ദ്രന്‍ സ്വന്തമാക്കി. 1966 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. പിന്നീട് പി.ഭാസ്‌കരനും വയലാറും മുതല്‍ പുതിയതലമുറയിലെ ബി.കെ ഹരിനാരായണന്‍ വരെയുള്ളവർക്ക് ആ ശബ്ദത്തിലൂടെ പാടാനായി.അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയത്. 1972-ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ല്‍ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ല്‍ നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി, 2004-ല്‍ തിളക്കത്തിലെ നീയൊരു പുഴയായ്, 2015-ല്‍ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലര്‍വാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു അവ.തമിഴില്‍ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ഗാനത്തിന് 1994 ലെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കരം എന്ന വലിയ അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി.1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി ജയചന്ദ്രന്റെ ജനനം.സുവോളജിയില്‍ ബിരുദം നേടി 1966 ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി ജോലി ചെയ്തിരുന്നു.

Exit mobile version