Pravasimalayaly

വിമാനത്തിലെ പ്രതിഷേധം: ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്. ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളായ അനിൽ കുമാർ, വി.എം.സുനീഷ് എന്നിവർക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യുക. കണ്ണൂർ സ്വദേശികളായ ഷർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജൻ മർദിച്ചതായി പരാതിയിൽ പറയുന്നു. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

Exit mobile version