Pravasimalayaly

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ല; സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ലെന്ന് തുറമഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഏഴു ഡിമാന്‍ഡുകള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം ആരംഭിക്കുന്നത്. ഏതൊരു സമരത്തിലും ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടാറില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കപ്പെടുന്നതോടെ, സമന്വയത്തിലൂടെ സമരം നിര്‍ത്തിവെക്കുകയാണ് പതിവ്. സമരക്കാര്‍ ഉന്നയിച്ച ഏഴ് ഡിമാന്‍ഡുകളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയും ചെയ്തു. പിന്നീട് ഓരോരോ പുതിയ ഡിമാന്‍ഡുകളുമായി സമരക്കാര്‍ മുന്നോട്ടു വരികയാണ് ചെയ്തത്. ചര്‍ച്ച നടത്തുമ്പോള്‍ ആലോചിച്ച് പറയാമെന്ന് പറഞ്ഞ് പോകുകയും പിന്നീട് അറിയിക്കാറുമില്ല. സര്‍ക്കാര്‍ എന്ന നിലയില്‍ ആരെയും പ്രയാസപ്പെടുത്തരുത് എന്ന നിലയ്ക്ക് പരമാവധി ക്ഷമയുടെ നെല്ലിപ്പടി വരെ കാണുന്ന അവസ്ഥയിലേക്ക് നിന്നു കൊടുത്തിട്ടുണ്ട്.

പൊലീസുകാരെ ആക്രമിക്കുക, പൊലീസ് സ്റ്റേഷന്‍ കയ്യേറുക, തങ്ങളല്ലാത്ത മറ്റു മതസ്ഥരെ ആക്രമിക്കുക തുടങ്ങിയ പ്രവൃത്തികള്‍ ആര്‍ക്കും അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്നതല്ല. മതസൗഹാര്‍ദം കാത്തു സൂക്ഷിക്കുന്നതിന് എന്തു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ സന്നദ്ധമാണ്. സമരക്കാര്‍ ഉന്നയിച്ച ആറാമത്തെ ഡിമാന്‍ഡ് മണ്ണെണ്ണ സൗജന്യമായി നല്‍കണമെന്നതാണ്. കേന്ദ്രസര്‍ക്കാരാണ് മണ്ണെണ്ണ നല്‍കുന്നത്. അവര്‍ നല്‍കിയെങ്കില്‍ മാത്രമേ നമുക്ക് കൊടുക്കാനാകൂ.

സമരക്കാരുടെ ഏഴാമത്തെ ആവശ്യം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഏറ്റവും ഗുണകരമാകുന്ന പദ്ധതി, കോടാനുകോടി രൂപ ചിലവഴിച്ചശേഷം നിര്‍ത്തിവെക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാന്‍ കഴിയില്ല. ഇതൊഴികെയുള്ള ഏതു ഡിമാന്‍ഡും ചര്‍ച്ച ചെയ്യാനും, പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ഇന്നും സന്നദ്ധമാണ്. സമരക്കാര്‍ ഇപ്പോള്‍ കോടതി വിധിയെ ലംഘിക്കുകയാണ് ചെയ്തത്.

Exit mobile version