Pravasimalayaly

വിശ്രമമെന്ന പദം നിഘണ്ടുവില്‍ ഇല്ല; ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിലെ ഏറ്റവും ചലിക്കുന്ന നേതാവ്; മുഖ്യമന്ത്രി

തിരുവനന്തപുരം:  ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വിദ്യാര്‍ഥി ജീവിതം കാലം തൊട്ട് സജീവ രാഷ്ട്രീയ രംഗത്തുണ്ടായ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ മികച്ച സംഘാടകനും  നേതാവുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചെറുപ്പകാലം മുതല്‍ തന്നെ കോണ്‍ഗ്രസിന്റെ അതിപ്രധാനികളില്‍ ഒരാളായി ഉമ്മന്‍ചാണ്ടി മാറി. 70ലാണ് ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പ്രവര്‍ത്തനം തുടങ്ങിയത്. ആ നിയമസഭയില്‍ പുതിയ അംഗങ്ങള്‍ ഏറെ എത്തിയിരുന്നു. അന്ന് തൊട്ട് ഇന്നുവരെ 53 വര്‍ഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്.  അത് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ റെക്കോര്‍ഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ കാലത്താണ് താനും പാര്‍ലമെന്ററി പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ തന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് ഗ്യാപ്പുണ്ടായി. ഉമ്മന്‍ചാണ്ടി തുടര്‍ച്ചയായി ആ പ്രവര്‍ത്തനം ഭംഗിയായി നിറവേറ്റി. ഇതിന്റെ ഭാഗമായി ഒട്ടേറെ വകുപ്പുകള്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. വിപുലമായ അനുഭവപരിജ്ഞാനം രണ്ടു തവണ മുഖ്യമന്ത്രിയായ ഘട്ടത്തില്‍ അദ്ദേഹത്തിന് ശക്തിപകകര്‍ന്നു. 

മുഖ്യമന്ത്രിയായപ്പോഴും പാര്‍ട്ടിയെ എല്ലാ രീതീയിലും ശക്തിപ്പെടുത്തുന്നതിന് അങ്ങേയറ്റം പ്രാധാന്യം കൊടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായി അദ്ദേഹം. അതിന്റെഭാഗമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായ സ്വീകാര്യത അദ്ദേഹത്തിന്റെ നേതൃശേഷിയുടെ പ്രത്യേകതയായിരുന്നു. യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അദ്ദേഹം വളര്‍ന്നു. ഒടുവില്‍ രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും ആ രോഗത്തിന് മുന്നില്‍ ഒരുഘട്ടത്തിലും ഉമ്മന്‍ചാണ്ടി പതറിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

രോഗാവസ്ഥയില്‍ ഒരു പരിപാടിയില്‍ വച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ നേരത്തെ കണ്ടതിനെക്കാള്‍ പ്രസരിപ്പും ഉന്‍മേഷവും വീണ്ടെടുത്തിരുന്നു. പരിപാടിക്കിടെ ഒരു സ്വകാര്യസംഭാഷണത്തില്‍ ചികിത്സിച്ച ഡോക്ടറുടെ പേര് പറഞ്ഞു. അതുകഴിഞ്ഞ് താന്‍ ആ ഡോക്ടറെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞഥ് വിശ്രമം വേണമെന്നായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നിഘണ്ടുവില്‍ വിശ്രമമെന്നൊരു പദമില്ലെന്ന് നമുക്കറിയാം. അതികഠിനമായ രോഗാവസ്ഥയിലും കേരളത്തിലങ്ങളോം ഓടി നടന്നതാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം വലിയ നഷ്ടമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും ഉണ്ടാക്കിയത്. അത് എളുപ്പം നികത്താനാവുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version