Pravasimalayaly

വി പി‌ ജോയിക്കും അനിൽ കാന്തിനും യാത്രയയപ്പ്; പുതിയ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി ഡോ വി വേണുവും പൊലീസിന്റെ 35-ാമത് മേധാവിയായി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബും ഇന്ന് ചുമതലയേൽക്കും. ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും ഡിജിപി അനിൽ കാന്തും ഇന്നു വിരമിക്കും. ‌‌ഇരുവരുടെയും ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഇന്നു വൈകിട്ടു നാല് മണിക്ക് തിരുവനന്തപുരം ദർബാർ ഹാ‌ളിൽ നടക്കും. യാത്രയയപ്പ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നിലവിലെ ഡിജിപി അനിൽകാന്ത് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും. തുടർന്ന് പൊലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ധീരസ്മൃതിഭൂമിയിൽ ആദരം അർപ്പിച്ചശേഷം പൊലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കും. അതിനുശേഷം, ഡിജിപിയുടെ ചേംബറിലെത്തി അനിൽകാന്തിൽ‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേൽക്കും. തുടർന്ന്, നിലവിലെ സംസ്ഥാന പൊലീസ് മേധാവിയെ പുതിയ മേധാവിയും മുതിർന്ന പൊലീസ് ഓഫീസർമാരും ചേർന്ന് യാത്രയാക്കും. 2021ലാണ് വി പി ജോയ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്കും അനിൽകാന്ത് പൊലീസ് മേധാവി സ്ഥാനത്തേക്കും എത്തിയത്. 

ഷെയ്ക്ക് ദർവേസ് സാഹിബ് ആന്ധ്രാ സ്വദേശിയാണ്. വിവാദങ്ങളില്ലാത്ത ക്ലീൻ ട്രാക്ക് റെക്കോർഡാണ് ദർവേസ് സാഹിബിനെ പൊലീസിന്റെ തലപ്പത്ത് നിയമിക്കുന്നതിൽ നിർണായകമായത് എന്നാണ് റിപ്പോർട്ട്. 2024 ജൂലൈ വരെ ദർവേസ് സാഹിബിന് സർവീസുണ്ട്. ഒന്നാം പിണറായി സർക്കാറിന്റെ തുടക്കം മുതൽ പ്രധാനപ്പെട്ട പദവികൾ വഹിച്ചുവരികയാണ്. ഫയർഫോഴ്‌സ് മേധാവിക്ക് പുറമേ വിജിലൻസ് ഡയറക്ടർ, ക്രൈംബ്രാഞ്ച് മേധാവി, ജയിൽ മേധാവി തുടങ്ങിയ പദവികളാണ് വഹിച്ചത്. 

Exit mobile version