Pravasimalayaly

വീണ്ടും ബി.ജെ.പിക്ക് പിന്തുണയുമായി ഗവര്‍ണര്‍: കെ.ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കി

ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും അട്ടിമറി ശ്രമം. ബി.ജെ.പി എം.എല്‍.എ ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി ഗവർണർ വജുഭായ് വാല നിയമിച്ചു. നിയമസഭയിലെ മുതിര്‍ന്ന അംഗമായിരിക്കണം പ്രോടം സ്പീക്കര്‍. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസിലെ ദേശ് പാണ്ഡെ ആണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. ഇത് അട്ടിമറിച്ചാണ് ഗവര്‍ണര്‍ക്കു മുന്‍പാകെ ബൊപ്പയ്യ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്.

മുഖ്യമന്ത്രിയായി അധികാരമേറ്റ യെദ്യൂരപ്പ നാളെ വൈകിട്ട് നാലുമണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്നും ഇതിനായി പ്രോടെം സ്പീക്കറെ നിയമിക്കാനും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

വിരാജ് പേട്ട എം.എല്‍.എയായ ബൊപ്പയ്യ കഴിഞ്ഞ യെദ്യൂരപ്പ സര്‍ക്കാരില്‍ സ്പീക്കറായിരുന്നു. 2011 ല്‍ ബി.ജെ.പിക്ക് പിന്തുണ പിന്‍വലിച്ചവരെ ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. ഇത് സുപ്രിംകോടതിയുടെ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. എങ്ങനെ വോട്ടെടുപ്പ് നടത്തണമെന്ന കാര്യങ്ങളൊക്കെ പ്രോടെം സ്പീക്കറുടെ തീരുമാനമനുസരിച്ചായിരിക്കുമെന്നിരിക്കേയാണ് ബി.ജെ.പിയുടെ അട്ടിമറി.

Exit mobile version