ഒരു കാലത്ത് ആനവണ്ടിയെ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന മലയാളികള്‍ ഇന്ന് ഇതിന്റെ ഫാന്‍സ് ആയി മാറിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ നിറയെ ആനവണ്ടിയോടുള്ള സ്‌നേഹവും പ്രേമവുമെല്ലാം നിറഞ്ഞൊഴുകുകയാണ്. ഏത് മലയും കയറി സാധാരണക്കാരനെയും വഹിച്ചുള്ള ആനവണ്ടിയാത്രകള്‍ ഈയിടെയായി എല്ലാ മഴക്കാലത്തും ആളുകള്‍ ആഘോഷിക്കാറുണ്ട്.
അത്തരത്തിലൊരു മാസ് എന്‍ട്രി കൂടി നടത്തി ആനവണ്ടി വീണ്ടും ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. റോഡേത് തോടേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു തോണി പോലെ തുഴഞ്ഞ് വെള്ളപ്പാച്ചിലിലൂടെ കെഎസ്ആര്‍ടിസി എത്തിയത്.
ഈ വെള്ളപ്പൊക്കമൊക്കെ നമ്മളാദ്യായിട്ടല്ല കാണുന്നത്. ഇതും ഇതിലപ്പുറവും ചാടിക്കടക്കും എന്ന ഡയലോഗ് സൈലന്റായി പറഞ്ഞുകൊണ്ടാണ് കെഎസ്ആര്‍ടി പുഴ പോലുള്ള റോഡിലൂടെ കൂളായി കടന്നുപോയത്. ഈ എന്‍ട്രി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി. ആദ്യ സംഭവമല്ലാത്തത് കൊണ്ട് എന്തേ ഇത്ര വൈകിയതെന്നാണ് കമ്പക്കാരുടെ ചോദ്യം.
കെഎസ്ആര്‍ടിസി ബസിന്റെ പകുതിയും വെള്ളത്തില്‍ മുങ്ങിയെങ്കിലും നിര്‍ത്താതെ ഓടിപ്പോകുന്നതും അതേ സ്ഥലത്ത് വെള്ളത്തില്‍ ഒരു ലോറി കുടുങ്ങിക്കിടക്കുന്നതും വിഡിയോയില്‍ കാണാം. കോഴിക്കോട് വയനാട് റൂട്ടിലാണ് സംഭവം. നാട്ടുകാരിലാരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.