വൈദേകം റിസോർട്ടിലെ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയലക്ഷ്യ ഹർജി. അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ ഹർജി. എറണാകുളം സ്വദേശിയയ എംആർ അജയൻ ആണ് ഹൈക്കോടതിയിൽ ഇഡിക്കെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. വൈദേകം റിസോർട്ടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയിലായിരുന്നു ഇഡിയുടെ അന്വേഷണം. വൈദേകം റിസോർട്ടിൽ കള്ള പണ നിക്ഷേപമുണ്ടെന്ന പരാതിയിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നുവെന്ന പരാതി ഹർജിക്കാരൻ നേരത്തെ ഇഡിയ്ക്ക് നൽകിയിരുന്നു. ഇതിൽ ആവശ്യമായ അന്വേഷണം നടത്തണമെന്ന കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്. 2023 ജൂണിൽ ആണ് അജയൻ നൽകിയ ഹർജിയിൽ ഹൈക്കോടതി അന്വേഷണത്തിന് നിർദേശം നൽകിയിരുന്നത്. തിങ്കളാഴ്ച ഇഡിയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കാൻ സാധ്യതയുണ്ട്.