Pravasimalayaly

വോട്ടെടുപ്പ് ഒഴിവാക്കി: സി.പി.എം രാഷ്ട്രീയപ്രമേയം ഐകകണ്‌ഠേന പാസാക്കി

ഹൈദരാബാദ്: സി.പി.എം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം ഐകകണ്‌ഠേന പാസായി. ഒന്നര ദിവസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഭേദഗതികളോടെ പ്രമേയം പാസാക്കാനായത്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനോടൊപ്പം ചേരുന്നതിനെപ്പറ്റിയായിരുന്നു പ്രധാന ചര്‍ച്ച. ഇന്നു വൈകുന്നേരത്തോടെ പ്രമേയം പാസാവുമെന്ന് നേരത്തെ പി.ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞിരുന്നുവെങ്കിലും രാത്രിയോടെയാണ് പാസാക്കാനായത്. കോണ്‍ഗ്രസ് ബന്ധത്തില്‍ ചര്‍ച്ച നീണ്ടു പോയതിനാലാണിത്.

രണ്ടു ഖണ്ഡികകളിലാണ് ഭേദഗതി വരുത്തിയത്. 115-ാം ഭാഗത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ വേണ്ടെന്ന നിര്‍ദേശമാണ് മാറ്റിയത്. ‘സഖ്യമോ ധാരണയോ’ എന്നതിനു പകരം ‘രാഷ്ട്രീയ സഖ്യം’ വേണ്ട എന്നാക്കിയാണ് മാറ്റിയത്. ഈ സുപ്രധാന മാറ്റം വന്നതോടെയാണ് വോട്ടെടുപ്പില്ലാതെ രാഷ്ട്രീയപ്രമേയം പാസാക്കാനായത്.

പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസുമായി യോജിച്ച നിലപാട് കൈക്കൊള്ളാമെന്നും ഇതിനു താഴെയായി ചേര്‍ത്തിട്ടുണ്ട്. ഇതു തന്നെയായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആവശ്യം. മാറ്റം വിജയമാണെന്ന് യെച്ചൂരിയെ പിന്തുണയ്ക്കുന്നവരും തെരഞ്ഞെടുപ്പ് സഖ്യത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കാരാട്ട് പക്ഷവും ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിലാവാമെന്നു നിലപാടെടുത്ത യെച്ചൂരിക്കൊപ്പമായിരുന്നു പശ്ചിമബംഗാള്‍ അടക്കമുള്ള 11 സംസ്ഥാനങ്ങള്‍.

Exit mobile version