Pravasimalayaly

വ്യാജവിലാസത്തില്‍ നൂറ് കണക്കിന് വായ്പകള്‍; അയ്യന്തോളില്‍ കരുവന്നൂരിലേതിനെക്കാള്‍ വലിയ തട്ടിപ്പെന്ന് അനില്‍ അക്കര

തൃശൂര്‍: അയ്യന്തോള്‍ സര്‍വീസ് ബാങ്കിലേത് കരുവന്നൂര്‍ സഹകരണബാങ്കിലേതിനെക്കാള്‍ വലിയ തട്ടിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ബാങ്ക് ജീവനക്കാരാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. പി സുധാകരന്‍, സുനന്ദാഭായി എന്നീ ജീവനക്കാരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞു.

കോലഴിയിലെ മാഫിയയാണ് അയ്യന്തോളിലെ ബാങ്ക് കൊള്ളയ്ക്ക് പിന്നില്‍. പിനാക്കള്‍ ഫ്‌ലാറ്റിന്റെ വിലാസത്തില്‍ നൂറുകണക്കിന് ലോണാണ് ചട്ടങ്ങള്‍ പാലിക്കാതെ സഹകരണബാങ്ക് അനുവദിച്ചിട്ടുള്ളത്, എന്നാല്‍ ഈട് നല്‍കിയിട്ടുള്ള ആധാരം ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കു പുറത്തുള്ളതാണെന്നും അനില്‍ അക്കര പറഞ്ഞു, റിട്ടേയഡ് അധ്യാപികയുടെയും തഹസില്‍ദാരുടെയും പേരില്‍ വരെ വ്യാജ വായ്പ എടുത്തു. ഇത്തരത്തില്‍ നിരവധി ആളുകളാണ് തട്ടിപ്പിന് ഇരയായിട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു.

ചിറ്റിലപിള്ളി വില്ലേജിലെ ഒരു റിട്ടയര്‍ അധ്യാപികയ്ക്ക് അമലനഗര്‍ ജില്ലാ ബാങ്കിലുണ്ടായിരുന്ന അവരുടെ ലോണ്‍ ഈ തട്ടിപ്പ് സംഘം അടയ്ക്കുകയും തുടര്‍ന്ന് കുടുംബത്തിലെ മൂന്ന് ആളുകളുടെ പേരില്‍ അയ്യന്തോള്‍ ബാങ്കില്‍നിന്ന് 25ലക്ഷം വീതം 75ലക്ഷം ലോണ്‍ എടുക്കുകയും ചെയ്തു. അതില്‍നിന്ന് 15ലക്ഷം ഈ കുടുംബത്തിനും 10ലക്ഷം ജില്ലാ ബാങ്കില്‍ അടച്ച തുകയിലേക്കും കഴിച്ച് ബാക്കി സംഖ്യ 50ലക്ഷം പ്രതികള്‍ തട്ടിയെടുക്കുകയുമായിരുന്നു. ഇപ്പോള്‍ ഇവര്‍ക്ക് 150ലക്ഷം രൂപ അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്നാണ് ബാങ്ക് നോട്ടീസ് അയച്ചിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്ക് ലോണ്‍ അനുവദിച്ചിട്ടുള്ളത് ഒളരി വിലാസത്തിലാണ്, ഇവര്‍ക്ക് അങ്ങിനെ ഒരു വിലാസവും ഇല്ല, ബാങ്ക് ഭരണസമിതിയും ഈ സഹകരണകൊള്ള മാഫിയയും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു.

Exit mobile version