Pravasimalayaly

ശക്തമായ നേതൃത്വവും ജനപങ്കാളിത്തവും ഉറപ്പ് വരുത്തി എക്സിറ്റർ കേരള കമ്മ്യൂണിറ്റി

എക്സിറ്റർ : 1993 ഏപ്രിൽ 11 ന് പുറത്തിറങ്ങിയ ‘വാത്സല്യം’ എന്ന ചിത്രം മലയാളിയുടെ നെഞ്ചിലെ നീറുന്ന ഓർമ്മയാണ്. തന്റെ തൂലിക സ്പർശം കൊണ്ട് മലയാളിയുടെ പച്ചയായ ജീവിതം വരച്ച് കാണിച്ച് അവരുടെ ഉള്ളം നിറച്ച് ലോഹിതദാസും വില്ലനും കോമേഡിയനും സംവിധായകനും നിമ്മാതാവും ആയി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിയ കൊച്ചിൻ ഹനീഫയും ചേർന്നൊരുക്കിയ വാത്സല്യത്തിലെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ജീവിച്ചു കാണിച്ച മേലേടത്ത് രാഘവൻ നായർ മലയാള അഭ്രപാളിയിലെ മറക്കാനാവാത്ത എണ്ണം പറഞ്ഞ കഥാപാത്രം തന്നെ.

ബഹുഭൂരിപക്ഷം വരുന്ന എക്സിറ്റർ മലയാളികൾ ഇന്ന് രാഘവൻ നായരുടെ റോൾ ജീവിച്ചു തീർക്കുകയാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ഇല്ല. 2006 ൽ രൂപീകൃതമായ എക്സിറ്റർ മലയാളി അസോസിയേഷൻ (ഇമ) അംഗങ്ങളുടെ തനത് സംസ്ക്കാര ആചാരങ്ങളും കാത്ത് സൂക്ഷിക്കുന്നതിലും അവരെ പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും സഹകരണത്തിലും ജനാധിപത്യ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിലും ഏതൊരു പ്രവാസി സംഘടനയ്ക്കും മാതൃക തന്നെയായിരുന്നു.

എന്നാൽ 2018-20 കാലഘട്ടത്തിൽ അധികാരത്തിൽ വന്ന ഇമ നേതൃത്വം സംഘടനയുടെ പാരമ്പര്യത്തിൽ നിന്നും മാറി നഗ്‌നമായ ജനാധിപത്യ വിരുദ്ധതയും ഏകാധിപത്യ രീതിയുമായി മുന്നോട്ട് പോകുകയും അതിനെ പരസ്യമായി എതിർത്ത ആറു പേർക്കെതിരെ സസ്‌പെൻഷൻ തുടങ്ങിയ ശിക്ഷാനടപടിയിലേയ്ക്ക് കടക്കുകയാണ് ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ച് ഇമ എന്ന സംഘടന സ്‌ഥാപിക്കുന്നതിലും അതിനേ വളരെ കാലം നയിക്കുകയും ചെയ്ത ആത്മാഭിമാനവും സംഘടന ബോധവും ഉള്ള ജനാധിപത്യ വിശ്വാസികളായ മേലേടത്ത് രാഘവൻ നായർ മാർ ചേർന്ന് ഈ മാസം ഒന്നാം തീയതി ഷിബു വഞ്ചീപുരയുടെ ഭവനത്തിൽ ചേർന്ന് എക്സിറ്റർ കേരള കമ്മ്യൂണിറ്റിയ്ക്ക് (ഈ കെ സി ) രൂപം നൽകി.

എക്സിറ്റർ മലയാളിയുടെ മാന്യതയുടെയും സൗമ്യതയുടെയും ആദർശത്തിന്റെയും മുഖമായ അവരുടെ പ്രിയപ്പെട്ട ബൈജു ചേട്ടൻ (കുര്യൻ ചാക്കോ) ചെയർമാൻ ആയി പുതിയ സംഘടന നിലവിൽ വന്നതിനാൽ എക്സിറ്റർ മലയാളി സമൂഹത്തിൽ ഐക്യവും സമാധാനവും നിലനിൽക്കും എന്ന് ഉറപ്പിക്കാം.
ഇമയുടെ സ്‌ഥാപനത്തിൽ നേതൃത്വം നൽകുകയും സംഘടനയുടെ വളർച്ചയിൽ അഭിമാനകരമായ സഹായ സഹകരണങ്ങൾ നൽകിയ രാജേഷ് ജി നായർ പ്രസിഡന്റ്‌ ആയി എത്തുമ്പോൾ ഈ കെ സി ശക്തമായി മുൻപോട്ട് പോകുക തന്നെ ചെയ്യും.

ജോമോൻ തോമസ് (സെക്രട്ടറി) സെബാസ്റ്റ്യൻ സ്കറിയ, ബിനോയ്‌ പോൾ തുടങ്ങിയ യുവനിരയുടെ സംഘടനയ്ക്ക് ഊർജ്ജസ്വലത നൽകും എന്നത് അഭിമാനകരമായ കാര്യം തന്നെ.

എക്സിറ്റർ മലയാളിയുടെ എന്താവശ്യത്തിനും ഏറ്റവും ആദ്യം ഓടിയെത്തുന്ന സമൂഹത്തിൽ പകരം വെക്കാനില്ലാത്ത അവരുടെ സ്വന്തം ഹാന്റിമാനായ ജിന്നി തോമസിന്റെ കരങ്ങളിൽ ഈ കെ സി യുടെ ഖജനാവ് ഭദ്രം എന്ന് നിസംശയം പറയാം.

ഷൈനി പോൾ (വൈസ് പ്രസിഡന്റ്‌) അമൃത ജെയിംസ്, രഹന പോൾ എന്നിവർ വനിതകളുടെ ശക്തമായ സാന്നിധ്യമാകുമ്പോൾ ഷിബു സേവ്യറിനൊപ്പം ജിത ജോളി, അലീന പോൾ പാലാട്ടി, അമൃത ദിലീപ് എന്നിവർ കൂടി ചേരുമ്പോൾ കലാ-കായിക മേഖലയിൽ ശക്തമായ മുന്നേറ്റം നടത്തുവാൻ കഴിയും.

കൂടാതെ സംഘടന പ്രവർത്തനത്തിൽ പരിണിത പ്രജ്ഞരും ഇമയുടെ വളർച്ചയിൽ വളരെയേറെ സംഭാവനകൾ നൽകിയിട്ടുള്ള പൊന്നച്ചായനും (മാത്യു കൊച്ചുമ്മൻ) ദിലീപ് കുമാറും പീറ്റർ ജോസഫും ഒന്നിക്കുമ്പോൾ സംഘടന കെട്ടുറപ്പോടെ ഭദ്രമായി മുൻപോട്ട് പോകും എന്ന് തന്നെ പ്രതീക്ഷിക്കാം

അങ്ങനെ ശക്തമായ നേതൃത്വത്തിൽ എക്സിറ്ററിലെ മഹാഭൂരിപക്ഷം വരുന്ന മലയാളി സമൂഹം ഈ കെ സി യുമായി മുൻപോട്ട് പോകുമ്പോൾ ഇമയുടെ സ്‌ഥാപക ചെയർമാൻ പോൾ പാലാട്ടിയ്ക്കും അദ്ദേഹത്തോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ബ്രദർ തോമസ് സാജ്, അരുൺ പോൾ തുടങ്ങി പലരുടെയും മനസ്സിൽ മേലേടത്ത് രാഘവൻ നായരുടെ തേങ്ങലും നിശ്ചയ ദാർഢ്യവുമാണ്.

” വേണ്ട മോനെ, ഇനി ഒരു മടക്കമില്ല.. പറ്റിപ്പിടിച്ചു നിന്നു.. പറിച്ചെടുത്തതുപോലെയാണ് പോന്നത്.. ഇനി വേണ്ട.. ചേട്ടനത് ഉപേക്ഷിച്ചു കഴിഞ്ഞു.. ഇവിടെയും അതുപോലെയൊക്കെ ഉണ്ടാക്കണം.. ഉണ്ടാവും..

വിൽസൺ പുന്നോലിൽ

Exit mobile version