ഒന്നാം ക്ലാസ് കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുത്ത് ഒറ്റദിവസം കൊണ്ട് മലയാളികൾക്ക് ഇടയിൽ താരമായ സായി ശ്വേത ടീച്ചർക്ക് പക്ഷെ ഇതുവരെ ജോലിയിൽ അംഗീകാരവും ശമ്പളവും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ ടീച്ചർ തന്നെ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
അംഗീകാരം കാത്തിരിക്കുന്ന അനേകം എയ്ഡഡ് സ്കൂൾ അധ്യപകരിൽ ഒരാളാണ് സായി ശ്വേത. അവർ തന്നെ ഏപ്രിൽ 29 ന് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. പ്രൊഫൈൽ വൈറലായതിനിടെ സോഷ്യൽമീഡിയ ഇക്കാര്യവും ചർച്ച ചെയ്യുകയാണ്.
തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും എന്നാൽ നൃത്തം പഠിപ്പിച്ച് തനിക്ക് ലഭിച്ച തുക മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നുവെന്നും ടീച്ചർ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ടീച്ചറെ സോഷ്യൽ മീഡിയയിൽ ട്രോളുന്നവർ ഇതുകൂടി അറിയണമെന്നും ടീച്ചറെ അഭിനന്ദിച്ചുവരുന്ന കമന്റുകളിൽ ആളുകൾ വ്യക്തമാക്കുന്നു.
ടീച്ചർ ഏപ്രിൽ 29ന് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ: അഭിമാനത്തോടെ പറയട്ടെ, ഞാനും അദ്ധ്യാപികയാണ്. എയ്ഡഡ് സ്കൂളിൽ അംഗീകാരം കാത്തിരിക്കുന്നു. ശമ്പളം എന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷയിൽ. എങ്കിലും ഈ മഹാമാരി യുടെ സാഹചര്യത്തിൽ ഞാൻ നൃത്തം പഠിപ്പിച്ചു സ്വരൂപിച്ച തുക ഞാനും സർക്കാരിലേക്കു നൽകുന്നു.. പൂർണ്ണമനസ്സോടെ.. സായി ശ്വേത ദിലീ.
ശ്വേത ടീച്ചറുടെ സ്വദേശം കോഴിക്കോടാണ്. ഭർത്താവ് ദിലീപ് ഗൾഫിലാണ്. ഇപ്പോൾ ചോമ്പാലയിലെ സബ് ജില്ലയിലെ എൽപി സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ വർഷമാണ് അധ്യാപികയായി ജീവിതം തുടങ്ങുന്നത്. കഴിഞ്ഞ തവണ രണ്ടാം ക്ലാസ് കുട്ടികളെയായിരുന്നു പഠിപ്പിച്ചിരുന്നത്. ഇത്തവണ ഒന്നാം ക്ലാസിന് ഓൺലൈനായി ക്ലാസെടുക്കാൻ അവസരം ലഭിക്കുകയായിരുന്നു