Pravasimalayaly

ശമ്പള വർധനവിൽ ആരോഗ്യപ്രവർത്തകരെ ഒഴിവാക്കി ബ്രിട്ടീഷ് സർക്കാർ : പ്രതിഷേധം ശക്തമാവുന്നു

ലണ്ടൻ

രാജ്യത്തെ പൊതുമേഖയിൽ ജോലി ചെയ്യുന്ന വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ബ്രിട്ടീഷ് സർക്കാർ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 പോരാളിലേക്ക് രാജ്യം നൽകുന്ന ആദരം എന്ന നിലയിൽ പ്രഖ്യാപിച്ച ഈ ശമ്പള വർധനവിൽ നിന്ന് നേഴ്സ്മാരെയും ജൂനിയർ ഡോക്ടർമാരെയും കെയർ ടേക്കഴ്സിനെയുമാണ് ഒഴിവാക്കിയത്. കോവിഡ് 19 മഹാമാരിയിൽ നിന്നും ബ്രിട്ടനെ സാധാരണ നിലയിലേയ്ക്ക് എത്തിച്ച ആരോഗ്യപ്രവർത്തകരെ പരിഗണിയ്ക്കാത്ത ഈ നടപടിയിൽ രാജ്യത്ത് പ്രതിഷേധം ശക്തമാണ്.

2018 ൽ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിന്റെ കാലാവധി ഇപ്പോളും തുടരുന്നതിനാലാണ് പുതിയ ശമ്പള വർധനവിൽ ഉൾപ്പെടുത്താഞ്ഞതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ മുന്നൂറിലധികം ആരോഗ്യ പ്രവർത്തകരാണ് മരണത്തിന് കീഴടങ്ങിയത്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷ സംവിധാനം നൽകുവാൻ പോലും ബ്രിട്ടീഷ് സർക്കാർ തയാറാവാതിരുന്നത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. വീണ്ടും ആരോഗ്യ പ്രവർത്തകരെ അവഗണിയ്ക്കുന്ന ഈ സർക്കാർ നടപടിയ്ക്ക് എതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് നേഴ്സ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.

അധ്യാപകർക്ക് 3.1 ശതമാനം ശമ്പള വർദ്ധനവ് ഉണ്ടാവും. ഡോക്ടർമാർക്കും ഡെൻ്റിസ്റ്റുകൾക്കും 2.8 ശതമാനം വർദ്ധനവ് ലഭിക്കും. പോലീസ്, പ്രിസൺ ഓഫീസർമാർ, നാഷണൽ ക്രൈം ഏജൻസി സ്റ്റാഫ് എന്നിവർക്ക് 2.5 ശതമാനം കൂടുതൽ സാലറി നൽകും. ആംഡ് ഫോഴ്സുകളിലെ മെമ്പർമാർ, ജുഡീഷ്യറി, സീനിയർ സിവിൽ സെർവൻ്റുകൾ എന്നിവർക്ക് രണ്ടു ശതമാനം ശമ്പളം വർദ്ധിക്കും.
കോവിഡിനെ പ്രതിരോധിക്കാൻ മുൻനിരയിൽ ജോലി ചെയ്ത മിക്കവാറും വിഭാഗങ്ങളെ ശമ്പള വർദ്ധനയിൽ ചാൻസലർ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആരോഗ്യപ്രവർത്തകരെ ഒഴിവാക്കിയ നടപടി അത്യന്തം പ്രതിഷേധാർഹമാണ്

Exit mobile version