Pravasimalayaly

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ചെന്നിത്തലയുടെ ഏകദിന ഉപവാസം ആരംഭിച്ചു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഏകദിന ഉപവാസം ആരംഭിച്ചു. എറണാകുളം മറൈന്‍ ഡ്രൈവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് ചെന്നിത്തല പറഞ്ഞു. പൊലീസിനുമേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിന് തെളിവാണ് കസ്റ്റഡിമരണം. എസ്.പി എ.വി ജോര്‍ജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു.

ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടക്കും.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. അതേസമയം കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. വരാപ്പുഴ എഎസ്‌ഐ അടക്കമുളളവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

ശ്രീജിത്തിന്റെ ശരീരത്തിലെ ചതവുകള്‍ സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും ഇന്ന് ലഭിക്കും. മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് കൊച്ചിയില്‍ നടത്തുന്ന സിറ്റിങ്ങില്‍ ശ്രീജിത്ത് കേസ് പരിഗണിക്കും.

Exit mobile version