ശ്രീജിത്തിന്റെ കസ്റ്റഡി മരണം, മുന്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യും: അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്ന് സൂചന

0
35

കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ അന്നത്തെ ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനെ ചോദ്യം ചെയ്യും. എസ്പിയെ ചോദ്യം ചെയ്യലിന് വിധേയനാക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു. സിഐ ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ വി ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. ഗണേശന്‍ എന്നയാള്‍ പ്രതികളെ കാണിച്ചുതരുമെന്ന് സിഐ വ്യക്തമാക്കിയിരുന്നതായി റൂറല്‍ എസ്പിയുടെ ടൈഗര്‍ഫോഴ്സ് അംഗങ്ങളായിരുന്ന പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം കസ്റ്റഡി മരണത്തില്‍ ഇന്നലെ അറസ്റ്റിലായ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ രകല്‍ തുറന്ന കോടതിയില്‍ ഹാജരാക്കുമോ, വൈകീട്ട് മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമായി ഹാജരാക്കുമോ എന്ന കാര്യം വ്യക്തമല്ല. സിഐ ക്രിസ്പിന്‍ സാമിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല. കോടതിയില്‍ തെറ്റായ രേഖകള്‍ സമര്‍പ്പിച്ച് തെറ്റിദ്ധരിപ്പിച്ചു, അന്യായമായി തടങ്കലില്‍ വെച്ചു എന്നീ കുറ്റങ്ങളാണ് സിഐയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കസ്റ്റഡി മരണക്കേസില്‍ സിപിഎം ഇരയ്ക്കൊപ്പമാണെന്നും, എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ അന്വേഷണം ഉന്നതരിലേക്കും നീങ്ങുന്നത്. സിഐ ക്രിസ്പിന്‍ സാമിന് പുറമെ, വരാപ്പുഴ എസ്ഐ ദീപക്ക്, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തിരുന്നു.

Leave a Reply