Pravasimalayaly

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം, കൊലക്കുറ്റത്തില്‍ സിഐയ്ക്ക് പങ്കില്ലെന്ന് അന്വേഷണസംഘം

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം . പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യവുമാണ് ഉപാധികള്‍.

അന്യായമായി തടങ്കലില്‍ വെച്ചു, തെറ്റായ രേഖ കോടതിയില്‍ സമര്‍പ്പിച്ചു എന്നീ വകുപ്പുകള്‍ക്ക് പുറമേ  സിഐയ്‌ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താനുള്ള കുറ്റം കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി.

അന്വേഷണ സംഘത്തിന് സിഐയെ കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കോടതി സമയം അനുവദിച്ചു.

അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി, തെളിവുനശിപ്പിക്കല്‍ എന്നിവയാണ് സിഐ ക്രിസ്പിനെതിരായ കുറ്റങ്ങള്‍. ആലുവ പൊലീസ് ക്ലബിള്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷമായിരുന്നു അറസ്റ്റ്.   കസ്റ്റഡിമരണം നടന്ന വരാപ്പുഴ സ്റ്റേഷന്‍ ചുമതല ക്രിസ്പിന്‍ സാമിനായിരുന്നു.

സി.ഐ ക്രിസ്പിന്‍ സാമിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെന്നാണ് വിവരം. ശ്രീജിത്തിനെ  കസ്റ്റഡിയില്‍ മര്‍ദിച്ചവരില്‍ സിഐ ഇല്ല എന്നതാണ് കാരണം. സിഐക്കെതിരെ നിലവിലുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ്. എങ്കിലും പ്രത്യേക അന്വേഷണസംഘം ജാമ്യം നല്‍കില്ല.

ഐ.ജിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം ക്രിസ്പിനെ ചോദ്യംചെയ്തത്.  കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചു, രേഖകളില്‍ തിരിമറി നടത്താന്‍ കൂട്ടുനിന്നു എന്നീ കുറ്റങ്ങളാണ് സിഐ ക്രിസ്പിന്‍ സാമിനെതിരെ പ്രധാനമായും ചുമത്തിയത്.

Exit mobile version