Pravasimalayaly

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി, കേസില്‍ ഉള്‍പ്പെട്ട പൊലീസുക്കാര്‍ക്കെതിരെ ശക്തമായ നടപടി:ഇടത് സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമെന്ന് കോടിയേരി

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലി ലഭിക്കാനുളള ഇടപെടല്‍ പാര്‍ട്ടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ ഉള്‍പ്പെട്ട പൊലീസുക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇടത് സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമെന്നും കോടിയേരി പറഞ്ഞു. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കവെയാണ് കോടിയേരി മാധ്യമങ്ങളോട് സംസാരിച്ചത്.

ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് ബോധപൂര്‍വമല്ല. ശ്രീജിത്തിന്റെ മരണ ശേഷമുളള സ്ഥിതി കൂടുതല്‍ രൂക്ഷമാകാതിരിക്കാനാണ് മന്ത്രിമാര്‍ വീട് സന്ദര്‍ശിക്കാതിരുന്നത് എന്നും കോടിയേരി പറഞ്ഞു. ഇടത് മുന്നണിയുടെ പ്രവര്‍ത്തനം ജനം വിലയിരുത്തട്ടെ. ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനം ഒറ്റപ്പെട്ടത്. സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം എന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എറണാകുളത്തുണ്ടായിരുന്നെങ്കിലും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നില്ല. ഇതില്‍ ശ്രീജിത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്. അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതിരോധത്തിലായ സിപിഎം ഇന്ന് വരാപ്പുഴയില്‍ വിശദീകരണ യോഗം നടത്തും. കസ്റ്റഡി കൊലപാതകത്തില്‍ ആരോപണ നിഴലിലായ സിപിഎം ജില്ലാ സെക്രട്ടറിയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

Exit mobile version