ഷാര്‍ജയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി വീടിന്റെ തറയ്ക്കുള്ളില്‍ കുഴിച്ചിട്ടു

0
48

ഷാര്‍ജ: യുഎഇയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറയില്‍ ഒളിപ്പിച്ചു. ഷാര്‍ജയിലെ വീട്ടില്‍നിന്നാണ് ഇവരുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്പായിരുന്നു കൊലപാതകമെന്നാണു സൂചന. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വീടിന്റെ തറയ്ക്കടിയില്‍ ഒളിപ്പിച്ച മൃതദേഹം പോലീസ് നായകളെ ഉപയോഗിച്ചാണ് കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് ഇവരെ കൊലപ്പെടുത്തി മൃതദേഹം തറയില്‍ ഒളിപ്പിച്ചതായിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്ക് ശേഷം ഇയാള്‍ കേരളത്തിലേക്കു കടന്നതായി പോലീസ് സ്ഥിരീകരിച്ചു. വീടിന്റെ മുന്‍വശത്ത് വീട് വാടകയ്ക്കു നല്‍കും എന്ന ബോര്‍ഡ് തൂക്കിയശേഷമാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങിയത്

കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്‍ എല്ലാ ദിവസവും കൊല്ലപ്പെട്ട യുവതിയുമായി സംസാരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുവതി ഫോണ്‍ വിളികള്‍ക്കു പ്രതികരിക്കാതായതോടെ ഇയാള്‍ കേരളത്തില്‍നിന്നു ഷാര്‍ജയിലെത്തിയാണു പരാതി നല്‍കിയത്.

യുവതിയുടെ ഭര്‍ത്താവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ഷാര്‍ജ പോലീസ് അറിയിച്ചു. സംശയത്തിന്റെ നിഴലില്‍നില്‍ക്കുന്ന മലയാളിക്ക് മറ്റൊരു ഭാര്യകൂടിയുണ്ട്. കൊലപാതകത്തിനു മുന്പുതന്നെ ഇയാള്‍ ഈ സ്ത്രീയെയും രണ്ടു കുട്ടികളെയും കേരളത്തിലേക്ക് അയച്ചിരുന്നതായാണു പോലീസിനു ലഭിച്ചിരിക്കുന്ന സൂചന.

Leave a Reply